ജോലി 9 മണിക്കൂര്‍ ഉറക്കം; പ്രതിഫലം 10 ലക്ഷം രൂപ
100 ദിവസം 9 മണിക്കൂര്‍ വീതം ഉറങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പ്രതിഫലം. ഇവരില്‍ നിന്നും ഒരാളെ സ്ലീപ്പ് ചാമ്പ്യന്‍ ഓഫ് ഇന്ത്യയായി തെരഞ്ഞെടുക്കും- 10 ലക്ഷം രൂപയാണ് സമ്മാനം.

ഉറങ്ങുന്നതിന് പ്രതിഫലമോ? അതും ലക്ഷങ്ങള്‍! അത്ഭുതപ്പെടേണ്ട. മെത്തകള്‍ നിര്‍മിക്കുന്ന വേക്ക്ഫിറ്റ്.കോ ആണ് സ്ലീപ്പ് ഇന്‍റേണ്‍ഷിപ്പ് ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിഗ്രി പാസ്സാവണം, കിടന്ന് 10-20 മിനിട്ടിനുള്ളില്‍ ഉറങ്ങണം എന്നിവയാണ് ഈ ഇന്‍റേണ്‍ഷിപ്പിനുള്ള യോഗ്യത. ഇതേ കമ്പനിയുടെ സ്ലീപ്പ് ഇന്‍റേണ്‍ഷിപ്പിന്‍റെ രണ്ടാം സീസണ്‍ ആണിത്.
രാത്രിയില്‍ തടസ്സമില്ലാതെ 9 മണിക്കൂര്‍ ഉറങ്ങണം. ഇങ്ങനെ 100 ദിവസം ഉറങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് പ്രതിഫലം. ഇവരില്‍ നിന്നും ഒരാളെ സ്ലീപ്പ് ചാമ്പ്യന്‍ ഓഫ് ഇന്ത്യയായി തെരഞ്ഞെടുക്കും. അയാള്‍ക്ക് 10 ലക്ഷം രൂപയാണ് സമ്മാനം. മൂന്ന് ലക്ഷത്തോളം അപേക്ഷകള്‍ ഇതിനകം ലഭിച്ചെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

"2020 നമ്മളെ സംബന്ധിച്ച് വിഷമം പിടിച്ച വര്‍ഷമായിരുന്നു. കോവിഡ് മഹാമാരി നല്‍കിയ സമ്മര്‍ദവും വീട്ടിലിരുന്നുള്ള ജോലിയും നമ്മളെ വൈകി ഉറങ്ങുന്നവരാക്കി മാറ്റി. ഉറക്കം പലപ്പോഴും തടസ്സപ്പെട്ടു. ഉറക്കത്തിന്‍റെ ദൈര്‍ഘ്യം കുറഞ്ഞു. ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഘടകങ്ങളിലൊന്നായ ഉറക്കം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നല്ല ഓര്‍മയ്ക്കും പേശികളുടെ പുനരുജ്ജീവനത്തിനും കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും 8-9 മണിക്കൂര്‍ വിശ്രമം ആവശ്യമാണ്"- വേക്ക്ഫിറ്റ് സ്ഥാപകരില്‍ ഒരാളായ ചൈതന്യ രാമലിംഗഗൌഡ വ്യക്തമാക്കി.
ഇന്‍റേണ്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വേക്ക്ഫിറ്റ് മെത്തയും സ്ലീപ്പ് ട്രാക്കറും നല്‍കും. ജീവിതശൈലിയില്‍ അച്ചടക്കമുണ്ടായാല്‍ ആരോഗ്യം മെച്ചപ്പെടുന്നത് സ്വയം അറിയാന്‍ കഴിയുമെന്ന് ചൈതന്യ രാമലിംഗഗൌഡ പറയുന്നു. രാത്രി വൈകി ലഘുഭക്ഷണം പാടില്ല. അമിതമായി മദ്യം കഴിക്കുന്നത് ഒഴിവാക്കണം. ഇന്‍റേണ്‍ഷിപ്പില്‍ പങ്കെടുക്കുന്നവരുടെ ഉറക്കവും ആരോഗ്യവും സംബന്ധിച്ച ഡാറ്റ സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഡാറ്റ കാണുന്നവര്‍ക്ക് ഇതേ ജീവിതശൈലി രൂപപ്പെടുത്താന്‍ പ്രചോദനമുണ്ടാകുമെന്ന് ചൈതന്യ രാമലിംഗഗൌഡ പറയുന്നു.
കഴിഞ്ഞ വര്‍ഷം 23 പേരാണ് സ്ലീപ് ഇന്‍റേണ്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷത്തി എഴുപതിനായിരം അപേക്ഷകരില്‍ നിന്നാണ് 23 പേരെ തെരഞ്ഞെടുത്തത്. ഈ വര്‍ഷം എത്ര പേരെയാണ് ഉള്‍പ്പെടുത്തുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Adjust Story Font
16

