Quantcast

ഷെൽ കമ്പനികൾ രഹസ്യനിക്ഷേപം നടത്തി; അദാനി ഗ്രൂപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ സുഹൃത്തുക്കളാണ് ഷെൽ കമ്പനികൾ വഴി അദാനി ഗ്രൂപ്പിൽ നിക്ഷേപമിറക്കിയത്‌

MediaOne Logo

Web Desk

  • Updated:

    2023-08-31 08:29:45.0

Published:

31 Aug 2023 6:38 AM GMT

Adani Group
X

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഓഹരികളിൽ അദാനി കുടുംബം തന്നെ ഷെൽ കമ്പനികൾ വഴി രഹസ്യനിക്ഷേപം നടത്തിയതായി രേഖകൾ. ഓഹരിമൂല്യം പെരുപ്പിച്ചു കാട്ടി വിപണിയില്‍ കൃത്രിമം നടത്താനാണ് നിക്ഷേപം ഉപയോഗിച്ചതെന്ന് ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർ്ട്ടിങ് പ്രൊജക്ട് (ഒസിസിആർപി) പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളായ ദ ഗാർഡിയനും ഫൈനാൻഷ്യൻ ടൈംസും റിപ്പോര്‍ട്ടിലെ വിശദവിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഒസിസിആർപി.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുമായി അടുത്ത ബന്ധമുള്ള യുഎഇ പൗരൻ നാസർ അലി ഷബാൻ അഹ്‌ലിയുടെയും തായ്‌വാനി പൗരൻ ചാങ് ചുങ് ലിങിന്റെയും കമ്പനികളാണ് അദാനി ഗ്രൂപ്പ് ഓഹരികൾ കൈവശപ്പെടുത്തിയത്. ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി പോർട്, അദാനി ട്രാൻസ്മിഷൻ എന്നീ നാലു ലിസ്റ്റഡ് കമ്പനികളുടെ 13 ശതമാനം ഫ്രീ ഫ്‌ളോട്ട് ഓഹരികളാണ് (പൊതുവ്യാപാര ഓഹരികൾ) ഇവർ രഹസ്യമായി നിയന്ത്രിച്ചത്. വിവിധ അദാനി കമ്പനികളിൽ ഡയറക്ടർമാരും ഓഹരി ഉടമകളുമായി ഇരുന്നവരാണ് രണ്ടു പേരും.

ചാങ്ങിന്റെ ഉടമസ്ഥതയിലുള്ള ലിൻഗോ ഇൻവസ്റ്റ്‌മെന്റ് ലിമിറ്റഡ്, അഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ഗൾഫ് അരിജ് ട്രേഡിങ് എഫ്ഇസഡ്ഇ, മിഡ് ഈസ്റ്റ് ഓഷ്യൻ ട്രേഡ് (മൗറീഷ്യസ്), അഹ്‌ലിയുടെ നിയന്ത്രണത്തിലുള്ള ഗൾഫ് ഏഷ്യ ട്രേഡ് ആന്റ് ഇൻവസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്നീ കമ്പനികൾ 430 ദശലക്ഷം യുഎസ് ഡോളറാണ് അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചത്. ഇവ ഷെൽ കമ്പനികളാണ് എന്നാണ് ആരോപണം.

അദാനി ഗ്രൂപ്പ് ഓഹരികളിൽ കൃത്രിമം നടക്കുന്നതായി 2014ൽ വിപണി നിയന്ത്രണ അതോറിറ്റിയായ സെബി മുന്നറിയിപ്പ് നൽകിയിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വിഷയത്തിൽ കൃത്യമായ അന്വേഷണമുണ്ടായില്ല.

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ 25 ശതമാനം ഓഹരികൾ ഫ്രീ ഫ്‌ളോട്ട് ആക്കി വയ്ക്കണം എന്നാണ് ചട്ടം. സ്വന്തം കമ്പനിയിലെ ഓഹരികൾ 75 ശതമാനത്തിൽ മുകളിൽ വാങ്ങുന്നത് നിയമപരമല്ലെന്നു മാത്രമല്ല, വിലയിൽ കൃത്രിമം കാട്ടുന്നത് കൂടിയാണെന്ന് മാർക്കറ്റ് സ്‌പെഷ്യലിസ്റ്റായ അരുൺ അഗർവാൾ പറയുന്നു. 'ഇതുവഴിയാണ് കമ്പനികൾ കൃത്രിമ ദൗർലഭ്യം സൃഷ്ടിക്കുന്നത്. ഇതുവഴി ഓഹരി മൂല്യം ഉയരുന്നു. അതുകൊണ്ടു തന്നെ ഇത് കൃത്രിമമായ വിപണി മൂലധന നിർമാണമാണ്. സ്വന്തം പ്രതിച്ഛായ നന്നാക്കി വായ്പ തരപ്പെടുത്താനും കമ്പനിയുടെ മൂല്യം പെരുപ്പിച്ചു കാട്ടാനും ഇതു സഹായിക്കും.' - അദ്ദേഹം കൂട്ടിച്ചേർത്തു.

2013 സെപ്തംബറിൽ എട്ടു ബില്യൺ യുഎസ് ഡോളറിന്റെ വിപണി മൂല്യം മാത്രമുണ്ടായിരുന്ന അദാനി ഗ്രൂപ്പിന്റെ വളർച്ച, നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം അത്ഭുതാവഹമായിരുന്നു. കഴിഞ്ഞ വർഷം 260 ബില്യൺ യുഎസ് ഡോളറാണ് അദാനിയുടെ വിപണിമൂല്യം. ട്രാൻസ്‌പോട്ടേഷൻ, ലോജിസ്റ്റിക്‌സ്, പ്രകൃതിവാതകം, കൽക്കരി, ഊർജം, അടിസ്ഥാന സൗകര്യം, റിയൽ എസ്‌റ്റേറ്റ് തുടങ്ങി ബഹുമുഖ മേഖലയിൽ നിക്ഷേപമുള്ള അദാനി മോദിയോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യവസായിയാണ്.

ജനുവരിയിൽ ന്യൂയോർക്ക് ആസ്ഥാനമായ ഷോർട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് അദാനിക്കെതിരെ പുറത്തുവിട്ട റിപ്പോർട്ട് വലിയ വിസ്‌ഫോടനമാണ് ഇന്ത്യൻ വിപണിയിൽ ഉണ്ടാക്കിയത്. ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടിയാണ് അദാനി കമ്പനികളുടെ വിനിമയം നടക്കുന്നത് എന്നായിരുന്നു റിപ്പോർട്ടിന്റെ ആകെത്തുക. എന്നാൽ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന വ്യവസ്ഥാപിതമായ ആക്രമണം എന്നാണ് അദാനി റിപ്പോർട്ടിനെ വിശേഷിപ്പിച്ചിരുന്നത്.




TAGS :

Next Story