Quantcast

തൃണമൂലോ ബിജെപിയോ? ബംഗാൾ പിടിക്കാൻ പൊരിഞ്ഞ പോരാട്ടം

എന്തുവില കൊടുത്തും അധികാരം നിലനിര്‍ത്തുക എന്നതാണ് മമത ബാനര്‍ജിയുടെ ലക്ഷ്യം. എങ്ങനെയും അധികാരം പിടിക്കുമെന്ന വാശിയില്‍ ബിജെപിയും

MediaOne Logo

  • Published:

    26 Feb 2021 5:48 PM IST

തൃണമൂലോ ബിജെപിയോ? ബംഗാൾ പിടിക്കാൻ പൊരിഞ്ഞ പോരാട്ടം
X

പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ ഏപ്രിൽ 29 വരെ എട്ടു ഘട്ടങ്ങളിലായി നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

എന്തുവില കൊടുത്തും അധികാരം നിലനിര്‍ത്തുക എന്നതാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ലക്ഷ്യം. എങ്ങനെയും അധികാരം പിടിക്കുമെന്ന വാശിയില്‍ ബിജെപിയും

രണ്ടും കൽപ്പിച്ച് മമത

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെയാണ് മമത ബാനർജി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഏതു വിധേനയും അധികാരം കൈയടക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി ഒരുമ്പെട്ടു തന്നെ ഗോദയിലുണ്ട് എന്നതു മമതയ്ക്കു മുമ്പിലുള്ള വലിയ വെല്ലുവിളി. നിരവധി പാർട്ടി നേതാക്കൾ ബിജെപിയിലേക്ക് കൂടുമാറിയതും മമതയെ അലോസരപ്പെടുത്തുന്നുണ്ട്. മുതിര്‍ന്ന നേതാവ് മുകുള്‍ റോയിയുടെ നേതൃത്വത്തിലാണ് തൃണമൂല്‍ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിയത്.

മമത ബാനർജി

തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഉദയം കണ്ട നന്ദിഗ്രാമിൽ നിന്ന് മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുമാറിയ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയുടെ മണ്ഡലമാണിത്. വിമതർക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് സുവേന്ദുവിനെതിരെ അങ്കത്തിനിറങ്ങുമെന്ന് മമത പ്രഖ്യാപിച്ചത്

മാ, മാതി, മാനുഷ് (മാതാവ്, മാതൃഭൂമി, മനുഷ്യൻ) എന്ന മുദ്രാവാക്യമുയർത്തിയാണ് മമത നേരത്തെ തെരഞ്ഞെടുപ്പിനെ നേരിട്ടത് എങ്കിൽ ഇത്തവണ അവർ ബംഗാളിന്റെ മകൾ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ബിജെപി പുറത്തുനിന്നുള്ള കക്ഷിയാണ് എന്നും അവർ കുറ്റപ്പെടുത്തുന്നു.

ഒരുമ്പെട്ട് ബിജെപി

ഏതുവിധേനയും അധികാരത്തിലെത്തുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് അതിന് ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത്. നാൽപ്പത്തിരണ്ടിൽ 18 ഇടത്താണ് ബിജെപി ജയിച്ചത്. 22 സീറ്റു ജയിച്ച തൃണമൂൽ കോൺഗ്രസുമായി മൂന്നു ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ബിജെപിക്കുള്ളത്. തൃണമൂൽ കോൺഗ്രസിന് 43.69% വോട്ടു കിട്ടിയപ്പോൾ ബിജെപിക്ക് 40.64% വോട്ടാണ് കിട്ടിയത്.

അമിത് ഷാ

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും മൂന്നു സീറ്റു മാത്രമാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. ഇതിൽ നിന്നാണ് ബിജെപി കുതിച്ചുചാട്ടം നടത്തിയത്. ഇതേ മികവ് ഈ നിയമസഭയിലും ആവർത്തിക്കാമെന്ന് ബിജെപി കണക്കു കൂട്ടുന്നു.

പൗരത്വഭേദഗതി ബിൽ, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങളെല്ലാം ബിജെപി പ്രചാരണത്തിൽ ഉപയോഗിക്കുന്നുണ്ട്. ഭൂരിപക്ഷ വോട്ടുകൾ പരമാവധി സ്വന്തമാക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ.

സിപിഎം-കോൺഗ്രസ് ഭായി ഭായി

തുടർച്ചയായി 34 വർഷം അധികാരത്തിലിരുന്ന സിപിഎം ഇത്തവണയും കോൺഗ്രസുമായി ചേർന്നാണ് തെരഞ്ഞെടുപ്പ് ഗോദയിൽ അങ്കത്തിനിറങ്ങുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 6.34 ശതമാനം വോട്ടു മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. ഒരു സീറ്റു പോലും വിജയിക്കാനായില്ല. രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിൽ ജയിച്ച കോൺഗ്രസിന് കിട്ടിയത് 5.67 ശതമാനം വോട്ട്.

സീറ്റു ധാരണകൾ പൂർത്തിയായതായി കോൺഗ്രസ് പ്രസിഡണ്ട് അധിർ രഞ്ജൻ ചൗധരിയും ഇടതു മുന്നണി ചെയർമാൻ ബിമൻ ബോസും വ്യക്തമാക്കിയിട്ടുണ്ട്. ഇരുകക്ഷികളും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട 2014ൽ 38 ശതമാനം വോട്ടാണ് സഖ്യം നേടിയത്. 71 സീറ്റിൽ വിജയിക്കുകയും ചെയ്തു.

നിർണായകം ന്യൂനപക്ഷ വോട്ടുകൾ

സംസ്ഥാനത്തെ 30 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും പുതുതായി രൂപീകരിച്ച, പിർസാദ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്യുലർ ഫോറവും രംഗത്തെത്തിയത് മമതയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.

അസദുദ്ദീൻ ഉവൈസി

പരമ്പരാഗതമായി തൃണമൂലിന്റെ വോട്ടുബാങ്കാണ് സംസ്ഥാനത്തെ മുസ്‌ലിംകൾ. അബ്ബാസ് സിദ്ദീഖിയെ ഒപ്പം നിർത്താൻ കോൺഗ്രസ്-ഇടത് സഖ്യം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ എഴുപതിലേറെ സീറ്റാണ് ഇദ്ദേഹം ചോദിക്കുന്നത്. ഇതിൽ ചർച്ചകൾ ഉടക്കി നിർത്തുകയാണ്.

2016ലെ കക്ഷിനില

2016ൽ 294 അംഗ നിയമസഭയിൽ 211 സീറ്റിൽ വിജയിച്ചാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നത്. രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസ് 44 സീറ്റിൽ വിജയിച്ചു. സിപിഎം 26 ഇടത്താണ് വിജയം കണ്ടത്. നിലവിൽ ശക്തമായ മത്സരം ഉയർത്തുന്ന ബിജെപി വെറും മൂന്നിടത്താണ് ജയിച്ചത്.

ഫോർവേഡ് ബ്ലോക് 2, റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി 3, ഗോർഖ ജന്മുക്തി മോർച്ച 3 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റു നില.

TAGS :

Next Story