Quantcast

ഓഹരി വിപണിയില്‍ പണം വാരാന്‍ എട്ട് മാര്‍ഗങ്ങള്‍

ഓഹരി വിപണിയില്‍ വിജയിക്കുന്നവര്‍ എല്ലായ്‌പ്പോഴും ഏറ്റവും കൂടുതല്‍ റിസ്‌ക് എടുക്കുന്നവരല്ല. ശരിയായ അറിവോടെ, ക്ഷമയോടെ, ദീര്‍ഘകാല കാഴ്ചപ്പാടോടെ നിക്ഷേപിക്കുന്നവരാണ് കൂടുതല്‍ വിജയിക്കുന്നത്

MediaOne Logo

Web Desk

  • Published:

    5 July 2026 11:02 AM IST

ഓഹരി വിപണിയില്‍ പണം വാരാന്‍ എട്ട് മാര്‍ഗങ്ങള്‍
X

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ എവിടെ തുടങ്ങണമെന്ന് അറിയില്ലേ? ഡിമാറ്റ് അക്കൗണ്ട് തുറന്നാല്‍ മാത്രം മതി എന്ന് പലരും കരുതുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ ഓഹരി വിപണി എന്നത് ഒരൊറ്റ നിക്ഷേപ മാര്‍ഗമല്ല. അതിനുള്ളില്‍ നിരവധി വിഭാഗങ്ങളുണ്ട്. ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ അഥവാ ഇടിഎഫുകള്‍, ആര്‍ഇഐടികള്‍ ഇന്‍വിറ്റുകള്‍, ബോണ്ടുകള്‍, ഗോള്‍ഡ് ETF-കള്‍, ഫ്യൂച്ചേഴ്സ്, ഓപ്ഷന്‍സ് തുടങ്ങി ഓരോ വിഭാഗത്തിനും വ്യത്യസ്തമായ റിസ്‌കും അവസരങ്ങളുമുണ്ട്. ഇവയെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതെ നിക്ഷേപം ആരംഭിച്ചാല്‍ നഷ്ടസാധ്യത കൂടുതലാണ്്. അതിനാല്‍ ഓഹരി വിപണിയില്‍ ലഭ്യമായ പ്രധാന നിക്ഷേപ മാര്‍ഗങ്ങളെ ലളിതമായി പരിചയപ്പെടാം.

ആദ്യം ഓഹരികള്‍ അഥവാ ഇക്വിറ്റിയെക്കുറിച്ച് നോക്കാം. ഒരു കമ്പനിയുടെ ചെറിയ ഉടമസ്ഥാവകാശമാണ് ഒരു ഷെയര്‍. ഉദാഹരണത്തിന് ഒരു കമ്പനിയുടെ ഓഹരികള്‍ വാങ്ങിയാല്‍ ആ കമ്പനിയുടെ ഭാഗിക ഉടമയാണ് നിങ്ങള്‍. കമ്പനി വളരുന്നതിനനുസരിച്ച് ഓഹരിയുടെ വില ഉയരാനും ലാഭവിഹിതം അഥവാ ഡിവിഡന്‍ഡ് ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ കമ്പനിയുടെ പ്രകടനം മോശമായാല്‍ ഓഹരിയുടെ വില കുറയാനും നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ കമ്പനിയുടെ ബിസിനസ്, വരുമാനം, കടബാധ്യത, ഭാവി സാധ്യതകള്‍ എന്നിവ വിലയിരുത്തിയാണ് ഓഹരി തിരഞ്ഞെടുക്കേണ്ടത്.

രണ്ടാമത്തേത് മ്യൂച്ചല്‍ ഫണ്ടുകളാണ്. ഓഹരി വിപണിയെക്കുറിച്ച് കൂടുതല്‍ അറിവില്ലാത്തവര്‍ക്കും സമയം കണ്ടെത്താന്‍ കഴിയാത്തവര്‍ക്കും ഏറ്റവും അനുയോജ്യമായ മാര്‍ഗങ്ങളിലൊന്നാണിത്. നിരവധി നിക്ഷേപകരില്‍ നിന്ന് പണം സമാഹരിച്ച് ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ വിവിധ ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്നു. അതിനാല്‍ ഒരൊറ്റ കമ്പനിയില്‍ ആശ്രയിക്കാതെ വൈവിധ്യമാര്‍ന്ന നിക്ഷേപം ലഭിക്കുന്നു. ചെറിയ തുക മുതല്‍ SIP വഴി സ്ഥിരമായി നിക്ഷേപിക്കാനും കഴിയും.

