കുടുംബങ്ങളുടെ പ്രിയപ്പെട്ട ഇവി; ഏഥറിനെ മുന്നില്‍ നിന്ന് നയിച്ച് റിസ്റ്റ, നാഴികക്കല്ല് പിന്നിട്ട് വില്‍പ്പന
ഏഥര്‍ എനര്‍ജിയുടെ വില്‍പ്പനയുടെ 76 ശതമാനവും റിസ്റ്റയാണ്

- Published:
15 May 2026 5:25 PM IST

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡാണ് ഏഥര്‍. 2016ല്‍ നിരത്തുകളിലിറങ്ങിയ ഏഥറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഒല പോലെയുള്ള ബ്രാന്‍ഡുകള്‍ അതിവേഗം ഓടി പിന്നീട് കിതച്ച് വഴിയില്‍ വീണെങ്കിലും ഏഥര്‍ ഇന്ത്യക്കാരുടെ വിശ്വാസം നേടി എന്നും ഒപ്പമുണ്ടായിരുന്നു.
2024ല്‍ ഏഥര്‍ അവതരിപ്പിച്ച ഫാമിലി സ്‌കൂട്ടറായ റിസ്റ്റ രണ്ട് വര്‍ഷത്തിനിപ്പുറം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്‌കൂട്ടറായി മാറിയിരിക്കുകയാണ്. മൂന്ന് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച റിസ്റ്റയുടെ കരുത്തിലാണ് ഇവി മേഖലയില്‍ ഏഥര്‍ കുതിക്കുന്നത്.
ആദ്യ 11 മാസത്തില്‍ റിസ്റ്റ ഒരുലക്ഷം യൂണിറ്റുകള്‍ വിറ്റിരുന്നു. അടുത്ത 12 മാസത്തില്‍ രണ്ട് ലക്ഷം റിസ്റ്റ സ്‌കൂട്ടറുകളാണ് വിറ്റത്. 2025 ഡിസംബറിലായിരുന്നു വില്‍പ്പന രണ്ട് ലക്ഷം കടന്നത്. അടുത്ത ഒരു ലക്ഷം വില്‍പ്പനക്ക് വെറും ആറ് മാസം മാത്രമാണെടുത്തത്. നിലവില്‍ ഏഥര്‍ എനര്‍ജിയുടെ വില്‍പ്പനയുടെ 76 ശതമാനവും റിസ്റ്റയാണ്.
വിശ്വാസ്യതയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന വിശേഷണം നിലനിര്‍ത്തിക്കൊണ്ടാണ് റിസ്റ്റയുടെയും കുതിപ്പ്. ഏഥര്‍ 450 മോഡലില്‍ നിന്ന് വ്യത്യസ്തമായാണ് ഡിസൈന്‍. ഏയറോ ഡൈനാമിക് ശേഷി ഉയര്‍ത്തുന്നതിനായി കൂര്‍ത്ത ഡിസൈനായിരുന്നു മുന്‍ മോഡലുകളില്‍ നല്‍കിയിരുന്നതെങ്കില്‍ റിസ്റ്റ അല്‍പ്പം വീതിയുള്ള വാഹനമാണ്. വീതിയേറിയ ഏപ്രണ്‍, പൂര്‍ണമായും എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്ലൈറ്റും ഇന്റിക്കേറ്ററുകളും ഒറ്റ സ്ട്രിപ്പില്‍ നല്‍കിയിരിക്കുന്നു. അലോയ് വീലുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എല്‍.ഇ.ഡിയില്‍ തന്നെ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പ്, ബെല്‍റ്റ് കവര്‍, ഗ്രാഫിക്സുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്ന വശങ്ങള്‍ എന്നിവയാണ് ഈ സ്‌കൂട്ടറിന് കാഴ്ചയില്‍ അഴകേകുന്നത്.
വിശാലമായ സീറ്റ്, ഉയര്‍ന്ന സ്റ്റോറേജ് സ്പേസ് എന്നിവ റിസ്റ്റയെ കുടുംബങ്ങളുടെ ഇഷ്ട സ്‌കൂട്ടറാക്കി. സീറ്റിനടിയില്‍ 34 ലിറ്ററിന്റെ സ്‌റ്റോറേജുണ്ട്. ഫ്ളോര്‍ ബോര്‍ഡില്‍ 22 ലിറ്ററിന്റെയും സ്റ്റോറേജാണ് നല്‍കിയത്. ഏഴ് ഇഞ്ച് വലിപ്പത്തിലുള്ള കളര്‍ ടിഎഫ്ടി ഡാഷ്ബോര്‍ഡാണ് റിസ്റ്റയിലുള്ളത്. റിസ്റ്റ എസ്, ഇസെഡ് മോഡലുകള്‍ വിപണിയിലുണ്ട്. 123 കി.മീ, 159 കി.മീ എന്നിങ്ങനെയാണ് ഐഡിസി റേഞ്ച്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗം. മാജിക് ട്വിസ്റ്റ്, റിവേഴ്‌സ് മോഡ്, ഓട്ടോ ഹോള്‍ഡ്, സ്‌കിഡ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളുമുണ്ട്.
2.7kWh, 2.9kWh, 3.7kWh എന്നീ ബാറ്ററികളില്‍ റിസ്റ്റ ലഭിക്കും. ബാറ്ററി നാലര മണിക്കൂര്‍ കൊണ്ട് 80 ശതമാനം ചാര്‍ജാകും. ഏഥര്‍ ഗ്രിഡില്‍ 10 മിനിറ്റില്‍ 30 ശതമാനം ചാര്‍ജ് നിറയ്ക്കാം. 1.17 ലക്ഷം മുതലാണ് റിസ്റ്റയുടെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.
Adjust Story Font
16
