സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് സന്തോഷ വാർത്ത; പെൻഷൻ അഞ്ച് മടങ്ങ് വർദ്ധിപ്പിക്കാൻ ഇപിഎഫ്ഒ: സാധ്യത ഇങ്ങനെ
നയപരമായ ചർച്ചകളിലോ കേന്ദ്ര ബജറ്റിലോ പ്രഖ്യാപനം ഉണ്ടായേക്കാം

- Updated:
2026-01-08 07:23:22.0

ന്യൂഡൽഹി: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പെൻഷൻ വർദ്ധിപ്പിക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പദ്ധതി തയാറാക്കുന്നതായി റിപ്പോർട്ട്.
പെൻഷൻ തുക 1,000 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്താൻ ഇപിഎഫ്ഒ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുത്താണ് നടപടിയെന്നും പറയുന്നു. ജീവനക്കാരുടെ യൂണിയനുകളും പെൻഷൻ വാങ്ങുന്നവരുടെ സംഘടനകളും ഈ നിർദേശത്തെ പിന്തുണച്ചു ഇതിനോടകംതന്നെ രംഗത്തെത്തി. കേന്ദ്ര സർക്കാർ തീരുമാനത്തെ ആശ്രയിച്ചായിരിക്കും അന്തിമ അംഗീകാരം. നയപരമായ ചർച്ചകളിലോ കേന്ദ്ര ബജറ്റിലോ പ്രഖ്യാപനം ഉണ്ടായേക്കാമെന്നും പറയുന്നു.
യോഗ്യമായ സ്ഥാനത്തുനിന്ന് വിരമിച്ചവർക്ക് കുറഞ്ഞത് 1,000 രൂപ പ്രതിമാസ പെൻഷനാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ തുക, വർഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുക്കുമ്പോൾ, തുകയിൽ ഗണ്യമായ വർദ്ധനവ് സർക്കാർ പരിഗണിക്കുന്നു.
ഇപിഎഫ്ഒ സംവിധാനത്തിന്റെ ഭാഗമായ എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്-95) പ്രകാരമാണ് പെൻഷൻ നൽകുന്നത്. ജോലി ചെയ്യുന്ന കാലഘട്ടത്തിൽ ഇപിഎഫിലേക്ക് സംഭാവന നൽകുന്ന ജീവനക്കാർക്ക് ഇപിഎസിന്റെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. കുറഞ്ഞത് 10 വർഷത്തെ സേവന പരിചയം ആവശ്യമാണ്. പെൻഷൻ പേയ്‌മെന്റുകൾ സാധാരണയായി 58 വയസ്സിന് ശേഷമാണ് ആരംഭിക്കുന്നത്. ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ ജീവനക്കാർ, ഇപിഎസ് സേവന യോഗ്യത നിറവേറ്റുന്ന വിരമിച്ചവർ, മിനിമം പെൻഷൻ വാങ്ങുന്ന നിലവിലെ പെൻഷൻകാർ എന്നിവർക്കാണ് ആനുകൂല്യം ലഭിക്കുക.
അതിനിടെ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടാനുള്ള വേതനപരിധി ഉയർത്തുന്നത് സംബന്ധിച്ച് നാല് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശം നൽകി.
Adjust Story Font
16
