പണിയെടുക്കാനല്ല, യൂത്തിന് താല്‍പര്യം പണി കൊടുക്കാന്‍; സംരംഭങ്ങള്‍ തുറന്നിടുന്ന സാധ്യതകളുടെ ലോകം
ജോലി തേടുന്നതിനു പകരം, ആളുകള്‍ക്ക് ജോലി നല്‍കുന്ന സംരംഭങ്ങളിലാണ് യൂത്തിന് താല്‍പര്യം. ഒമ്പത് മുതല്‍ അഞ്ച് വരെയുള്ള ഓഫീസ് ജോലി തങ്ങള്‍ക്ക് വേണ്ടെന്നാണ് ഇവരുടെ പക്ഷം. പകരം, സാധ്യതകളുടെ അനന്തമായ ആകാശം തുറക്കുന്ന സംരംഭക ലോകത്തിലേക്കാണ് നോട്ടം

- Published:
1 Feb 2026 10:23 PM IST

പഠനം കഴിഞ്ഞ് ഇറങ്ങിയാല്‍ ഉടനെ ഒരു ജോലി. തുടക്കം ചെറിയ ശമ്പളമായാല്‍ പോലും ഉടന്‍ ഒരു ജോലി വേണം. ഇതായിരുന്നു അടുത്ത കാലം വരേയ്ക്കും യുവതലമുറയുടെ ലക്ഷ്യം. ചിലര്‍ക്കൊക്കെ മികച്ച ജോലി ലഭിച്ചു. മറ്റു പലരും കിട്ടിയ ജോലിയുമായി ഒതുങ്ങിക്കൂടി. ഇന്നത്തെ ജെന്‍സി ചെറുപ്പക്കാരോട് ഇക്കാര്യം പറഞ്ഞാല്‍ മുഖം ചുളിക്കും. കാരണം, എന്തെങ്കിലുമൊക്കെ ജോലിയുമായി ഒതുങ്ങിക്കൂടാന്‍ പുതുതലമുറ തയാറല്ല. ജോലി തേടുന്നതിനു പകരം, ആളുകള്‍ക്ക് ജോലി നല്‍കുന്ന സംരംഭങ്ങളിലേക്കാണ് യൂത്തിന് താല്‍പര്യം. ഒമ്പത് മുതല്‍ അഞ്ച് വരെയുള്ള ഓഫീസ് ജോലി തങ്ങള്‍ക്ക് വേണ്ടെന്നാണ് ഇവരുടെ പക്ഷം. പകരം, സാധ്യതകളുടെ അനന്തമായ ആകാശം തുറക്കുന്ന സംരംഭക ലോകത്തിലേക്കാണ് നോട്ടം.
ഹോട്ടലില്‍ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഇന്ന് ആരുണ്ട്? എന്നാല്‍, സ്വന്തമായി ഹോട്ടലും ന്യൂജെന്‍ കഫേകളും തുടങ്ങുന്ന ചെറുപ്പക്കാര്‍ ഒട്ടനവധി. തൊഴിലില്‍ നിന്നും സംരംഭകത്വത്തിലേക്ക് ചെറുപ്പക്കാരുടെ മനസ്സ് മാറിയിരിക്കുകയാണ്. കുറഞ്ഞ മുതല്‍മുടക്കില്‍ സംരംഭങ്ങള്‍ തുടങ്ങി, വിജയിച്ചാല്‍ വലിയ രീതിയിലേക്ക് വ്യാപിപ്പിക്കുക എന്നതാണ് ചെറുപ്പക്കാര്‍ ലക്ഷ്യമിടുന്നത്. ന്യൂജെന്‍ കഫേകള്‍ മുതല്‍ വസ്ത്ര ബ്രാന്‍ഡുകള്‍ വരെ, ഐടി സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ വയലിലെ കൃഷി വരെ സംരംഭകത്വത്തിനുള്ള സാധ്യതയാക്കുകയാണ് ചെറുപ്പക്കാര്‍. കോളജില്‍ നിന്ന് പഠിച്ചിറങ്ങുമ്പോള്‍ തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്തിട്ടുണ്ടാകും നൂറ് ബിസിനസ് ഐഡിയകള്‍.
