Quantcast

നഷ്ടം പെരുത്തു; പന്ത്രണ്ടായിരം ജീവനക്കാരെ പിരിച്ചുവിടാൻ ബൈജൂസ്

2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം

MediaOne Logo

Web Desk

  • Published:

    27 Oct 2022 6:44 AM GMT

നഷ്ടം പെരുത്തു; പന്ത്രണ്ടായിരം ജീവനക്കാരെ പിരിച്ചുവിടാൻ ബൈജൂസ്
X

മുംബൈ: നഷ്ടം കനത്തതോടെ നാലിലൊരു വിഭാഗം ജീവനക്കാരെയും പിരിച്ചുവിടാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ എജ്യുക്കേഷണൽ ടെക്‌നോളജി കമ്പനി ബൈജൂസ്. പന്ത്രണ്ടായിരം ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ടെക്‌നോളജി-ബിസിനസ് വെബ്‌സൈറ്റായ ദ മോണിങ് കോൺടക്‌സ്റ്റ് ഡോട് കോം റിപ്പോർട്ടു ചെയ്തു.

ആറു മാസത്തിനിടെ 2500 ജീവനക്കാരെ തൊഴിൽ ശേഷിയിൽനിന്ന് കുറയ്ക്കുമെന്നാണ് കമ്പനി സഹസ്ഥാപക ദിവ്യ ഗോകുൽനാഥും ചീഫ് ഓപറേറ്റിങ് ഓഫീസർ മൃണാൽ മോഹിതും പ്രത്യേകം വാർത്താ സമ്മേളനങ്ങളിൽ നേരത്തെ അറിയിച്ചിരുന്നത്. ലാഭസാധ്യതാ ഘടകം പരിഗണിച്ചാണ് പിരിച്ചുവിടൽ എന്നായിരുന്നു വിശദീകരണം. തിരുവനന്തപുരം ടെക്‌നോ പാർക്കിൽ അടക്കമുള്ള ജീവനക്കാർക്ക് പരിച്ചുവിടൽ നോട്ടീസ് ലഭിച്ചു. കേരളത്തില്‍ 170ലേറെ ജീവനക്കാർക്കാണ് നോട്ടീസ് കിട്ടിയത്.

2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ആ വർഷത്തെ ലാഭമോ നഷ്ടമോ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഓഫ് ലൈന്‍ ട്യൂഷൻ കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി പതിനായിരം അധ്യാപകരെ റിക്രൂട്ട് ചെയ്യാനും കമ്പനി ആലോചിക്കുന്നുണ്ട്. നിലവിൽ 20,000 അധ്യാപകർ കമ്പനിക്കു കീഴിൽ ജോലി ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എജ്യു സ്റ്റാർട്ടപ്പാണ് മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ്. 22 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. ആകാശ അടക്കമുള്ള വമ്പൻ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തെങ്കിലും ഓൺലൈൻ ട്യൂഷൻ രംഗത്ത് മത്സരം കടുത്തത് ബൈജൂസിന്റെ വളർച്ചയ്ക്ക് തടസ്സമായി. രണ്ടു വർഷത്തിനിടെ മാത്രം ഏറ്റെടുക്കലുകൾക്ക് മാത്രമായി 2.5 ബില്യൺ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥാനമായ കമ്പനി ചെലവഴിച്ചിരുന്നത്.

Summary: Byju's, India's largest edu-tech company, with a valuation north of $22 billion, plans to lay off about 12,000 people, nearly 25% of its total workforce, over the next year

TAGS :

Next Story