Quantcast

നയാരക്ക് പിന്നാലെ ഇന്ധനവില വില കൂട്ടി ജിയോ ബിപി

പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള എണ്ണവിപണിയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ഇന്ധനവില്‍പ്പന കമ്പനികളുടെ വിലവര്‍ധന

MediaOne Logo

Web Desk

  • Published:

    12 Oct 2026 11:36 AM IST

Jio bp curbs diesel fills
X

ന്യൂഡല്‍ഹി: സ്വകാര്യ ഓയില്‍ കമ്പനിയായ ജിയോ-ബിപി പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കൂട്ടിയത്. ഒക്ടോബര്‍ 11 ഞായറാഴ്ച മുതല്‍ പുതിയ വിലകള്‍ പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇന്ധനവില വര്‍ധിപ്പിക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ജിയോ-ബിപി. ഒക്ടോബര്‍ മൂന്നിന് നയാര എനര്‍ജിയും പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള എണ്ണവിപണിയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ഇന്ധനവില്‍പ്പന കമ്പനികളുടെ വിലവര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെയും ശുദ്ധീകരിച്ച ഇന്ധനങ്ങളുടെയും വില ഉയരുന്നത് കമ്പനികളുടെ ചെലവിനെയും വില്‍പ്പനയിലെ ലാഭവിഹിതത്തെയും ബാധിക്കുന്നുണ്ട്. ഇതിനിടെ, ജിയോ-ബിപി സെപ്റ്റംബറില്‍ ഡീസല്‍ വില്‍പ്പനയ്ക്ക് ഒരു ഇടപാടില്‍ 50 ലിറ്റര്‍ പരിധി ഏര്‍പ്പെടുത്തിയിരുന്നു. ഇന്ധനവിതരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്വകാര്യ കമ്പനികളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവിലും സമ്മര്‍ദം

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധന രാജ്യത്തിന്റെ ഇറക്കുമതിച്ചെലവിനെയും സാമ്പത്തിക മേഖലയെയും ബാധിക്കും.

ക്രൂഡ് ഓയില്‍ വില ഉയരുന്നത് തുടര്‍ന്നാല്‍ ഗതാഗതം, ചരക്കുനീക്കം, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളിലെ ചെലവുകള്‍ വര്‍ധിക്കാം. ഇത് സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ സമ്മര്‍ദമുണ്ടാക്കാനുള്ള സാധ്യതയുമുണ്ട്.

ആഗോള എണ്ണവിലയിലെ മാറ്റങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ ഗതിയും വരും ദിവസങ്ങളില്‍ ഇന്ത്യയിലെ ഇന്ധനവിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കും.

TAGS :

Next Story