ജോലി കിട്ടിയാല്‍ മാത്രം സെറ്റാവില്ല
യുവതലമുറ ജോലിയെ കാണുന്നത് വെറും ഉപജീവന മാര്‍ഗമായല്ല. സ്വയം തീരുമാനങ്ങളെടുക്കാനും, സ്വന്തം കഴിവുകള്‍ പൂര്‍ണമായി ഉപയോഗിക്കാനും, സമൂഹത്തില്‍ സ്വാധീനം ചെലുത്താനും കഴിയുന്ന ഒരു വഴിയായാണ് അവര്‍ തൊഴില്‍ മേഖലയെ സമീപിക്കുന്നത്. ഒരുകാലത്ത് സ്ഥിരമായ ശമ്പളവും പെന്‍ഷനും സാമൂഹിക സുരക്ഷയും ഉറപ്പുനല്‍കുന്ന ജോലിയായിരുന്നു യുവതലമുറയുടെ സ്വപ്നം. സര്‍ക്കാര്‍ ജോലി, ബാങ്ക് ജോലി, അല്ലെങ്കില്‍ വിദേശരാജ്യങ്ങളിലെ തൊഴില്‍ - ഇതായിരുന്നു വിജയത്തിന്റെ അളവുകോല്‍. എന്നാല്‍ കാലം മാറിയതോടെ ആ ചിന്താഗതിയും മാറുകയാണ്. സംരംഭകരാവുക എന്ന ഏറെ വെല്ലുവിളി നിറഞ്ഞ മേഖലയിലേക്ക് യുവാക്കള്‍ അധികമായി കടന്നുവരുന്നതിന്റെ കാരണം ഈ മനോഭാവ മാറ്റം കൂടിയാണ്. ഐടി, കോര്‍പറേറ്റ് മേഖലകളിലെ വലിയ ജോലികള്‍ ഉപേക്ഷിച്ച് ചെറുപ്പക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നത് ഇന്ന് ഒറ്റപ്പെട്ട സംഭവമല്ല.
സമൂഹം സംരംഭകരോട് കാട്ടിയിരുന്ന മനോഭാവത്തിനും വലിയ മാറ്റം വന്നിരിക്കുന്നു. സംരംഭങ്ങളെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ സമൂഹം മാറിയത് പുതുതലമുറയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. സ്വന്തമായി ഒരു സംരംഭം ആലോചിക്കുന്നയാളോട് മറ്റെന്തെങ്കിലും ജോലി നോക്കിക്കൂടെ എന്ന് ചോദിച്ചിരുന്ന അവസ്ഥയില്‍ നിന്ന്, ജോലി രാജിവെച്ച് വല്ല സ്റ്റാര്‍ട്ടപ്പും തുടങ്ങിക്കൂടേ എന്ന് ചോദിക്കുന്ന തരത്തിലേക്ക് സമൂഹം മാറിയിട്ടുണ്ട്.
പണം വേണം, സ്വാതന്ത്ര്യം വേണം
ജീവിക്കാന്‍ പണം വേണമെന്നതില്‍ യുവതലമുറയ്ക്കും സംശയമൊന്നുമില്ല. എന്നാല്‍, അതിനായി ജോലിയില്‍ മാത്രം ജീവിതം തളച്ചിടാനും അവര്‍ തയാറല്ല. സന്തോഷത്തോടെ ജോലി ചെയ്യണം, ആഘോഷിക്കണം, ഇടയ്ക്ക് യാത്രകള്‍ പോകണം. അതേസമയം ജീവിതത്തില്‍ വിജയിക്കുകയും വേണം. ഇതിനെല്ലാമുള്ള മാര്‍ഗമായാണ് അവര്‍ സംരംഭകങ്ങളെ കാണുന്നത്. സംരംഭങ്ങളിലെ വെല്ലുവിളിയെക്കാള്‍ അവരുടെ കണ്ണില്‍ പെടുന്നത് സ്വാതന്ത്ര്യവും വളര്‍ച്ചയുടെ സാധ്യതയുമാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി വന്‍ വിജയങ്ങള്‍ സ്വന്തമാക്കിയ നൂറുകണക്കിനാളുകളുടെ മാതൃക മുന്നിലുള്ളപ്പോള്‍ ചെറുപ്പക്കാര്‍ക്ക് ആത്മവിശ്വാസം കൂടുകയാണ്.
