ഏപ്രിൽ മുതൽ മാർച്ച് വരെ: ഈ സാമ്പത്തിക വർഷം നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന ആദായനികുതി തീയതികൾ
കൃത്യസമയത്ത് കാര്യങ്ങൾ ചെയ്തില്ലെങ്കിൽ വലിയ തുക പിഴയായോ അവസാന നിമിഷത്തെ വെപ്രാളമായോ അത് നിങ്ങളെ ബാധിച്ചേക്കാം

- Published:
13 April 2026 9:48 PM IST

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് ജൂലൈ മാസത്തിൽ മാത്രമുള്ള ജോലിയാണെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. പുതിയ സാമ്പത്തിക വർഷം (FY27) ആരംഭിച്ചതോടെ, നികുതിയുമായി ബന്ധപ്പെട്ട സുപ്രധാന തീയതികളും ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യസമയത്ത് കാര്യങ്ങൾ ചെയ്തില്ലെങ്കിൽ വലിയ തുക പിഴയായോ അവസാന നിമിഷത്തെ വെപ്രാളമായോ അത് നിങ്ങളെ ബാധിച്ചേക്കാം.
ഏപ്രിൽ മുതൽ തുടങ്ങുന്ന ഡെഡ്‌ലൈൻ
സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ തന്നെ നികുതി ജോലികൾ ആരംഭിക്കുന്നു. ഏപ്രിൽ 14-നകം ടിഡിഎസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതും വിദേശ പണമയക്കൽ പ്രസ്താവനകൾ ഫയൽ ചെയ്യുന്നതും പൂർത്തിയാക്കണം. ഏപ്രിൽ 30-ന് മറ്റൊരു പ്രധാന സമയപരിധിയുണ്ട്. മാർച്ചിലെ ടിഡിഎസ്, ടിസിഎസ് എന്നിവ നിക്ഷേപിക്കേണ്ട അവസാന തീയതിയാണിത്. കൂടാതെ, ഫോം 15G, 15H തുടങ്ങിയവ സമർപ്പിക്കേണ്ടതും ഈ മാസമാണ്.
മേയ് മാസത്തിലെ കടമകൾ
മേയ് മാസത്തിലും നികുതി ജോലികൾക്ക് കുറവില്ല. ഏപ്രിൽ മാസത്തെ ടിഡിഎസ്, ടിസിഎസ് എന്നിവ മേയ് ഏഴിനകം അടയ്ക്കണം. മേയ് 15-ഓടെ ക്വാർട്ടർലി സ്റ്റേറ്റ്മെന്റുകൾ നൽകേണ്ടതുണ്ട്. മുൻ സാമ്പത്തിക വർഷത്തെ ടിസിഎസ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള അവസാന തീയതി മേയ് 30 ആണ്. മേയ് 31-നകം വാർഷിക സാമ്പത്തിക ഇടപാടുകൾ (Form 61A), സംഭാവനകൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
ജൂൺ: അഡ്വാൻസ് ടാക്‌സ് സമയം
ജൂൺ മാസം ശമ്പളക്കാർക്കും നിക്ഷേപകർക്കും ഏറെ പ്രധാനമാണ്. ജൂൺ 15-നകം സാമ്പത്തിക വർഷത്തെ ആദ്യ ഗഡു അഡ്വാൻസ് ടാക്‌സ് അടച്ചിരിക്കണം. ഇതേ ദിവസം തന്നെ ശമ്പളക്കാരുടെ ടിഡിഎസ് സർട്ടിഫിക്കറ്റുകളും ലഭ്യമാകും. നിക്ഷേപ ഫണ്ടുകളുമായും സെക്യൂരിറ്റീസ് ഇടപാടുകളുമായും ബന്ധപ്പെട്ട റിപ്പോർട്ടിങ് ജൂൺ 30-നകം പൂർത്തിയാക്കണം.
ജൂലൈ: ഐടിആർ ഫയലിങ് മാസം
സാധാരണക്കാർക്കും ശമ്പളക്കാർക്കും ഏറ്റവും പ്രധാനപ്പെട്ട മാസമാണ് ജൂലൈ. ജൂലൈ 31-നകം ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കണം. പിഴ ഒഴിവാക്കാൻ റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് എല്ലാ നികുതി ബാധ്യതകളും തീർപ്പാക്കേണ്ടതുണ്ട്.
ജൂലൈ കഴിഞ്ഞാലും നികുതി ബാധ്യതകൾ തീരുന്നില്ല
- സെപ്റ്റംബർ 15: അഡ്വാൻസ് ടാക്‌സ് രണ്ടാം ഗഡു
- ഒക്ടോബർ 31: ഓഡിറ്റിങ് ആവശ്യമുള്ളവരുടെ ഐടിആർ സമർപ്പിക്കാനുള്ള അവസാന തീയതി
- നവംബർ 30: ട്രാൻസ്ഫർ പ്രൈസിങ് റിപ്പോർട്ടുകൾ സമർപ്പിക്കണം
- ഡിസംബർ 15: അഡ്വാൻസ് ടാക്‌സ് മൂന്നാം ഗഡു
- ഡിസംബർ 31: വൈകിയോ തിരുത്തിയോ ഉള്ള റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന അവസരം
സാമ്പത്തിക വർഷം അവസാനിപ്പിക്കുമ്പോൾ
ജനുവരി, ഫെബ്രുവരി മാസങ്ങൾ നികുതി ആസൂത്രണത്തിനുള്ളതാണ്. നിക്ഷേപ രേഖകൾ തൊഴിലുടമയ്ക്ക് സമർപ്പിക്കേണ്ടത് ഈ സമയത്താണ്. മാർച്ച് 15-നകം അവസാന ഗഡു അഡ്വാൻസ് ടാക്‌സ് അടയ്ക്കണം. മാർച്ച് 31-ഓടെ ആ വർഷത്തെ നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങൾ പൂർത്തിയാക്കി അടുത്ത സാമ്പത്തിക വർഷത്തിലേക്ക് കടക്കാം. മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാനും പിഴയിൽ നിന്ന് രക്ഷപ്പെടാനും സഹായിക്കും. ഒരു ചെറിയ ശ്രദ്ധ നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും.
Adjust Story Font
16
