പെട്രോള്‍, ഡീസല്‍ കയറ്റുമതി തീരുവ കുറച്ച് കേന്ദ്രം; ആഭ്യന്തര വിപണിയില്‍ വില കുറയില്ല
ആഗോള വിലയിലുണ്ടായ കുറവ് കണക്കിലെടുത്താണ് മാറ്റം

- Published:
31 May 2026 10:30 AM IST

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനുമുള്ള കയറ്റുമതി തീരുവ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് മൂന്ന് രൂപയില്‍നിന്ന് 1.5 രൂപയായും ഡീസലിന്റേത് ലിറ്ററിന് 16.5 രൂപയില്‍നിന്ന് 13.5 രൂപയായും കുറച്ചു. വിമാന ഇന്ധനത്തിന് 16 രൂപയില്‍നിന്ന് ലിറ്ററിന് 9.5 രൂപയായി കുറയും. ആഗോള വിലയിലുണ്ടായ കുറവ് കണക്കിലെടുത്താണ് മാറ്റം. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍വരും.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്ധന കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അധികതീരുവ ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം, കയറ്റുമതി തീരുവയില്‍ കുറവ് വരുത്തിയത് ആഭ്യന്തര വിപണിയിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടാക്കില്ല. സാധാരണ ഉപഭോക്താക്കള്‍ നല്‍കുന്ന എക്‌സൈസ് ഡ്യൂട്ടി നിലവിലുള്ള നിരക്കില്‍ തന്നെ തുടരും.
പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് അസംസ്‌കൃത എണ്ണവില വര്‍ധിച്ചത് ചൂണ്ടിക്കാട്ടി രാജ്യത്ത് രണ്ടാഴ്ചക്കിടെ നാല് തവണ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. അതേസമയം, യുദ്ധം രൂക്ഷമായ സമയത്ത് ബാരലിന് 110 ഡോളര്‍ വരെ വര്‍ധിച്ച അസംസ്‌കൃത എണ്ണവില നിലവില്‍ 91 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
Adjust Story Font
16
