അടുക്കള ബഡ്ജറ്റ് തെറ്റും, ഇഎംഐ കൂടും; പണപ്പെരുപ്പം നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്നത് എങ്ങനെ?
യുദ്ധത്തിന് ഉടന്‍ പരിഹാരമുണ്ടാവാനുള്ള സാധ്യതകള്‍ കാണുന്നില്ല. യുദ്ധം ഇനിയും നീണ്ടുപോയാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ കൈവിടുമെന്നാണ് ധനകാര്യമന്ത്രാലയം പറയുന്നത്. രാജ്യത്ത് ഏപ്രിലില്‍ റീടെയില്‍ പണപ്പെരുപ്പം 3.48 ശതമാനമാണ്. ആര്‍ബിഐ ലക്ഷ്യത്തിനകത്താണെങ്കിലും പണപ്പെരുപ്പത്തിലുണ്ടായ വര്‍ധന അത്ര ഗുണകരമല്ല

ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധം ഇന്ത്യയില്‍ സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. ലോകത്തിലെ വിവിധ രാജ്യങ്ങളെ ബാധിച്ചത് പോലെ ഇന്ത്യയിലും യുദ്ധം പ്രതിസന്ധിയായി. യുദ്ധം പരിഹാരമകലേ നില്‍ക്കുമ്പോള്‍ ആശങ്കപ്പെടുത്തുന്ന പുതിയ കണക്കുകള്‍ പുറത്ത്.കേന്ദ്രധനകാര്യമന്ത്രാലയം പുറത്തിറക്കിയ സാമ്പത്തികഅവലോകന റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന പരാമര്‍ശം. ഇന്ധനവില വര്‍ധനക്കൊപ്പം മോശം മണ്‍സൂണും ഇന്ത്യക്ക് പ്രതിസന്ധിയാവുമെന്ന് ധനമന്ത്രാലയം പറയുന്നു. യുദ്ധ പ്രതിസന്ധി വരും ദിവസങ്ങളിലും ഉയരുമെന്നാണ് ധനമന്ത്രാലയം റിപ്പോര്‍ട്ട്. പണപ്പെരുപ്പം വരും ദിവസങ്ങളിലും ഉയരാന്‍ യുദ്ധം കാരണമാകും.
യുദ്ധത്തിന് ഉടന്‍ പരിഹാരമുണ്ടാവാനുള്ള സാധ്യതകള്‍ കാണുന്നില്ല. യുദ്ധം ഇനിയും നീണ്ടുപോയാല്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ കൈവിടുമെന്നാണ് ധനകാര്യമന്ത്രാലയം പറയുന്നത്. രാജ്യത്ത് ഏപ്രിലില്‍ റീടെയില്‍ പണപ്പെരുപ്പം 3.48 ശതമാനമാണ്. ആര്‍ബിഐ ലക്ഷ്യത്തിനകത്താണെങ്കിലും പണപ്പെരുപ്പത്തിലുണ്ടായ വര്‍ധന അത്ര ഗുണകരമല്ല.മൊത്തവില പണപ്പെരുപ്പം ഏപ്രിലില്‍ റോക്കറ്റ് വേഗത്തിലാണ് കുതിച്ചത്. നിലവില്‍ 8.3 ശതമാനമാണ് മൊത്തവില പണപ്പെരുപ്പം.
ഇന്ധനവില വര്‍ധനവിന്റെ ഭാരം കേന്ദ്രസര്‍ക്കാര്‍ പതിയെ ജനങ്ങള്‍ക്ക് കൈമാറുകയാണ്. പത്ത് ദിവസത്തിനുള്ളില്‍ നാല് തവണ കേന്ദ്രം ഇന്ധനവില ഉയര്‍ത്തി. ഇത് ട്രാന്‍സ്പോര്‍ട്ട് ചെലവുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ച് പണപ്പെരുപ്പം ഇനിയും വര്‍ധിക്കുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ്.
ഇതിനൊപ്പം വെല്ലുവിളിയായി എല്‍ നിനോ പ്രതിഭാസവും ഇന്ത്യയുടെ തലക്ക് മുകളിലുണ്ട്. അസാധരണമായി മഴ കുറയുന്ന പ്രതിഭാസമാണിത്. എല്‍ നിനോ മൂലം ഇന്ത്യയില്‍ ഇക്കുറി മഴ കുറയാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മഴ കുറഞ്ഞാല്‍ അത് കാര്‍ഷികോല്‍പാദനത്തെ ബാധിക്കും. മഴക്കുറവ് മൂലം കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില കൂടാനും അത് ഇടയാക്കും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് കൂടി വില ഉയര്‍ന്നാല്‍ പണപ്പെരുപ്പം വീണ്ടും കുതിക്കും. എന്നാല്‍, ധാന്യങ്ങളുടെ സ്റ്റോക്ക് ഉണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദം മാത്രമാണ് ഇതില്‍ ആശ്വാസം പകരുന്നത്.
