Quantcast

സ്വര്‍ണം വീണ്ടും ഇടിഞ്ഞു; ഈ മാസത്തെ കുറഞ്ഞനിരക്കില്‍

ബുധനാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 4,159.45 ഡോളറിലാണ് വ്യാപാരം നടന്നത്

MediaOne Logo

Web Desk

  • Published:

    14 Oct 2026 10:45 AM IST

സ്വര്‍ണം വീണ്ടും ഇടിഞ്ഞു; ഈ മാസത്തെ കുറഞ്ഞനിരക്കില്‍
X

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 95 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,590 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 760 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,08,720 രൂപയായാണ് കുറഞ്ഞത്. നാല് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2320 രൂപയുടെ കുറവുണ്ടായി.

അതേസമയം, യുഎസിലെ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കെ ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ല. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് നയത്തെക്കുറിച്ചുള്ള സൂചനകള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതാണ് സ്വര്‍ണവിപണിയെ ജാഗ്രതയിലാക്കുന്നത്.ബുധനാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 4,159.45 ഡോളറിലാണ് വ്യാപാരം നടന്നത്. ഡിസംബറിലെ വിതരണത്തിനുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.1 ശതമാനം ഉയര്‍ന്ന് 4,182.60 ഡോളറിലെത്തി.

യുഎസിന്റെ ഉപഭോക്തൃ വില സൂചികയായ (CPI) സംബന്ധിച്ച കണക്കുകളാണ് വിപണി പ്രധാനമായും ഉറ്റുനോക്കുന്നത്. പണപ്പെരുപ്പത്തിന്റെ ഗതിയും ഫെഡറല്‍ റിസര്‍വിന്റെ തുടര്‍നടപടികളും സംബന്ധിച്ച് ഈ കണക്കുകള്‍ നിര്‍ണായക സൂചനകള്‍ നല്‍കും. വ്യാഴാഴ്ച പുറത്തുവരുന്ന ഉല്‍പ്പാദക വില സൂചിക (PPI), റീട്ടെയില്‍ വില്‍പ്പന കണക്കുകള്‍ എന്നിവയും സ്വര്‍ണവിലയുടെ ദിശയെ സ്വാധീനിച്ചേക്കും.

പലിശനിരക്ക് ഉയരുമോ?

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി ഈ വര്‍ഷം ഒരിക്കല്‍ക്കൂടി പലിശനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന നിലപാട് ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് പ്രസിഡന്റ് ജോണ്‍ വില്യംസ് ആവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, യുഎസ് ബോണ്ട് വരുമാനത്തിലെ വര്‍ധന സാമ്പത്തിക വളര്‍ച്ചയുടെ പ്രതിഫലനമാണെന്നും പണപ്പെരുപ്പ പ്രതീക്ഷകളിലെ വര്‍ധനയല്ലെന്നും ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലര്‍ അഭിപ്രായപ്പെട്ടു.

വിപണി കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ യുഎസ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത 23 ശതമാനമാണ്. ഡിസംബറില്‍ നിരക്ക് വര്‍ധനയുണ്ടാകാനുള്ള സാധ്യത 88 ശതമാനമായും വ്യാപാരികള്‍ വിലയിരുത്തുന്നു.

TAGS :

Next Story