Quantcast

എസ്‌ഐപി ചെയ്യുന്നയാളാണോ? ഈ ഒരു കാര്യം ഒരിക്കലും വിട്ടുകളയരുത്, മുന്നിലുള്ളത് സമ്പാദ്യം ഇരട്ടിപ്പിക്കാനുള്ള അവസരം

ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കുന്നതിനേക്കാള്‍ ഇന്ന് ഏറെ പ്രചാരമുള്ളത് കൃത്യമായ ഇടവേളകളില്‍ ചെറിയ തുകകളായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന എസ്‌ഐപി രീതിക്കാണ്

MediaOne Logo
8-4-3 Rule of SIP - How Does That Work
X

നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന സമ്പത്ത് വളര്‍ത്താനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം. വിവിധ സെക്ടറുകളിലായുള്ള നൂറുകണക്കിന് മ്യൂച്വല്‍ ഫണ്ടുകള്‍ ലഭ്യമാണ്. ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കുന്നതിനേക്കാള്‍ ഇന്ന് ഏറെ പ്രചാരമുള്ളത് കൃത്യമായ ഇടവേളകളില്‍ ചെറിയ തുകകളായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) രീതിക്കാണ്. കുറഞ്ഞ വരുമാനമുള്ള സാധാരണക്കാര്‍ക്ക് പോലും എസ്‌ഐപി രീതിയിലൂടെ നിക്ഷേപിച്ച് വലിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും.

എന്താണ് എസ്‌ഐപി

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി എന്നത് മ്യൂച്വല്‍ ഫണ്ടുകളില്‍ കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കുന്ന രീതിയാണ്. സാധാരണഗതിയില്‍ പ്രതിമാസം നിശ്ചിത തീയ്യതിയില്‍ നിശ്ചിത തുക നിക്ഷേപിക്കുകയാണ് എസ്‌ഐപിയിലൂടെ ചെയ്യുന്നത്. ഓരോ മാസവും നിക്ഷേപിച്ച തുക കൊണ്ട് ഫണ്ട് മാനേജര്‍മാര്‍ അപ്പോഴത്തെ എന്‍എവിക്ക് (നെറ്റ് അസറ്റ് വാല്യു) അനുസൃതമായി യൂണിറ്റുകള്‍ അനുവദിക്കുകയാണ് ചെയ്യുക. മാര്‍ക്കറ്റ് താഴ്ന്ന് നില്‍ക്കുന്ന സാഹചര്യങ്ങള്‍ നിങ്ങള്‍ മുടക്കുന്ന തുകക്ക് കൂടുതല്‍ യൂണിറ്റുകള്‍ ലഭിക്കും. മാര്‍ക്കറ്റ് ഉയര്‍ന്ന് നില്‍ക്കുകയാണെങ്കില്‍ ലഭിക്കുന്ന യൂണിറ്റുകള്‍ കുറയും. ഈ അച്ചടക്കമുള്ള നിക്ഷേപ രീതി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുകയും ദീര്‍ഘകാലം കൊണ്ട് സമ്പത്ത് സൃഷ്ടിക്കല്‍ ഉറപ്പാക്കുകയും ചെയ്യുന്നു.

മ്യൂച്വല്‍ ഫണ്ടിലെ 8-4-3 റൂള്‍

മ്യൂച്വല്‍ ഫണ്ടിലെ ദീര്‍ഘകാല നിക്ഷേപത്തിന്റെ മെച്ചം നമുക്ക് ലഭിക്കുന്നത് അതിലെ കോമ്പൗണ്ടിങ് വഴിയാണ്. നമ്മുടെ നിക്ഷേപത്തിന് തുടക്കത്തില്‍ ലഭിക്കുന്ന ലാഭത്തിന് മേലും വരുംവര്‍ഷങ്ങളില്‍ ലാഭം ലഭിക്കുന്ന രീതിയാണ് കോമ്പൗണ്ടിങ്. എത്രകാലം നിക്ഷേപം തുടരുന്നുവോ കോമ്പൗണ്ടിങ്ങിന്റെ ഗുണഫലം അത്രയും വര്‍ധിക്കുമെന്ന് ചുരുക്കം. കോമ്പൗണ്ടിങ്ങിന്റെ മാജിക് എന്താണെന്ന് കാണിച്ചുതരുന്നതാണ് മ്യൂച്വല്‍ ഫണ്ടിലെ 8-4-3 റൂള്‍.

ചുരുങ്ങിയത് 15 വര്‍ഷമെങ്കിലും മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി തുടരണമെന്നാണ് 8-4-3 റൂള്‍ പറയുന്നത്. ഈ 15 വര്‍ഷത്തെയാണ് മൂന്നായി തിരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ എട്ട് വര്‍ഷം പ്രാരംഭ വളര്‍ച്ചയുടെ ഘട്ടമാണ്. തുടര്‍ന്നുള്ള നാല് വര്‍ഷം വേഗത്തിലുള്ള വളര്‍ച്ചയുടെയും ശേഷമുള്ള മൂന്ന് വര്‍ഷം അതിവേഗത്തിലുള്ള വളര്‍ച്ചയുടെയും ഘട്ടമാണ്.