വന്‍ മുതല്‍മുടക്കും മനുഷ്യശേഷിയും ആവശ്യമുള്ള സംരംഭങ്ങള്‍ മാത്രമല്ല ഉള്ളത്. ഒരു ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും മാത്രം ഉപയോഗിച്ചും ആരംഭിക്കാവുന്ന സംരംഭങ്ങള്‍ അനവധി. സമൂഹമാധ്യങ്ങളില്‍ നിന്നുള്ള പിന്തുണയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ പേമെന്റ് സൗകര്യങ്ങളും സംരംഭങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യത നല്‍കിയിട്ടുണ്ട്.
വ്യത്യസ്തമായ ചിന്തകള്‍, വ്യത്യസ്തമായ സാധ്യതകള്‍
കോളജ് കാലത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന നാല് സുഹൃത്തുക്കള്‍. തെരുവില്‍ അലയുന്നവര്‍ക്കായി ഒരുപാട് കാര്യങ്ങള്‍ ഇവര്‍ ചെയ്തു. വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് തെരുവില്‍ വിശന്നിരിക്കുന്നവര്‍ക്ക് നല്‍കുന്നതായിരുന്നു ഇവരുടെ രീതി. കോളജ് കഴിഞ്ഞ് മറ്റ് ജോലികള്‍ തേടാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍, ഒരുമിച്ച് ഒരു സംരംഭം തുടങ്ങാനായിരുന്നു ഇവര്‍ തീരുമാനിച്ചത്. സ്വന്തമായി ഒരു കഫേ തുടങ്ങി. മികച്ച രീതിയില്‍ മാര്‍ക്കറ്റ് ചെയ്തു. ഇവരുടെ സേവന കഥകള്‍ പ്രചരിച്ചതോടെ ആളുകള്‍ തേടിയെത്തി. ഇതോടെ സംരംഭം വലിയ ഹിറ്റായി. ഇന്ന് നിരവധി പേര്‍ക്ക് ജോലി നല്‍കുന്ന, അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സ്ഥാപനമായി ഇവരുടെ സംരംഭം മാറി.
എന്തിലും വ്യത്യസ്തമായ സാധ്യതകള്‍ കണ്ടെത്തുന്നതാണ് ഇന്നത്തെ യുവത്വത്തിന്റെ രീതി. ഓഹരി വിപണിയില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ സാധിക്കും. എന്നാല്‍, യുവാക്കള്‍ ചിന്തിക്കുന്നത് എന്തുകൊണ്ട് ഓഹരി വിപണയില്‍ ഇടപെടാന്‍ പഠിപ്പിക്കുന്ന ഒരു സ്ഥാപനം തുടങ്ങിക്കൂടാ എന്നാണ്. അത്തരം നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്നുണ്ട്. ഐടി പാര്‍ക്കുകളും ബിസിനസ് പാര്‍ക്കുകളും വന്നതോടെ ഡിജിറ്റല്‍ മേഖലയില്‍ സംരംഭം തുടങ്ങുക കൂടുതല്‍ എളുപ്പമായി. സര്‍ക്കാരിന്റെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പിന്തുണയും സംരംഭകര്‍ക്കുണ്ട്. വിജയിക്കാവുന്ന ആശയങ്ങളുമായി വരുന്നവര്‍ക്കായി പണം മുടക്കാന്‍ സ്ഥാപനങ്ങള്‍ തയാറാണ്.
