പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്രം
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം തടയുന്നതിനുമാണ് നടപടി

- Published:
2 April 2026 5:15 PM IST

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് ഇളവ്. 40 പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ തീരുവയാണ് ധനമന്ത്രാലയം ഒഴിവാക്കിയത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജവിതരണത്തെ പ്രതിസന്ധിയിലാക്കുകയും ഊര്‍ജക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിനിടെയാണ് ആശ്വാസ നടപടി. കേന്ദ്രത്തിന് ഇതുവഴി 1800 കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടാകുകയെന്നാണ് കണക്കാക്കുന്നത്. ആഭ്യന്തര വിപണിയില്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയുന്നതിനുമാണ് ധനമന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടല്‍.
മെഥനോള്‍, അന്‍ഹൈഡ്രസ് അമോണിയ, ടൊളുവിന്‍, സ്‌റ്റൈറീന്‍, വിനൈല്‍ ക്ലോറൈഡ് മോണോമര്‍ ഉള്‍പ്പെടെയുള്ള പ്രധാന പെട്രോകെമിക്കല്‍ വസ്തുക്കള്‍ക്കാണ് നികുതി ഇളവ് നല്‍കിയിരിക്കുന്നത്. പ്ലാസ്റ്റിക്, പാക്കേജിംഗ്, ടെക്‌സ്‌റ്റൈല്‍സ്, മരുന്നുകള്‍, ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
യുദ്ധം അയവില്ലാതെ തുടരുന്നതിനിടയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ 50 ശതമാനത്തിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കേന്ദ്രം കുറച്ചിരുന്നു. നിലവില്‍ പെട്രോളിന് മൂന്ന് രൂപയാണ് എക്‌സൈസ് തീരുവ, ഡീസലിന് തീരുവയില്ല. അതേസമയം, ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിനായി ഡീസലിന്റെയും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെയും കയറ്റുമതിയില്‍ അധിക നികുതി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16
