Quantcast

പെട്രോൾ വില കൂടിയത് ഗുണമായി; ഈ വർഷം ഇതുവരെ ഇവി ഇരുചക്ര വിപണിയിൽ വൻ കുതിപ്പ്‌

2022 ജനുവരി മുതൽ ജൂൺ വരെ 2,40,662 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇന്ത്യൻ നിരത്തിലിറങ്ങിയത്.

MediaOne Logo

Web Desk

  • Published:

    16 July 2022 11:30 AM GMT

പെട്രോൾ വില കൂടിയത് ഗുണമായി; ഈ വർഷം ഇതുവരെ ഇവി ഇരുചക്ര വിപണിയിൽ വൻ കുതിപ്പ്‌
X

പെട്രോൾ വില സർവ സീമകളും ലംഘിച്ച് മുന്നേറിയപ്പോൾ അതുപോലെ കുതിച്ച മറ്റൊരു മേഖലയാണ് ഇവി സ്‌കൂട്ടറുകളുടെ വിപണി. ഇതുവരെ കിതച്ചിരുന്ന ഇവി വിപണി 2022 ൽ കുതിച്ചുകയറുന്ന കാഴ്ചയാണ് കണ്ടത്. 2022 ന്റെ ഫസ്റ്റ് ഹാഫ് ഇവി വിപണിക്ക് നല്ലതാണ് എന്ന് വേണം പറയാൻ. 2022 ജനുവരി മുതൽ ജൂൺ വരെ 2,40,662 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇന്ത്യൻ നിരത്തിലിറങ്ങിയത്. ഇക്കാലയളവിൽ ഇന്ത്യയിൽ ആകെ വിറ്റ ഇരുചക്ര വാഹനങ്ങളുടെ എണ്ണം 66,95,434 യൂണിറ്റാണ്. ഇതിന്റെ 3.6 ശതമാനമാണ് ഇവി സ്‌കൂട്ടറുകളുടെ വിൽപ്പന. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേർസ്, ഇന്ത്യ ( FADA) ആണ് ഈ കണക്ക് പുറത്തുവിട്ടത്.

2021 ൽ 1,22,58,164 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റത് ഇതിന്റെ 1.16 ശതമാനമായ 1,43,261 യൂണിറ്റ് മാത്രമായിരുന്നു ഇവി സ്‌കൂട്ടറുകൾ. ആ വിൽപ്പനയാണ് 2022 പകുതിയോടെ തന്നെ ഇവി മേഖല മറികടന്നത്. 210 ശതമാനമാണ് ഇവി വിൽപ്പനയിലുണ്ടായ വളർച്ച. തീപിടിക്കുന്നെന്നും കയറ്റം കയറുമ്പോൾ ബുദ്ധിമുട്ടുന്നു എന്നൊക്കൊയുള്ള പ്രചരണങ്ങളെ മറികടന്നാണ് ഇവി വിപണി മികച്ച നേട്ടത്തിലെത്തിയിരിക്കുന്നത്.

2022 ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ വിറ്റ ഇവി സ്‌കൂട്ടർ ഒക്കിനാവ ഓട്ടോടെക്കിന്റേതാണ്. 47,121 യൂണിറ്റുകളാണ് അവർ വിറ്റത്. 46,620 യൂണിറ്റുകൾ വിറ്റ ഹീറോ ഇലക്ട്രിക്കാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റ ബ്രാൻഡും ഹീറോ ഇലക്ട്രിക്കാണ്. മൂന്നാമതുള്ളത് ഒല ഇലക്ട്രിക്കാണ്. 41,994 ഒല ഇവികളാണ് ആറുമാസം കൊണ്ട് നിരത്തിലിറങ്ങിയത്. എന്നാൽ ജൂണിൽ കമ്പനിയുടെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

33,785 യൂണിറ്റുകൾ വിറ്റ ആംപിയർ വെഹിക്കൾസ് ഇവി സ്‌കൂട്ടറുകളിൽ നാലാമത് നിൽക്കുന്നുണ്ട്. അഞ്ചാമതുള്ള ബാംഗ്ലൂർ ആസ്ഥാനമായ കൂട്ടത്തിലെ പ്രീമിയം മോഡലായ ഏഥർ എനർജിയാണ്. 15,952 ഇവി സ്‌കൂട്ടറുകളാണ് ഏഥറിന് വിൽക്കാനായത്.

പ്രമുഖ പെട്രോൾ ബ്രാൻഡുകളായ ബജാജും ടിവിഎസിന്റെയും മോഡലുകളും മോശമല്ലാത്ത വിൽപ്പന നേടിയിട്ടുണ്ട്. ടിവിഎസ് ഐക്യൂബ് 8,670 യൂണിറ്റുകൾ വിറ്റപ്പോൾ ബജാജ് ചേതക്ക് ഇലക്ട്രിക്ക് 7,394 യൂണിറ്റുകൾ പുറത്തിറക്കി.

ഇന്ധനവില ഉയർന്നു തന്നെ നിൽക്കുന്നതിനാൽ ഇവി വാഹനവിപണി ഇനിയും വളരുമെന്നാണ് FADA കണക്കാക്കുന്നത്.

TAGS :

Next Story