പിജി കഴിഞ്ഞ് ഇറങ്ങിയ മറ്റൊരു ചെറുപ്പക്കാരന്റെ കഥ വ്യത്യസ്തമാണ്. വീട് നിര്‍മാണത്തിന്റെ ഭാഗമായി രാജസ്ഥാനില്‍ നിന്ന് എത്തിച്ച മാര്‍ബിള്‍ വീട്ടില്‍ ഇറക്കിയപ്പോള്‍ ഉദിച്ച ചിന്തയാണ്, എന്തുകൊണ്ട് തനിക്ക് ഇതൊരു ബിസിനസ് ആശയമാക്കി വളര്‍ത്തിക്കൂടാ എന്നത്. സുഹൃത്തുമായി ചര്‍ച്ച ചെയ്തു. പദ്ധതിയുണ്ടാക്കി. നാട്ടുകാരും വീട്ടുകാരുമൊക്കെ ഇത് നടക്കില്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തി. എന്നാല്‍, ഇരുവരും പിന്മാറിയില്ല. രാജസ്ഥാനിലേക്ക് പോയി. അവിടുത്തെ കാര്യങ്ങള്‍ സമയമെടുത്ത് പഠിച്ചു. തുടക്കത്തില്‍ വലിയ പ്രയാസങ്ങള്‍ നേരിട്ടു. എങ്കിലും പിന്തിരിഞ്ഞില്ല. നാട്ടിലെത്തി പരമാവധി ഓര്‍ഡറുകള്‍ പിടിക്കും. രാജസ്ഥാനിലെത്തി ഒരുമിച്ച് മാര്‍ബിള്‍ പര്‍ച്ചേസ് ചെയ്ത് കണ്ടെയ്‌നര്‍ കപ്പല്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച് നാട്ടിലെത്തിക്കും. ഇന്ന് സ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത് വന്‍ തോതില്‍ മാര്‍ബിള്‍ നാട്ടിലെത്തിക്കുകയാണ്. നിരവധി പേര്‍ ഇവരുടെ ജീവനക്കാരായുണ്ട്. ഇതെല്ലാം ഏതാനും അനുഭവങ്ങള്‍ മാത്രം. വന്‍ വിജയങ്ങളുടെ ഒട്ടനവധി കഥകള്‍ പറയാനുണ്ട് സംരംഭക ലോകത്തിന്.
എന്തും ചെയ്യാന്‍ തയാര്‍ യുവതലമുറ
എന്തും ചെയ്യാന്‍ തയാറാണെന്നാണ് യുവതലമുറയുടെ പ്രത്യേകത. സ്റ്റാര്‍ട്ടപ്പുകള്‍ വൈറ്റ് കോളര്‍ തന്നെയാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പാടത്തിറങ്ങി കൃഷി ചെയ്യാനും പോത്തിനെ വളര്‍ത്താനും ശുചിമുറികള്‍ ക്ലീന്‍ ചെയ്യാനുമൊക്കെ തയാറാണ്. ഈ മേഖലയിലെല്ലാം യുവാക്കള്‍ സംരംഭക സാധ്യതയാണ് കണ്ടെത്തുന്നത്. പഴയ വീടുകള്‍ ഒറ്റയ്ക്ക് വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്ന ഒരു യുവാവ് ഇന്ന് 15ഓളം പേര്‍ക്ക് ജോലി നല്‍കുന്ന ക്ലീനിങ് സ്റ്റാര്‍ട്ടപ്പിന്റെ ഉടമയാണ്. ഇന്ന് തനിക്ക് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും എല്ലാം നോക്കി നടത്തിയാല്‍ മതിയെന്നും സമൂഹമാധ്യമങ്ങളില്‍ യുവാവ് പോസ്റ്റിടുമ്പോള്‍ ആയിരങ്ങള്‍ക്കാണ് പ്രചോദനമാകുന്നത്.
സാങ്കേതിക വിദ്യ സംരംഭക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പണ്ട് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നത് ഒരു അധികവരുമാനത്തിനുള്ള മാര്‍ഗം മാത്രമായിരുന്നു പലര്‍ക്കും. എന്നാല്‍, ഓണ്‍ലൈന്‍ പഠനത്തിനുള്ള സാധ്യതകള്‍ തുറന്നുവന്നതോടെ നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകളാണ് ഈ മേഖലയില്‍ വിജയംകണ്ടത്. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, കോര്‍പറേറ്റ് ജീവനക്കാര്‍ക്ക് ഇംഗ്ലീഷ് പഠിക്കാന്‍, ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് ശീലമാക്കാന്‍, അങ്ങനെ എല്ലാ മേഖലയിലും സംരംഭ സാധ്യതകള്‍ കണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ന്നുവന്നു. ഉയര്‍ന്ന സാക്ഷരതയും പുറംലോകവുമായി കൂടിയ ബന്ധവും ആഗോള സാധ്യതകളെ ഏറ്റവുമാദ്യം കേരളത്തിലെത്തിക്കുന്നുണ്ട്. അതിനാല്‍ ലോകത്തു നടക്കുന്ന ഓരോ മാറ്റങ്ങളും കേരളത്തില്‍ സംരംഭ സാധ്യതയാകാറുണ്ട്.
