റിസർവ് ചെയ്ത ബർത്ത് റെയിൽവേ ഉദ്യോഗസ്ഥർ കയ്യടക്കി; മണിക്കൂറുകൾ നിന്ന് യാത്ര ചെയ്ത നാലു പേർക്ക് നഷ്ടപരിഹാരം നൽകാൻ വിധി
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് 20,000 രൂപ നഷ്ടപരിഹാരമായി നൽകണം.കോടതി ചെലവിലേക്ക് 15,000 രൂപയും റെയിൽവേ നൽകേണ്ടതുണ്ട്

- Published:
29 May 2026 8:12 PM IST

ന്യുഡൽഹി: റിസർവ് ചെയ്ത ബർത്ത് റെയിൽവേ ഉദ്യോഗസ്ഥർ കയ്യടിക്കിയതോടെ മണിക്കൂറുകൾ നരകയാത്ര നടത്തേണ്ടിവന്ന നാല് പേർക്ക് അനുകൂല വിധിയുമായി ഉപഭോക്തൃ കോടതി. ബിഹാറിലെ ഭോജ്പൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് നിർണായക ഉത്തരവ്.
ഉത്തർപ്രദേശിലെ വിന്ധ്യാചലിൽ (മിർസാപൂർ) നിന്നും ബിഹാറിലെ ആരയിലേക്ക് എൽടിടി പട്‌ന എക്‌സ്പ്രസ്സിൽ യാത്ര ചെയ്ത നാല് പേരാണ് പരാതിക്കാർ. തങ്ങൾക്ക് അനുവദിച്ച കൺഫേംഡ് ബെർത്തുകളിൽ റെയിൽവേ ജീവനക്കാർ തന്നെ കൈയടക്കി വെച്ചിരിക്കുന്നതായാണ് യാത്രക്കാർ കണ്ടത്. തങ്ങളുടെ സീറ്റുകൾ ഒഴിഞ്ഞുതരണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല. തുടർന്ന് റെയിൽവേ ഹെൽപ്പ്ലൈൻ വഴിയും റെയിൽവേ സേവ, റെയിൽ മന്ത്രാലയം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും യാത്രക്കാർ പരാതി നൽകി.
മൊബൈലിൽ പരാതി രജിസ്റ്റർ ചെയ്തുകൊണ്ടുള്ള എസ്എംഎസ് സന്ദേശം ലഭിച്ചതല്ലാതെ യാത്രയിലുടനീളം റെയിൽവേയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. ബുക്‌സർ സ്റ്റേഷനിൽ വെച്ച് ടിടിഇ വന്നപ്പോൾ ഈ വിഷയം വീണ്ടും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, ട്രെയിനിൽ തിരക്കാണെന്നും എങ്ങനെയെങ്കിലും 'അഡ്ജസ്റ്റ് ചെയ്ത്' പോകാനുമായിരുന്നു ടിടിഇയുടെ മറുപടി.
റെയിൽവേയുടെ ഈ അനാസ്ഥ മൂലം യാത്രക്കാർ വലിയ തോതിലുള്ള 'മാനസികവും ശാരീരികവും സാമ്പത്തികവുമായ പീഡനം' ഉണ്ടായതായി ഉപഭോക്തൃ കോടതി പറഞ്ഞു. ടിക്കറ്റ് ബുക്കിംഗ് തുകയായ 1,876.80 രൂപ 8% വാർഷിക പലിശയോടെ നോർത്ത് റെയിൽവേയും റെയിൽവേ മന്ത്രാലയവും ചേർന്ന് യാത്രക്കാർക്ക് നൽകണം. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് 20,000 രൂപ നഷ്ടപരിഹാരമായി നൽകണം.കോടതി ചെലവിലേക്ക് 15,000 രൂപയും റെയിൽവേ നൽകേണ്ടതുണ്ട്. ഉത്തരവ് വന്ന് 60 ദിവസത്തിനകം തുക നൽകണമെന്നും നിർദേശമുണ്ട്.
Adjust Story Font
16