പ്രാരംഭ വളര്‍ച്ചയുടെ ഘട്ടത്തില്‍ നമ്മുടെ നിക്ഷേപത്തിന്റെ വളര്‍ച്ച പതുക്കെയും സ്ഥിരതയുള്ളതുമായിരിക്കും. ഈ കാലയളവില്‍ 12 ശതമാനമാണ് വാര്‍ഷിക റിട്ടേണ്‍ പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിലെ സ്ഥിരതയോടെയും അച്ചടക്കത്തോടെയുമുള്ള നിക്ഷേപമാണ് അടുത്ത ഘട്ടത്തിലെ വേഗത്തിലുള്ള വളര്‍ച്ചക്ക് അടിത്തറയാകുക. അതായത്, ആദ്യത്തെ എട്ട് വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപത്തിന് 12 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് കാണിക്കുക. എന്നാല്‍, അടുത്ത നാല് വര്‍ഷം കൂടി നിക്ഷേപം തുടരുമ്പോള്‍ വളര്‍ച്ചയുടെ തോത് വര്‍ധിക്കും. ആദ്യ വര്‍ഷങ്ങളിലെ നിക്ഷേപത്തിന് ലഭിച്ച റിട്ടേണിന് മുകളില്‍ വീണ്ടും റിട്ടേണ്‍ ലഭിക്കുകയാണ്. കോമ്പൗണ്ടിങ്ങിന്റെ സ്‌നോബോള്‍ ഇഫക്ട് ഇവിടെ കാണാം. ഒരു മഞ്ഞുകട്ട ഉരുണ്ടുരുണ്ട് വലുതാകുന്നതാണ് ഇതുമായി താരതമ്യപ്പെടുത്തുന്നത്. ആദ്യത്തെ എട്ട് വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് ലഭിച്ച റിട്ടേണ്‍ തുടര്‍ന്നുള്ള നാല് വര്‍ഷം കൊണ്ട് ലഭിക്കും.

വീണ്ടുമൊരു മൂന്ന് വര്‍ഷം കൂടി നിങ്ങള്‍ എസ്‌ഐപി തുടരുകയാണെങ്കില്‍ നിക്ഷേപത്തിന്റെ വളര്‍ച്ചക്ക് അതിവേഗമായിരിക്കും. കോമ്പൗണ്ടിങ്ങിന്റെ സ്‌നോബോള്‍ ഇഫക്ടിലൂടെ സമ്പത്തിന് വലിയ വളര്‍ച്ചയുണ്ടാകും. അവസാന നാല് വര്‍ഷത്തെ നേട്ടം ഇത്തവണ വെറും മൂന്ന് വര്‍ഷം കൊണ്ട് നിങ്ങള്‍ക്ക് ലഭിക്കും. ആദ്യത്തെ എട്ട് വര്‍ഷത്തില്‍ ലഭിച്ച റിട്ടേണാണ് നിങ്ങളുടെ അവസാന മൂന്ന് വര്‍ഷത്തില്‍ ലഭിക്കുന്നത്.

മറക്കരുത് സ്റ്റെപ്-അപ്

മ്യൂച്വല്‍ ഫണ്ടില്‍ മികച്ച ആദായം നേടാന്‍ ഏറ്റവും നിര്‍ണായകമായ മറ്റൊരു ഘടകമാണ് സ്റ്റെപ്-അപ്. ഓരോ ഘട്ടത്തിലും നിക്ഷേപ തുക വര്‍ധിപ്പിക്കുന്ന രീതിയാണിത്. അതായത്, നിങ്ങള്‍ ആദ്യത്തെ വര്‍ഷം പ്രതിമാസം 5000 രൂപയാണ് എസ്‌ഐപി രീതിയില്‍ നിക്ഷേപിക്കുന്നത് എന്ന് കരുതുക. രണ്ടാംവര്‍ഷം 1000 രൂപ വര്‍ധിപ്പിച്ച് പ്രതിമാസ നിക്ഷേപം 6000 ആക്കാം. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സമാനമായി എസ്‌ഐപി തുക വര്‍ധിപ്പിച്ചുകൊണ്ടുവരാം. ദീര്‍ഘകാലം ഈ രീതിയില്‍ നിക്ഷേപിക്കുമ്പോള്‍ വലിയ സാമ്പത്തിക നേട്ടമാണ് സൃഷ്ടിക്കുവാന്‍ സാധിക്കുക.

5000 രൂപ എസ്‌ഐപി രീതിയില്‍ നിക്ഷേപിക്കുന്നയാള്‍ക്ക് സ്റ്റെപ്-അപ് ചെയ്യാതെ 12 ശതമാനം വാര്‍ഷിക റിട്ടേണില്‍ 15 വര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാനാകും. അതേസമയം, 1000 രൂപ ഓരോ വര്‍ഷവും നിക്ഷേപം വര്‍ധിപ്പിച്ചാല്‍ ആകെ നിക്ഷേപ തുക 43.22 ലക്ഷമായിരിക്കും. 36 ലക്ഷം റിട്ടേണായി ലഭിക്കുമെന്ന് കണക്കാക്കുമ്പോള്‍ ആകെ സമ്പാദ്യം 79 ലക്ഷമായി വളരും. 5000 രൂപ നിക്ഷേപിക്കുന്നയാള്‍ വര്‍ഷത്തില്‍ 1000 രൂപ സ്റ്റെപ് അപ് ചെയ്യുമ്പോഴുണ്ടാകുന്ന മാറ്റമാണിത്.

(ഇത് പഠനാവശ്യത്തിനുള്ള ലേഖനം മാത്രമാണ്. ഏതെങ്കിലും ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നതല്ല. സാമ്പത്തിക തീരുമാനങ്ങള്‍ ഏറെ ആലോചിച്ച ശേഷം മാത്രം കൈക്കൊള്ളുക. ആവശ്യമെങ്കില്‍ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സേവനം തേടുക.)

TAGS :

Next Story