ഐടി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, അഗ്രിടെക്, എജ്യു ടെക് തുടങ്ങി വിവിധ മേഖലകളില്‍ സംരംഭ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ലോജിസ്റ്റിക്, ഫിനാന്‍സ്, കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ നേരിട്ടല്ലാതെ തൊഴിലുകള്‍ സൃഷ്ടിക്കുന്നുമുണ്ട്. കേരളത്തില്‍ മാത്രമല്ല, കേരളത്തിനു പുറത്തേക്കും സേവനങ്ങള്‍ നല്‍കുന്നുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ ഗെയിമിങ് സോഫ്റ്റുവെയറുകള്‍ വരെയും ഓര്‍ഗാനിക് ഫുഡ് മുതല്‍ ഹാന്‍ഡി ക്രാഫ്റ്റുകള്‍ വരെയും കയറ്റുമതി കേന്ദ്രീകരിച്ച സംരംഭക സാധ്യതകളാണ്.
ഒപ്പം കൂടാനുണ്ട്, ഒരേ മനസ്സുള്ളവര്‍
കൂട്ടായ്മയാണ് സ്റ്റാര്‍ട്ടപ്പുകളുടെ വിജയമന്ത്രം. ഒരേ ലക്ഷ്യത്തിനായി ഒരുപോലെ അധ്വാനിക്കാന്‍ മനസ്സുള്ളവരാണ് സംരംഭങ്ങളുടെ ഭാഗമായി ഒന്നിക്കുന്നത്. പരസ്പര വിശ്വാസവും റോളുകള്‍ പങ്കിട്ടെടുക്കാനുള്ള ശേഷിയും അര്‍പ്പണ മനോഭാവവും ഏതൊരു സംരംഭത്തിന്റെയും വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകമാണ്. ഒരുമിച്ച് പഠിച്ചവരോ ഒരുമിച്ച് ജോലി ചെയ്യുന്നവരോ ആണ് പുതിയൊരു ആശയവുമായി സംരംഭ വഴിയിലേക്ക് എത്തുന്നത്. കൂട്ടായ്മയുടെ വലിയ കഥകളാണ് സംരംഭക ലോകത്തിന് പറയാനുള്ളത്. ആമസോണിലെ ജോലി രാജിവച്ച് ഓണ്‍ലൈനായി പുസ്തകം വില്‍ക്കാനിറങ്ങിയ രണ്ടുപേര്‍ ചേര്‍ന്നാണ് ഫ്ലിപ്കാർട്ട് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഐടി ജോലി ഒഴിവാക്കി ഇറങ്ങിയ നാല് യുവാക്കളാണ് 2017ല്‍ ഗ്രോ എന്ന ഓഹരിവിപണി പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്. ഇന്ന് ഇന്ത്യയിലെ നമ്പര്‍ വണ്ണാണ് ഇവരുടെ സ്റ്റാര്‍ട്ടപ്പ്. ഇത്തരം വിജയകഥകള്‍ യുവാക്കളെ ഏറെ പ്രചോദിപ്പിക്കുന്നതാണ്. തൊട്ടടുത്ത കവലയില്‍ ആരംഭിച്ച ടീഷോപ്പിന്റെ വിജയം പോലും യുവാക്കള്‍ പ്രചോദനമായെടുക്കും.
കേരളത്തിന്റെ മാറിയ സാമൂഹിക സാഹചര്യവും സംരംഭത്തിലേക്കിറങ്ങാന്‍ യുവാക്കളെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതാണ്. മുന്‍കാലങ്ങളില്‍ നിന്ന് വിരുദ്ധമായി കുടുംബത്തിലെ ഒന്നിലേറെ വ്യക്തികള്‍ വരുമാനമുള്ള നിലവിലെ സാഹചര്യം, സ്ഥിരജോലി എന്ന സങ്കല്‍പ്പം ഒഴിവാക്കി സംരംഭം എന്ന വെല്ലുവിളിയെ ഏറ്റെടുക്കാന്‍ യുവാക്കള്‍ക്ക് ധൈര്യം നല്‍കുന്നുണ്ട്. സര്‍ക്കാറിന്റെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പോലെയുള്ള പദ്ധതികളും ഇന്‍ക്യുബേഷന്‍ സെന്ററുകളും ധനകാര്യ സ്ഥാപനങ്ങളുടെ വായ്പകളുമെല്ലാം സംരംഭകരായ യുവാക്കള്‍ക്ക് ഏറെ പ്രോത്സാഹനമാണ് നല്‍കുന്നത്.
Adjust Story Font
16
