Quantcast

ഇറാൻ യുദ്ധം ആഗോള വളർച്ചാ നിരക്ക് കുറയ്ക്കും; വരാനിരിക്കുന്നത് ഗുരുതര പണപ്പെരുപ്പമെന്ന് ഐഎംഎഫ്

ഏപ്രിൽ 14ന് പുറത്തിറക്കുന്ന 'വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിൽ' പുതുക്കിയ കണക്കുകൾ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു

MediaOne Logo
ഇറാൻ യുദ്ധം ആഗോള വളർച്ചാ നിരക്ക് കുറയ്ക്കും; വരാനിരിക്കുന്നത് ഗുരുതര പണപ്പെരുപ്പമെന്ന് ഐഎംഎഫ്
X

ന്യൂഡൽഹി: ഇറാൻ സംഘർഷം ആഗോള സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്കും കടുത്ത പണപ്പെരുപ്പത്തിലേക്കും തള്ളിവിടുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജിയേവ. ഏപ്രിൽ 14ന് പുറത്തിറക്കുന്ന 'വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിൽ' പുതുക്കിയ കണക്കുകൾ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് അവർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

പ്രധാന പ്രത്യാഘാതങ്ങൾ

  • എണ്ണ വിതരണത്തിൽ ഇടിവ്: ആഗോള എണ്ണ വിതരണത്തിൽ 13 ശതമാനത്തിന്റെ കുറവുണ്ടായി.
  • ഹോർമുസ് കടലിടുക്കിലെ ഉപരോധം: ലോകത്തിലെ എണ്ണ- വാതക വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമൂസ് കടലിടുക്ക് ഇറാൻ ഉപരോധിക്കുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ശത്രുരാജ്യങ്ങളുടെ കപ്പലുകൾ കടലിടുക്ക് കടന്നുപോകാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
  • വിതരണ ശൃംഖലയിലെ തടസം: വാതക നീക്കം വൈകുന്നതും വിതരണ ശൃംഖലയിലെ തടസങ്ങളും വിലക്കയറ്റത്തിന് കാരണമാകുന്നു.
  • ഊർജ മേഖലയിലെ ആഘാതം: യുദ്ധം എണ്ണയെ മാത്രമല്ല ഗ്യാസ്, ഹീലിയം, വളം തുടങ്ങിയ അനുബന്ധ മേഖലകളെയും ബാധിച്ചുവെന്ന് ജോർജിയേവ ചൂണ്ടിക്കാട്ടി. ഖത്തറിലെ ഉത്പാദന കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ആക്രമണം മൂലം പ്രകൃതിവാതക ഉത്പാദനം പഴയപടിയാക്കാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ വേണ്ടിവന്നേക്കാം. ഏകദേശം 72 ഊർജ കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് അന്താരാഷ്ട്ര ഊർജ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

എല്ലാ വഴികളും ഇപ്പോൾ ഉയർന്ന വിലയിലേക്കും കുറഞ്ഞ വളർച്ചയിലേക്കും മാത്രമാണ് നീളുന്നതെന്ന് ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. ഊർജ ഇറക്കുമതിയെ ആശ്രയിക്കുന്ന ദരിദ്ര രാജ്യങ്ങളെയാണ് ഈ സാഹചര്യം ഏറ്റവും മോശമായി ബാധിക്കുക. കോവിഡ് കാലത്തിന് ശേഷം സാമ്പത്തികമായി തളർന്ന ഈ രാജ്യങ്ങൾക്ക് ഇന്ധന-ഭക്ഷ്യ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ല. ഇത് പല രാജ്യങ്ങളിലും ആഭ്യന്തര കലാപങ്ങൾക്ക് വഴിവെച്ചേക്കാമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകുന്നു.

ഐഎംഎഫ് അംഗരാജ്യങ്ങളിൽ 85 ശതമാനവും ഊർജ ഇറക്കുമതിക്കാരാണ്. ചില രാജ്യങ്ങൾ ഇതിനകം തന്നെ സഹായത്തിനായി ഐഎംഎഫിനെ സമീപിച്ചിട്ടുണ്ട്. പണപ്പെരുപ്പം വഷളാകാൻ സാധ്യതയുള്ളതിനാൽ ഇന്ധന സബ്സിഡികൾ നൽകുന്ന കാര്യത്തിൽ സർക്കാരുകൾ ജാഗ്രത പാലിക്കണമെന്നും ജോർജിയേവ പറഞ്ഞു.

TAGS :

Next Story