മൂന്നാമത്തേത് ETF അഥവാ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളാണ്. ഇവ മ്യൂച്ചല്‍ ഫണ്ടിനും ഓഹരിക്കും ഇടയിലുള്ള ഒരു നിക്ഷേപ മാര്‍ഗമാണ്. ഉദാഹരണത്തിന് നിഫ്റ്റി 50 ETF വാങ്ങിയാല്‍ നിഫ്റ്റി സൂചികയിലെ പ്രമുഖ കമ്പനികളില്‍ ഒരുമിച്ച് നിക്ഷേപിക്കുന്നതുപോലെയാണ്. ചെലവ് താരതമ്യേന കുറവായതിനാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ പലരും ETF-കളെ തിരഞ്ഞെടുക്കുന്നു.

നാലാമത്തേത് ബോണ്ടുകളാണ്. കമ്പനികളോ സര്‍ക്കാരോ പണം കടം വാങ്ങുന്നതിനായി പുറത്തിറക്കുന്ന ധനകാര്യ ഉപകരണങ്ങളാണ് ബോണ്ടുകള്‍. ഓഹരികളേക്കാള്‍ സ്ഥിരതയുള്ള വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്ക് ഇവ അനുയോജ്യമായേക്കാം. എന്നാല്‍ ബോണ്ടുകള്‍ക്കും പലിശനിരക്കിലെയും വായ്പാ തിരിച്ചടവിലെയും റിസ്‌കുകള്‍ ഉണ്ടെന്ന കാര്യം ശ്രദ്ധിക്കണം.

അഞ്ചാമത്തേത് റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റാണ്. വലിയ ഓഫീസ് കെട്ടിടങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, വാണിജ്യ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ എന്നിവയില്‍ നേരിട്ട് സ്വത്ത് വാങ്ങാതെ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് REIT അഥവാ റിയല്‍എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്. വാടക വരുമാനത്തില്‍ നിന്നുള്ള ഒരു ഭാഗം നിക്ഷേപകര്‍ക്ക് വിതരണം ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത.

ആറാമത്തേത് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ്. ദേശീയപാതകള്‍, വൈദ്യുതി ട്രാന്‍സ്മിഷന്‍ ലൈനുകള്‍, ഗ്യാസ് പൈപ്പ്ലൈനുകള്‍ പോലുള്ള അടിസ്ഥാനസൗകര്യ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ INVIT സഹായിക്കുന്നു. സ്ഥിരമായ പണമൊഴുക്ക് ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് ഇത് ഒരു ഓപ്ഷനായേക്കാം.

ഏഴാമത്തേത് സ്വര്‍ണവുമായി ബന്ധപ്പെട്ട നിക്ഷേപമാണ്. ഗോള്‍ഡ് ഇടിഎഫുകളും സോവറിന്‍ ഗോള്‍ഡ് ബോണ്ടുമാണ് ഇതില്‍ വരുന്നത്. ഫിസിക്കല്‍ ഗോള്‍ഡിനേക്കാള്‍ നിക്ഷേപിക്കാന്‍ അനുയോജ്യം ഇത്തരം ഫണ്ടുകളാണ്.

