'ബി.ജെ.പിക്ക് പേടി, പ്രചരിപ്പിക്കുന്നത് വ്യാജ വീഡിയോ': ബദ്‌റുദ്ദീന്‍ അജ്മല്‍
എ.ഐ.യു.ഡിഎഫുമായി ചേര്‍ന്നാല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് ഭയന്നിട്ടാണ് വ്യാജ പ്രചാരണങ്ങള്‍ ബി.ജെ.പി അഴിച്ചുവിടുന്നതെന്ന് ബദ്‌റുദ്ദീന്‍ പറഞ്ഞു.

സര്‍ക്കാറിന്റേതായ ഒന്നുംതന്നെ കാണിക്കാനില്ലാത്തത് കൊണ്ടാണ് ബി.ജെ.പി തന്നെ നിരന്തരം അക്രമിക്കുന്നതെന്ന് എ.ഐ.യു.ഡി.എഫ് നേതാവ് ബദ്‌റുദ്ദീന്‍ അജ്മല്‍. നേരത്തെ ബദ്‌റുദ്ദീന്‍ അജ്മലിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യയെ ഇസ്‌ലാമിക രാഷ്ട്രമാക്കുമെന്ന് ബദ്‌റുദ്ദീന്‍ പറയുന്നതായുള്ള വീഡിയോയാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ 2019ല്‍ ബാര്‍പെട്ടയില്‍ നടത്തിയ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
അസം നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-എ.ഐ.യു.ഡി.എഫ് സഖ്യം തകര്‍ക്കാനാണ് ഇത്തരത്തിലുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നതെന്ന് ബദ്‌റുദ്ദീന്‍ അജ്മല്‍ പറഞ്ഞു. എ.ഐ.യു.ഡി.എഫുമായി ചേര്‍ന്നാല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് ഭയന്നിട്ടാണ് ഇത്തരം പ്രചാരണങ്ങള്‍ ബി.ജെ.പി അഴിച്ചുവിടുന്നതെന്ന് ബദ്‌റുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. നൂറു ശതമാനവും വ്യാജ വീഡിയോയാണ്. കോണ്‍ഗ്രസ്-എ.ഐ.യു.ഡി.എഫ് സഖ്യം തകര്‍ക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമമാണ് വ്യാജ വീഡിയോകള്‍ക്ക് പിന്നില്‍. അത്തരം ശ്രമങ്ങള്‍ പരാജയപ്പെടും. വ്യാജ വീഡിയോകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും- ബദ്‌റുദ്ദീന്‍ അജ്മല്‍ പറയുന്നു.
ബദ്‌റുദ്ദീനെ നേരിട്ട് ആക്രമിച്ചാണ് ബി.ജെ.പി സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുന്നത്. അസമിന്റെ ശത്രുവാണ് ബദ്‌റുദ്ദീനെന്നായിരുന്നു അസം ധനകാര്യമന്ത്രി ഹിമാന്ദ ബിശ്വ ശര്‍മ്മയുടെ പ്രതികരണം. ബദ്‌റുദ്ദീന് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങിക്കഴിഞ്ഞു. വിദേശ ഏജന്‍സികളില്‍ നിന്ന് പണം സ്വീകരിച്ചാണ് ബദ്‌റുദ്ദീന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 126 അംഗ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം ഈ മാസം 27നാണ്. ഏപ്രില്‍ 1, ഏപ്രില്‍ 11 എന്നിങ്ങനെയാണ് മറ്റു രണ്ടു ഘട്ടങ്ങള്‍. മെയ് 2നാണ് വോട്ടെണ്ണല്‍.
Adjust Story Font
16

