ഡാറ്റ ആവശ്യമില്ലാത്തവർക്കായി എയർടെല്ലിന്റെ 'വോയ്സ്-ഒൺലി' പ്ലാനുകൾ
പ്ലാനുകളുടെ കാലാവധിയിലാണ് പ്രധാന വ്യത്യാസമുള്ളത്

- Published:
18 Oct 2026 9:49 PM IST

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നിർദേശങ്ങൾക്ക് പിന്നാലെ, മൊബൈൽ ഡാറ്റ ഒഴിവാക്കിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് ഭാരതി എയർടെൽ. കോളുകൾക്കും എസ്എംഎസുകൾക്കും മാത്രമായി മൂന്ന് പ്രത്യേക പ്ലാനുകളാണ് എയർടെൽ പുറത്തിറക്കിയത്. 185 രൂപ, 203 രൂപ, 206 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാവുക.
ട്രായ് നിശ്ചയിച്ച ഒക്ടോബർ 21 എന്ന സമയപരിധിക്ക് തൊട്ടുമുമ്പാണ് പുതിയ ചട്ടങ്ങൾ പാലിച്ച് വോയ്സ്-ആൻഡ്-എസ്എംഎസ് പ്ലാനുകൾ പുറത്തിറക്കുന്ന ആദ്യ ടെലികോം സേവനദാതാവായി എയർടെൽ മാറിയത്. എയർടെൽ വെബ്സൈറ്റിലും ആപ്പിലും ഈ പ്ലാനുകൾ നിലവിൽ ലഭ്യമാണ്. പ്രധാനമായും കോളുകൾക്കും മെസ്സേജുകൾക്കും മാത്രമായി ഫോൺ ഉപയോഗിക്കുന്നവർക്കും ബണ്ടിൽ ചെയ്ത ഡാറ്റ ആവശ്യമില്ലാത്തവർക്കുമായാണ് ഈ പ്ലാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മൂന്ന് പ്ലാനുകളിലും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും കാലാവധിയിൽ ആകെ 300 എസ്എംഎസുകളും സൗജന്യ ഹലോട്യൂൺസ് സേവനവും ലഭിക്കും. പ്ലാനുകളുടെ കാലാവധിയിലാണ് പ്രധാന വ്യത്യാസമുള്ളത്.
185 രൂപ പ്ലാൻ: ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്.
203 രൂപ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് ആനുകൂല്യങ്ങളോടെ 30 ദിവസത്തെ കാലാവധി നൽകുന്നു
206 രൂപ പ്ലാൻ: നിശ്ചിത ദിവസങ്ങൾക്ക് പകരം കൃത്യം ഒരു കലണ്ടർ മാസത്തെ വാലിഡിറ്റിയാണ് ഇതിൽ ലഭ്യമാകുന്നത്
കോളുകൾക്ക് മാത്രമായി ഫോൺ ഉപയോഗിക്കുന്ന സാധാരണക്കാരും ഫീച്ചർ ഫോൺ ഉപയോക്താക്കളും ഉപയോഗിക്കാത്ത ഡാറ്റയ്ക്ക് അധിക തുക നൽകേണ്ടി വരുന്നുവെന്ന പരാതികൾ പരിഗണിച്ചാണ് ട്രായ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നത്. ഡാറ്റ ബണ്ടിൽ ചെയ്യാത്ത വോയ്സ്-എസ്എംഎസ് വൗച്ചറുകൾ അവതരിപ്പിക്കാൻ കഴിഞ്ഞ സെപ്റ്റംബറിലാണ് റിലയൻസ് ജിയോ, എയർടെൽ അടക്കമുള്ള സേവനദാതാക്കൾക്ക് ട്രായ് 30 ദിവസത്തെ സമയം അനുവദിച്ചത്.
ഇന്റർനെറ്റിനായി വൈഫൈ ഉപയോഗിക്കുന്നവർക്കും സെക്കൻഡറി സിം കാർഡുകൾ കോളിങ്ങിനായി മാത്രം സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും എയർടെല്ലിന്റെ ഈ പുതിയ പ്ലാനുകൾ ഉപകാരപ്രദമാകും.
Adjust Story Font
16
