Quantcast

വിടാതെ തിരിച്ചടി; പ്രമുഖ പത്രങ്ങൾക്ക് വാരിക്കോരി പരസ്യം നൽകി അദാനി

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ 4.17 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന് നഷ്ടമായിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    29 Jan 2023 11:55 AM GMT

വിടാതെ തിരിച്ചടി; പ്രമുഖ പത്രങ്ങൾക്ക് വാരിക്കോരി പരസ്യം നൽകി അദാനി
X

മുംബൈ: യുഎസ് ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനം ഹിൻഡൻബർഗ് ഉയർത്തിയ ആരോപണങ്ങൾ പിടിച്ചുലച്ചതിന് പിന്നാലെ ഇന്ത്യയിലെ മുൻനിര പത്രങ്ങൾക്ക് ഒന്നാം പേജ് പരസ്യം നൽകി അദാനി ഗ്രൂപ്പ്. ഗ്രൂപ്പുമായി ബന്ധപ്പെട്ട നെഗറ്റീവ് വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്ന സാഹചര്യത്തിൽ കൂടിയാണ് പരസ്യം. ജനുവരി 28ന് പുറത്തിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യ, ദ ഇന്ത്യൻ എക്‌സ്പ്രസ്, നവ്ഭാരത് ടൈംസ്, ദ ഹിന്ദു പത്രങ്ങളുടെ വിവിധ എഡിഷനുകളിൽ ജാക്കറ്റ് പരസ്യമാണ് അദാനി നൽകിയിട്ടുള്ളത്.

അദാനി ഗ്രൂപ്പ് എന്താണ് എന്ന് വിശദീകരിക്കുന്നതാണ് പരസ്യം. രാഷ്ട്രനിർമാണത്തിലാണ് അദാനിയുടെ ശ്രദ്ധയെന്നും ആത്മനിർഭർ ഭാരതിൽ നിന്ന് 'ഭാരത് പർ നിർഭർ ലോക'ത്തേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് അദാനി ഇന്ധനമേകുന്നു എന്ന് പരസ്യം പറയുന്നു. വിപണിമൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയാണ് അദാനി, ഇന്ത്യയിൽ സുസ്ഥിര അടിസ്ഥാന സൗകര്യവികസനത്തിൽ കമ്പനിയുടെ ട്രാക്ക് റെക്കോഡ് മികച്ചതാണ്- പരസ്യം പറയുന്നു.

മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിൽപ്പന നടക്കുന്നത് എന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ 4.17 ലക്ഷം കോടി രൂപയാണ് ഗ്രൂപ്പിന് നഷ്ടമായിരുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനിയുടെ പത്തു കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനിയുടെ പുതിയ നിക്ഷേപ പദ്ധതിയായ ഫോളോ ഓൺ പബ്ലിക് ഓഫറിന് ആദ്യ ദിവസം ഒരു ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.



കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളിൽ രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് 10.73 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ എൽഐസിക്ക് 18,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഓഹരിമൂല്യം ഇടിഞ്ഞതോടെ ആഗോള സമ്പന്നപ്പട്ടികയിലെ മൂന്നാം സ്ഥാനത്തു നിന്ന് അദാനി ഏഴാം സ്ഥാനത്തേക്കിറങ്ങി.

അതിനിടെ, ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾക്ക് അദാനി അക്കമിട്ടു മറുപടി നൽകി. കമ്പനിയുടെ ഓഡിറ്റിങ് സമ്പ്രദായം, കടബാധ്യത, വരുമാനം, ബാലൻസ് ഷീറ്റ്, ഭരണസംവിധാനം എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ഗ്രൂപ്പ് വിശദീകരണം നൽകിയിട്ടുണ്ട്. എന്നാൽ ഗൗതം അംബാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ നേതൃത്വത്തിലുള്ള ഷെൽ കമ്പനികളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. ഗ്രൂപ്പിന്റെ ഓഹരിമൂല്യം ഉയർത്തുന്നതിന് അദാനി ഈ ഷെൽകമ്പനികളെ ഉപയോഗിക്കുന്നു എന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.





TAGS :

Next Story