Quantcast

'ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചുകാട്ടി തട്ടിപ്പ്': ഡോര്‍സിയുടെ ബ്ലോക്കിനെതിരെ ഹിന്‍ഡന്‍ബര്‍ഗ്

ബ്ലോക്കിലെ 40 ശതമാനം മുതല്‍ 75 ശതമാനം വരെ അക്കൗണ്ടുകളും വ്യാജമാണെന്നാണ് കണ്ടെത്തല്‍

MediaOne Logo

Web Desk

  • Updated:

    2023-03-24 03:15:02.0

Published:

24 March 2023 3:11 AM GMT

Hindenburg Research Latest Report Targets Jack Dorseys Block
X

വാഷിങ്ടണ്‍: വ്യവസായി ഗൗതം അദാനിക്കെതിരായ റിപ്പോര്‍ട്ടിന് പിന്നാലെ ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക് ഡോര്‍സിയുടെ കമ്പനിക്കെതിരെ അമേരിക്കന്‍ ഫോറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. പേയ്‍മെന്‍റ് സംവിധാനമായ ബ്ലോക്കിനെതിരെയാണ് വെളിപ്പെടുത്തല്‍.

ബ്ലോക്ക് ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ളത്. ബ്ലോക്കിലെ 40 ശതമാനം മുതല്‍ 75 ശതമാനം വരെ അക്കൗണ്ടുകളും വ്യാജമാണെന്നാണ് കണ്ടെത്തല്‍. കണക്കുകളില്‍ കൃത്രിമം കാണിച്ച് നിയന്ത്രണങ്ങളെ മറികടക്കാനും വായ്പകള്‍ നേടാനും ശ്രമിച്ചു. ഇതിലൂടെ നിക്ഷേപകരെയും ഉപഭോക്താക്കളെയും വഞ്ചിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒരാള്‍ക്കു തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍ ബ്ലോക്കിലുണ്ടെന്നും സാമ്പത്തിക തട്ടിപ്പിനും മറ്റുമായി അക്കൗണ്ടുകള്‍ ഉണ്ടാക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അത്തരത്തിലുള്ള പല അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. എന്നിട്ടും പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയുന്നു. മുന്‍ ജീവനക്കാരുമായി സംസാരിച്ചും വിവിധ രേഖകള്‍ പരിശോധിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഹിന്‍ഡന്‍ബര്‍ഗ് അവകാശപ്പെട്ടു.

കോവിഡ് കാലത്ത് ബ്ലോക്കിന്‍റെ ഓഹരി മൂല്യം ഉയര്‍ന്നതോടെ കമ്പനിയുടെ 100 കോടി ഡോളറിന്റെ ഓഹരി വിറ്റിരുന്നു. ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വന്നതോടെ ബ്ലോക്കിന്റെ ഓഹരിയില്‍ 20 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്. ബ്ലോക്ക് നേരത്തെ സ്ക്വയര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു പ്രധാന കണ്ടെത്തൽ. ഈ ഓഹരികൾ വച്ച് വൻ തുക വായ്പ എടുത്തു. അദാനി കുടുബത്തിന് വിദേശത്ത് ഷെല്‍ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.





TAGS :
Next Story