Quantcast

വീട് വാങ്ങുന്നതോ വാടകക്കെടുക്കുന്നതോ നല്ലത്; കണക്കുകള്‍ ഉത്തരം പറയും

മെട്രോ നഗരങ്ങളിലാണ് നിങ്ങളൊരു വീട് സ്വന്തമാക്കാന്‍ ഒരുങ്ങുന്നതെങ്കില്‍ ഇന്നത്തെ വിപണി വിലയനുസരിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റിന് ഒരു കോടിക്കടുത്ത് വില വരും. ഇത്രയും തുക ഒരുമിച്ച് നിക്ഷേപിക്കാന്‍ ഇന്ത്യയിലെ മധ്യവര്‍ഗത്തിലെ ഭൂരിപക്ഷം പേര്‍ക്കും കഴിയില്ല. അതുകൊണ്ട് വായ്പയെ അവര്‍ക്ക് ആശ്രയിക്കേണ്ടി വരും

MediaOne Logo

Web Desk

  • Published:

    7 May 2026 4:40 PM IST

വീട് വാങ്ങുന്നതോ വാടകക്കെടുക്കുന്നതോ നല്ലത്; കണക്കുകള്‍ ഉത്തരം പറയും
X

വീട് ഇന്ത്യക്കാരെ സംബന്ധിച്ചടുത്തോളം കേവലം ഒരു സാമ്പത്തിക ആസ്തി മാത്രമല്ല. വീടിനോട് വൈകാരികമായൊരു അടുപ്പം എല്ലാവര്‍മുണ്ടാകാറുണ്ട്. അതുകൊണ്ടാണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായി ആളുകള്‍ വീടിനെ കാണുന്നത്. എന്നാല്‍, പുതുതലമുറക്കിടയില്‍ വീട് ഒരു നിര്‍ജീവ ആസ്തിയായാണ് പരിഗണിക്കുന്നത്. അവര്‍ സ്വന്തമായ ഒരു വീടിന്റെ സുരക്ഷിതത്വത്തിന് പകരം വാടകവീടുകളാണ് പരിഗണിക്കുന്നത്.

മെട്രോ നഗരങ്ങളില്‍ വീടിനുള്ള ഉയര്‍ന്നവിലയും ഗാര്‍ഹിക വായ്പകള്‍ക്കുള്ള കൂടിയ പലിശനിരക്കുമെല്ലാം പുതുതലമുറയെ സ്വന്തമായി വീടെന്ന സ്വപ്‌നം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, സ്വന്തമായി ഒരു വീട് സ്വന്തമാക്കുന്നതാണോ വാടകക്കെടുക്കുന്നതാണോ നല്ലത്. കണക്കുകളില്‍ നിന്ന് തന്നെ ഇതിനുള്ള ഉത്തരം തിരയാം.

മെട്രോ നഗരങ്ങളിലാണ് നിങ്ങളൊരു വീട് സ്വന്തമാക്കാന്‍ ഒരുങ്ങുന്നതെങ്കില്‍ ഇന്നത്തെ വിപണി വിലയനുസരിച്ച് ഒരു അപ്പാര്‍ട്ട്‌മെന്റിന് ഒരു കോടിക്കടുത്ത് വില വരും. ഇത്രയും തുക ഒരുമിച്ച് നിക്ഷേപിക്കാന്‍ ഇന്ത്യയിലെ മധ്യവര്‍ഗത്തിലെ ഭൂരിപക്ഷം പേര്‍ക്കും കഴിയില്ല. അതുകൊണ്ട് വായ്പയെ അവര്‍ക്ക് ആശ്രയിക്കേണ്ടി വരും.

വായ്പയെടുക്കുയാണെങ്കില്‍ തന്നെ 20 ശതമാനം ഡൗണ്‍പേയ്‌മെന്റായി നല്‍കണം. ഇതിനൊപ്പം അപ്പാര്‍ട്ട്‌മെന്റ് വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ നിശ്ചിത തുക സര്‍ക്കാറിനും നല്‍കണം. രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ നല്‍കേണ്ട തുക ആറ് ശതമാനമാണെങ്കില്‍ ഡൗണ്‍പേയ്‌മെന്റും രജിസ്‌ട്രേഷന്‍ ഫീസും ഉള്‍പ്പടെ 26 ലക്ഷം രൂപ വീട് വാങ്ങുമ്പോള്‍ തന്നെ നല്‍കണം.

