Quantcast

ഇലക്ട്രിക് വാഹനങ്ങൾ മഴയത്തും ഇടിമിന്നലുള്ളപ്പോഴും ചാർജ് ചെയ്യാമോ?; സുരക്ഷിതമായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴയത്ത് ചാർജ് ചെയ്യുന്നത് സാങ്കേതികമായി സുരക്ഷിതമാണെങ്കിലും കനത്ത ഇടിമിന്നലുള്ള സാഹചര്യങ്ങളിൽ ചില മുൻകരുതലുകൾ എടുക്കുന്നത് ഉചിതമാണെന്ന് വിദ​ഗ്ധർ പറയുന്നു

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-05-10 05:32:44.0

Published:

10 May 2026 10:59 AM IST

ഇലക്ട്രിക് വാഹനങ്ങൾ മഴയത്തും ഇടിമിന്നലുള്ളപ്പോഴും ചാർജ് ചെയ്യാമോ?; സുരക്ഷിതമായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
X

പെട്രോൾ, ഡീസൽ വിലവർധനവും കുറഞ്ഞ മെയിന്റനൻസ് ചെലവും കാരണം മലയാളികൾക്കിടയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുകയാണ്. എന്നാൽ, മഴക്കാലം എത്തുന്നതോടെ ഇലക്ട്രിക് വാഹന ഉടമകളുടെ പ്രധാന ആശങ്കയാണ് കനത്ത മഴയത്തും ഇടിമിന്നലുള്ളപ്പോഴും വാഹനം ചാർജ് ചെയ്യുന്നത് സുരക്ഷിതമാണോ എന്നത്.

മഴയത്ത് ചാർജ് ചെയ്യുന്നത് സുരക്ഷിതമാണോ?

വാഹന നിർമാതാക്കളും വിദഗ്ധരും നൽകുന്ന വിവരമനുസരിച്ച്, മഴയത്ത് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് വലിയ അപകടഭീഷണിയുള്ള കാര്യമല്ല. ഇതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്:

  • വാട്ടർപ്രൂഫ് സംവിധാനം: ഇലക്ട്രിക് വാഹനങ്ങളിലെ ചാർജിങ് പോർട്ടുകളും ചാർജിങ് കേബിളുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള വാട്ടർപ്രൂഫ് സംവിധാനത്തോടു കൂടിയാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ വെള്ളം കയറി ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.
  • സുരക്ഷാ മാനദണ്ഡങ്ങൾ: വോൾട്ടേജ് വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ചാർജിങ് സർക്യൂട്ടുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

മഴയത്ത് ചാർജ് ചെയ്യുന്നത് സാങ്കേതികമായി സുരക്ഷിതമാണെങ്കിലും കനത്ത ഇടിമിന്നലുള്ള സാഹചര്യങ്ങളിൽ ചില മുൻകരുതലുകൾ എടുക്കുന്നത് ഉചിതമാണ്. ശക്തമായ ഇടിമിന്നലുള്ളപ്പോൾ ചാർജിങ് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. മിന്നൽ മൂലമുണ്ടാകുന്ന അമിത വൈദ്യുതി പ്രവാഹം (Power Surge) വാഹനത്തിലെ സെൻസിറ്റീവായ ഇലക്ട്രോണിക് ഘടകങ്ങൾക്കോ ബാറ്ററിക്കോ കേടുപാടുകൾ വരുത്തിയേക്കാം. വീടുകളിൽ ചാർജ് ചെയ്യുമ്പോൾ സ്വിച്ച് ബോർഡുകളിൽ സർജ് പ്രൊട്ടക്ഷൻ ഡിവൈസുകൾ ഘടിപ്പിക്കുന്നത് വോൾട്ടേജ് വ്യതിയാനങ്ങളിൽ നിന്ന് വാഹനത്തെ സംരക്ഷിക്കും. പബ്ലിക്ക് ചാർജിങ് സ്റ്റേഷനുകൾ സാധാരണയായി എല്ലാ കാലാവസ്ഥയെയും പ്രതിരോധിക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. എങ്കിലും പ്ലഗ് പോയിന്റുകൾ നനവില്ലാത്തതാണെന്ന് ഉറപ്പുവരുത്തുക.

ഓരോ വാഹനത്തിനും അതിന്റേതായ ചാർജിങ് മാനദണ്ഡങ്ങൾ കമ്പനികൾ നൽകിയിട്ടുണ്ടാകും. വാഹനത്തിനൊപ്പം ലഭിക്കുന്ന 'യൂസർ മാനുവൽ' കൃത്യമായി വായിച്ചു മനസ്സിലാക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ ഗുണകരമാകും. ചുരുക്കത്തിൽ, മഴയത്ത് ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നത് പേടിക്കേണ്ട ഒന്നല്ല. എന്നാൽ, ഇടിമിന്നലുള്ളപ്പോൾ ചാർജർ വേർപെടുത്തുന്നത് വാഹനത്തിന്റെ ദീർഘായുസ്സിന് നല്ലതാണ്.

TAGS :

Next Story