ഇതിനൊപ്പം ഓഹരി വിപണികളില്‍ നിന്ന് ഉള്‍പ്പടെ വിദേശനിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതും ഇന്ത്യന്‍ രൂപക്ക് തിരിച്ചടിയാവുന്നുണ്ട്. ഈയൊരു ട്രെന്‍ഡ് മാറിയില്ലെങ്കില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്ന മുന്നറിയിപ്പുകള്‍ പുറത്ത് വന്നിരുന്നു.പക്ഷേ പണപ്പെരുപ്പത്തിന്റെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇത് ഞങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. പണപ്പെരുപ്പം നമ്മള്‍ ഓരോരുത്തരുടേയും നിത്യജീവിതത്തില്‍ വലിയ സ്വാധീനം തന്നെ പണപ്പെരുപ്പം ചെലുത്തും.
രാവിലെ എഴുന്നേറ്റ് ചായ കുടിക്കാന്‍ പാല്‍ക്കവര്‍ എടുക്കുമ്പോഴോ, അടുക്കളയിലേക്ക് പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോഴോ നിങ്ങളില്‍ എത്രപേര്‍ക്ക് വിലക്കൂടുതല്‍ കണ്ട് നെറ്റി ചുളിക്കേണ്ടി വന്നിട്ടുണ്ട്? 'പണപ്പെരുപ്പം' അല്ലെങ്കില്‍ ഇന്‍ഫ്ലേഷന്‍ (Inflation). സാമ്പത്തിക ശാസ്ത്രത്തിലെ ഈ വലിയ വാക്ക് നമ്മുടെ നിത്യജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കാം.
ലളിതമായി പറഞ്ഞാല്‍, പണത്തിന്റെ മൂല്യം കുറയുകയും സാധനങ്ങളുടെ വില കൂടുകയും ചെയ്യുന്ന അവസ്ഥയാണിത്. ഉദാഹരണത്തിന്, ഒരു വര്‍ഷം മുന്‍പ് 100 രൂപയുമായി മാര്‍ക്കറ്റില്‍ പോയപ്പോള്‍ കിട്ടിയിരുന്ന അത്രയും സാധനങ്ങള്‍ ഇന്ന് അതേ 100 രൂപയ്ക്ക് കിട്ടുന്നില്ല. അതായത്, നിങ്ങളുടെ വരുമാനം കൂടുന്നില്ല, പക്ഷേ ജീവിക്കാനുള്ള ചെലവ് കുത്തനെ കൂടുന്നു
ഒരു ശരാശരി ഇന്ത്യന്‍ കുടുംബത്തെ സംബന്ധിച്ച് ഇത് വലിയൊരു പ്രതിസന്ധിയാണ്. അരി, ഗോതമ്പ്, പച്ചക്കറി, പാചകവാതകം എന്നിവയുടെ വിലക്കയറ്റം അടുക്കളയുടെ ബഡ്ജറ്റ് തെറ്റിക്കുന്നു. വരുമാനത്തിന്റെ ഭൂരിഭാഗവും ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി മാറ്റിവെക്കേണ്ടി വരുമ്പോള്‍, സാധാരണക്കാരുടെ സമ്പാദ്യം ഇല്ലാതാവുന്നു.
ഇത് വണ്ടിയിലെ ഇന്ധനവിലയില്‍ മാത്രം ഒതുങ്ങുന്നില്ല. മക്കളുടെ വിദ്യാഭ്യാസം, ചികില്‍സാ ചെലവുകള്‍, വീട്ടുവാടക എന്നിവയെല്ലാം ഇതിനൊപ്പം വര്‍ധിക്കുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുമ്പോള്‍, സാധാരണക്കാര്‍ എടുത്ത ഭവന വായ്പകളുടെയും വാഹന വായ്പകളുടെയും ഇഎംഐ തുകകളും കൂടുന്നു. ഫലത്തില്‍, സാധാരണക്കാരന്റെ കൈയില്‍ ചെലവാക്കാന്‍ ഒരു രൂപ പോലും ബാക്കിണ്ടാകില്ല
ചുരുക്കത്തില്‍, പണപ്പെരുപ്പം എന്നത് സാധാരണക്കാരന്റെ നിശബ്ദനായ ശത്രുവാണ്. അത് നമ്മുടെ അധ്വാനത്തിന്റെ വില കുറച്ചുകളയുന്നു. വിലക്കയറ്റത്തിന്റെ ഈ കാലത്ത് കൃത്യമായ സാമ്പത്തിക ആസൂത്രണവും കരുതലുമാണ് പണപ്പെരുപ്പം നേരിടാന്‍ വേണ്ടത്.
കേന്ദ്രസര്‍ക്കാര്‍ റസിലിയന്റ് എന്ന വാക്ക് നിരന്തരമായി ഉപയോഗിച്ചത് കൊണ്ട് മാത്രം കാര്യമില്ല. അതിനുമപ്പുറം സമ്പദ്വ്യവസ്ഥയിലെ സൂചകങ്ങളെ സൂക്ഷ്മമായി തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് കഴിയണം. ഇല്ലെങ്കില്‍ തിരിച്ചു വരാന്‍ സാധിക്കാത്ത പ്രതിസന്ധിയാവും സമ്പദ്വ്യവസ്ഥയിലുണ്ടാവുക.
Adjust Story Font
16