ബാക്കിയുള്ള 80 ലക്ഷം രൂപ വായ്പയായി കണ്ടെത്താം. എട്ട് ശതമാനം പലിശനിരക്കില്‍ 20 വര്‍ഷത്തേക്ക് ഗാര്‍ഹിക വായ്പയെടുക്കാം. ഇതിന് പ്രതിമാസം ഇഎംഐയായി 66,915 രൂപ നല്‍കണം.

ഇതുപ്രകാരം 1.61 കോടി തിരിച്ചടക്കേണ്ടി വരും. ഇനി വാടകയുടെ കണക്കെടുക്കുകയാണെങ്കില്‍ പ്രതിമാസം 25,000 രൂപയാണ് മെട്രോ നഗരത്തില്‍ വാടകയിനത്തില്‍ നല്‍കേണ്ടത്.. അങ്ങനെയാവുമ്പോള്‍ ഇഎംഐയുമായി താരതമ്യം ചെയ്യുമ്പോള്‍ 41,915 രൂപയുടെ കുറവ് വാടകയിലുണ്ടാവും. ഈ തുക ഒരു മ്യൂച്ചല്‍ഫണ്ട് എസ്‌ഐപിയില്‍ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം 12 ശതമാനം വരെ റിട്ടേണ്‍ ലഭിക്കും.

20 വര്‍ഷത്തേക്ക് വാടകയായി ഏകദേശം 99 ലക്ഷം രൂപയാണ് നല്‍കേണ്ടി വരിക. ഇഎംഐയില്‍ നിന്നും ലാഭിച്ച തുക ഉപയോഗിച്ച് നടത്തിയ നിക്ഷേപത്തിന്റെ മൂല്യം ഈ സമയമാവുമ്പോഴേക്കും 4.15 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടാവും. ഇതില്‍ നിന്ന് വാടകതുക കുറച്ചാല്‍ ഏകദേശം 3.15 കോടി രൂപ ലാഭമായിരിക്കും കിട്ടുക. നിക്ഷേപത്തില്‍ നിന്നും ലഭിച്ച ആദായ ശതമാനം 1,213 ആയിരിക്കും.

ഇനി വീടിന്റെ കാര്യമെടുക്കാം ഇതില്‍ ഇഎംഐ മാത്രം 1.61 കോടി വരും ഇതിനൊപ്പം ആദ്യമുള്ള ഡൗണ്‍പേയ്‌മെന്റും നികുതിയും കൂടി ചേര്‍ക്കണം. 20 വര്‍ഷത്തിന് ശേഷം വീടിന്റെ വില ഏകദേശം 2.65 കോടിയായിരിക്കും. നമ്മള്‍ ആകെ മുടക്കിയ തുകയും വീടിന്റെ നിലവിലുള്ള തുകയും തമ്മില്‍ കുറക്കുമ്പോള്‍ ലാഭമായി കിട്ടുക 75 ലക്ഷം രൂപ മാത്രമാണ്.

ഈ കണക്കുകളില്‍ നിന്ന് വീട് വാടകക്കെടുക്കുന്നതാണ് കൂടുതല്‍ ലാഭകരമെന്ന ഒരു നിഗമനത്തിലേക്ക് എത്താം. എന്നാല്‍, സ്ഥിരമായി വാടകക്ക് ഒരേ വീട്ടില്‍ തന്നെ താമസിക്കാന്‍ കഴിയണമെന്നില്ല. വീട് മാറുമ്പോള്‍ അതിനുള്ള ചെലവുകളും വേണ്ടിവരും. ഇവിടെ പണപ്പെരുപ്പത്തിന്റെ തോത് ഉള്‍പ്പടെ നോക്കി ഒരു ശരാശരി വാടക വര്‍ധനയിലാണ് കണക്കുകള്‍ കൂട്ടിയിരിക്കുന്നത്. വാടക വര്‍ധനവും ഇഎംഐയിലെ മാറ്റവും ഇതേ രീതിയില്‍ തന്നെയാവണമെന്നില്ല. എങ്കിലും വൈകാരികത മാറ്റിനിര്‍ത്തിയാല്‍ വീട് വാങ്ങുന്നതിനേക്കാള്‍ ലാഭം വാടകക്കെടുക്കുന്നതാണ്.

TAGS :

Next Story