ഒരു വർഷം കൊണ്ട് 800 കോടി മൂല്യം! അഞ്ജലി സർദാന, ഇന്ത്യൻ ബിസിനസ് ലോകത്തെ ഞെട്ടിച്ച 23കാരി
ഗുരുഗ്രാമിൽ ഒരു ചെറിയ ഹബ്ബിൽ നിന്ന് തുടങ്ങിയ അഞ്ജലി സർദാനയുടെ സംരംഭം ഇന്ന് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെല്ലാം തരംഗമായി മാറിക്കഴിഞ്ഞു

കോളജ് പഠനം കഴിഞ്ഞ് വെറും പന്ത്രണ്ട് മാസത്തിനുള്ളിൽ ഒരാൾക്ക് എന്ത് ചെയ്യാൻ സാധിക്കും? മിക്കവരും കരിയർ പ്ലാനുകൾ തയ്യാറാക്കുന്ന തിരക്കിലായിരിക്കുമ്പോൾ, അഞ്ജലി സർദാന എന്ന 23കാരി തന്റെ സ്റ്റാർട്ടപ്പായ 'പ്രോന്റോ'യെ ഏകദേശം 800 കോടി രൂപ (100 മില്യൺ ഡോളർ) മൂല്യമുള്ള കമ്പനിയായി വളർത്തിക്കഴിഞ്ഞു. ഗുരുഗ്രാമിൽ ഒരു ചെറിയ ഹബ്ബിൽ നിന്ന് തുടങ്ങിയ ഈ സംരംഭം ഇന്ന് ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെല്ലാം തരംഗമായി മാറിക്കഴിഞ്ഞു. സാധാരണ ഒരു തുടക്കക്കാരിയല്ല താനെന്ന് തന്റെ ഓരോ ചുവടുവെപ്പിലൂടെയും അഞ്ജലി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
അഞ്ജലിയുടെ വിജയം ഭാഗ്യം കൊണ്ട് ഉണ്ടായതല്ല, മറിച്ച് കൃത്യമായ തയ്യാറെടുപ്പിന്റെ ഫലമാണ്. 2024ൽ അമേരിക്കയിലെ പ്രശസ്തമായ ജോർജ് ടൗൺ സർവകലാശാലയിൽ നിന്ന് ബയോളജിയിൽ ഒന്നാം റാങ്കോടെയാണ് അവൾ പുറത്തിറങ്ങിയത്. സയൻസ് വിദ്യാർഥിയായിരുന്നിട്ടും ധനകാര്യ വിപണിയിലായിരുന്നു അവളുടെ കണ്ണുകൾ. പഠനകാലത്ത് തന്നെ ശതകോടികളുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫിസുകളിൽ പ്രവർത്തിച്ചും, മോർഗൻ സ്റ്റാൻലി, ബെയ്ൻ ക്യാപിറ്റൽ തുടങ്ങിയ ആഗോള ഭീമന്മാർക്കൊപ്പം ട്രെയിനിങ് നേടിയും അവൾ വിപണിയുടെ നാഡിമിടിപ്പ് സൂക്ഷ്മമായി പേടിച്ചിരുന്നു. നിക്ഷേപകർ എന്താണ് ആഗ്രഹിക്കുന്നതെന്നും ഒരു ബിസിനസ് എങ്ങനെ വലിയ തലത്തിലേക്ക് ഉയർത്താമെന്നും അവൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.
പ്രശ്നപരിഹാരമായി പിറന്ന 'പ്രോന്റോ'
ഇന്ത്യയിലെ വീട്ടുജോലിക്കാരുടെ സേവന മേഖല ഇപ്പോഴും ഏറെക്കുറെ അസംഘടിതമാണ്. വിശ്വസ്തരായ ആളുകളെ കണ്ടെത്തുക എന്നത് പലപ്പോഴും വീട്ടമ്മമാർക്കും പ്രൊഫഷണലുകൾക്കും വലിയ തലവേദനയായിരുന്നു. ഈ വിടവ് നികത്താനാണ് 2025ന്റെ തുടക്കത്തിൽ അഞ്ജലി പ്രോന്റോ ആരംഭിച്ചത്. ക്ലീനിങ്, പാത്രം കഴുകൽ, അലക്ക് തുടങ്ങിയ ദൈനംദിന ജോലികൾക്കായി പ്രത്യേക പരിശീലനം ലഭിച്ച തൊഴിലാളികളെ ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കി. വെറും 10 മിനിറ്റിനുള്ളിൽ സേവനം ഉറപ്പാക്കുന്നു എന്നതാണ് പ്രോന്റോയുടെ ഏറ്റവും വലിയ പ്രത്യേകത. കൃത്യമായ വെരിഫിക്കേഷനും പരിശീലനവും കഴിഞ്ഞ തൊഴിലാളികൾ, പ്രത്യേകിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായ വരുമാന മാർഗം കൂടി ഇതിലൂടെ ലഭിക്കുന്നു.
കുതിച്ചുയരുന്ന വളർച്ചാ ഗ്രാഫ്
ഒരു ഹബ്ബും പ്രതിദിനം 170 ബുക്കിങ്ങുമായി തുടങ്ങിയ പ്രോന്റോയുടെ വളർച്ച അതിവേഗമായിരുന്നു. വെറും മാസങ്ങൾക്കുള്ളിൽ ബുക്കിങ്ങുകളുടെ എണ്ണം 18,000 കടന്നു. നിലവിൽ ഡൽഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ഈ സേവനം ലഭ്യമാണ്. അസംഘടിത മേഖലയിൽ ഇത്രയും കൃത്യതയാർന്ന ഒരു ശൃംഖല കെട്ടിപ്പടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ സാങ്കേതിക വിദ്യയും മികച്ച മാനേജ്‌മെന്റും ഒത്തുചേർന്നപ്പോൾ പ്രോന്റോയ്ക്ക് ആ പ്രതിസന്ധികളെല്ലാം എളുപ്പത്തിൽ മറികടക്കാൻ സാധിച്ചു.
വിപണിയിലെ നിക്ഷേപവും മത്സരവും
കമ്പനിയുടെ ഈ അസാമാന്യ വളർച്ച കണ്ടതോടെ നിക്ഷേപകരും മത്സരരംഗത്തെത്തി. 2026 മാർച്ചിൽ എപിക് ക്യാപിറ്റൽ, ജനറൽ കാറ്റലിസ്റ്റ് തുടങ്ങിയ പ്രമുഖരിൽ നിന്നായി 25 മില്യൺ ഡോളറാണ് കമ്പനി സമാഹരിച്ചത്. ഇതോടെയാണ് പ്രോന്റോയുടെ മൂല്യം 100 മില്യൺ ഡോളറിലെത്തിയത്. എങ്കിലും വിപണിയിൽ വെല്ലുവിളികൾ കുറവല്ല. അർബൻ കമ്പനിയുടെ 'ഇൻസ്റ്റാഹെൽപ്പ്' പോലുള്ള വമ്പൻമാർ പ്രതിദിനം 50,000ത്തിലധികം ബുക്കിങ്ങുകളുമായി വിപണിയിൽ ശക്തമായ സാന്നിധ്യമാണ്. ഈ വലിയ മത്സരത്തിനിടയിലും സ്വന്തം തനിമയും വേഗതയും നിലനിർത്തിക്കൊണ്ട് മുന്നേറുന്ന അഞ്ജലി സർദാന പുതിയ കാലത്തെ സംരംഭകർക്ക് വലിയൊരു മാതൃകയാണ്.
Adjust Story Font
16