ഇനി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ.് ഇതൊരു തരം 'അഡ്വാന്‍സ് കരാര്‍' ആണ്. ഉദാഹരണത്തിന്, അടുത്ത മാസം സ്വര്‍ണ്ണത്തിന് വില കൂടും എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍, നിങ്ങള്‍ ഇന്ന് തന്നെ ഒരു വ്യാപാരിയുമായി സംസാരിച്ച് അടുത്ത മാസത്തേക്ക് ഒരു വില ഉറപ്പിച്ചു വെക്കുന്നു. അടുത്ത മാസം സ്വര്‍ണ്ണത്തിന് വില കൂടിയാല്‍ നിങ്ങള്‍ക്ക് ലാഭം, വില കുറഞ്ഞാല്‍ നഷ്ടം. ഇതേ കാര്യം ഷെയര്‍ മാര്‍ക്കറ്റില്‍ ചെയ്യുന്നതിനെയാണ് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് എന്ന് പറയുന്നത്. ഇതില്‍ 'ഫ്യൂച്ചേഴ്‌സ്' എന്ന് പറഞ്ഞാല്‍, നമ്മള്‍ ഉറപ്പിച്ച വിലയ്ക്ക് ഭാവിയില്‍ ആ ഷെയര്‍ നിര്‍ബന്ധമായും വാങ്ങുകയോ വില്‍ക്കുകയോ ചെയ്യണം.

എന്നാല്‍ 'ഓപ്ഷന്‍സില്‍' മാര്‍ക്കറ്റ് നമുക്ക് അനുകൂലമല്ലെങ്കില്‍ ആ ഡീല്‍ വേണ്ടെന്നു വെക്കാനുള്ള 'അവകാശം' നമുക്കുണ്ട്. അതിനായി നമ്മള്‍ ഒരു ചെറിയ തുക പ്രീമിയം ആയി നല്‍കിയാല്‍ മാത്രം മതി. കുറഞ്ഞ മുതല്‍മുടക്കില്‍ വലിയ ലാഭം ഉണ്ടാക്കാം എന്നതാണ് ഇതിന്റെ ആകര്‍ഷണം. പക്ഷേ, നമ്മള്‍ വിചാരിച്ച പോലെ മാര്‍ക്കറ്റ് പോയില്ലെങ്കില്‍ മുടക്കുമുതല്‍ മുഴുവന്‍ നഷ്ടപ്പെടാന്‍ നിമിഷങ്ങള്‍ മാത്രം മതി!

ഇനി ഒരു ചോദ്യം. ഇത്രയും നിക്ഷേപ മാര്‍ഗങ്ങളില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടത്? അതിന്റെ ഉത്തരം ഓരോ വ്യക്തിയുടെയും ലക്ഷ്യത്തെയും റിസ്‌ക് സ്വീകരിക്കാനുള്ള മനോഭാവത്തെയും ആശ്രയിച്ചിരിക്കുന്നു. ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഗുണമേന്മയുള്ള ഓഹരികളും ഇന്‍ഡക്‌സ് ഫണ്ടുകളും മ്യൂച്ചല്‍ ഫണ്ടുകളും പരിഗണിക്കാം. സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ബോണ്ടുകളോ ചില ആര്‍ഇഐടികളോ അനുയോജ്യമായേക്കാം. പോര്‍ട്ട്‌ഫോളിയോയില്‍ വൈവിധ്യം കൊണ്ടുവരാന്‍ ഗോള്‍ഡും ഇടിഎഫും ഉപയോഗിക്കാം. എന്നാല്‍ ഒരു വിഭാഗത്തിലും നിക്ഷേപിക്കുന്നതിന് മുമ്പ് അതിന്റെ റിസ്‌കും പ്രവര്‍ത്തനരീതിയും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

ഓഹരി വിപണിയില്‍ വിജയിക്കുന്നവര്‍ എല്ലായ്‌പ്പോഴും ഏറ്റവും കൂടുതല്‍ റിസ്‌ക് എടുക്കുന്നവരല്ല. ശരിയായ അറിവോടെ, ക്ഷമയോടെ, ദീര്‍ഘകാല കാഴ്ചപ്പാടോടെ നിക്ഷേപിക്കുന്നവരാണ് കൂടുതല്‍ വിജയിക്കുന്നത്. വേഗത്തില്‍ ലാഭം നേടാനുള്ള ശ്രമം പലപ്പോഴും വലിയ നഷ്ടത്തിലേക്ക് നയിക്കാം. അതിനാല്‍ ആദ്യം പഠിക്കുക, പിന്നീട് ചെറിയ തുക ഉപയോഗിച്ച് തുടങ്ങുക, അനുഭവം വര്‍ധിക്കുന്നതിനനുസരിച്ച് നിക്ഷേപം വികസിപ്പിക്കുക.


TAGS :

Next Story