അന്ന് ഒരു ലക്ഷം നിക്ഷേപിച്ചത് ഇന്ന് വെറും 2500 രൂപ; ഓഹരിയിലെ ദീര്‍ഘകാല നിക്ഷേപം എപ്പോഴും ലാഭമാണോ? തീര്‍ത്ത് പറയാനാവില്ല, കാരണം...
മോശം പ്രകടനം നടത്തുന്ന കമ്പനികളിലെ ദീര്‍ഘകാല നിക്ഷേപം പണം നഷ്ടമാകാന്‍ മാത്രമേ ഉപകരിക്കൂ

- Published:
20 May 2026 1:56 PM IST

ഓഹരിവിപണിയിലെ പ്രധാന ഉപദേശങ്ങളിലൊന്നാണ് ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുകയെന്നത്. നല്ല കമ്പനിയുടെ ഓഹരിയില്‍ ദീര്‍ഘകാലം നിക്ഷേപിക്കുമ്പോള്‍ നമ്മുടെ പണവും കമ്പനിയുടെ വളര്‍ച്ചക്കൊപ്പം വളരും. ഓഹരി വിഭജനം, ബോണസ് ഓഹരി, ഡിവിഡന്റ് മുതലായ ആനുകൂല്യങ്ങളും ദീര്‍ഘകാല നിക്ഷേപകരെ കാത്തിരിക്കും. എന്നാല്‍, ദീര്‍ഘകാല നിക്ഷേപം എപ്പോഴും നല്ലതാണോ? ഓഹരി വിപണിയില്‍ ഏറ്റവും പ്രധാനം കമ്പനിയെ മനസ്സിലാക്കി നിക്ഷേപിക്കുക എന്നതാണ്. ദീര്‍ഘകാലം നിക്ഷേപിക്കുന്നത് ഒരു മോശം ഓഹരിയിലാണെങ്കില്‍ അത് നഷ്ടം വര്‍ധിപ്പിക്കുകയേ ഉള്ളൂ.
കമ്പനിയെ മനസ്സിലാക്കുക, സാമ്പത്തിക സ്ഥിതി പരിശോധിക്കുക, വിപണി പ്രവണതകള്‍ വിലയിരുത്തുക, അപകടസാധ്യത തിരിച്ചറിയുക, പോര്‍ട്ട്‌ഫോളിയോ വൈവിധ്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഓഹരി നിക്ഷേപത്തില്‍ പ്രധാനം. കമ്പനി എന്താണ് ചെയ്യുന്നത്, വരുമാനം എങ്ങനെ ഉണ്ടാക്കുന്നു, വിപണിയിലെ മത്സരത്തില്‍ എവിടെയാണ് നിലകൊള്ളുന്നത് എന്ന് മനസ്സിലാക്കണം. മനസ്സിലാക്കാന്‍ കഴിയാത്ത ബിസിനസില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കുക.
കമ്പനിയുടെ സാമ്പത്തിക പ്രകടനം വിലയിരുത്താന്‍ കഴിയണം. സ്ഥിരമായ വളര്‍ച്ച നല്ല സൂചനയാണ്. ഇത് പ്രവര്‍ത്തന കാര്യക്ഷമതയാണ് കാണിക്കുന്നത്. മൂലധനം എത്ര കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്നും വ്യക്തമാക്കുന്നു. അമിത കടബാധ്യതയുള്ള കമ്പനികളെ ഒഴിവാക്കി വേണം നിക്ഷേപിക്കാന്‍. അതേ രംഗത്തെ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുകയും വേണം. മാനേജ്‌മെന്റിന്റെ വിശ്വാസ്യത, മുന്‍കാല പ്രകടനം, കോര്‍പറേറ്റ് ഇടപെടല്‍ എന്നിവയും പരിശോധിക്കണം. വരുംകാലത്തെ സാങ്കേതിക വിദ്യകള്‍, സര്‍ക്കാര്‍ നയങ്ങളിലെ മാറ്റങ്ങള്‍ മുതലായവ കമ്പനിയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന് മുന്‍കൂട്ടി കാണാനാകണം.
ദീര്‍ഘകാലം കൊണ്ട് നിക്ഷേപകരുടെ സമ്പത്ത് ആവിയാക്കിയ ചില ഓഹരികളുണ്ട്. ഒരുകാലത്ത് വന്‍ പ്രകടനം നടത്തി മുന്നേറിയ ഇവ പില്‍ക്കാലത്ത് പല കാരണങ്ങളാല്‍ നിലംപതിക്കുകയായിരുന്നു. ഇതോടെ നിക്ഷേപകര്‍ക്ക് വന്‍തോതിലുള്ള നഷ്ടമുണ്ടായി. അത്തരം ചില 'വെല്‍ത്ത് ഡെസ്‌ട്രോയര്‍' ഓഹരികളെ പരിശോധിക്കാം.
യെസ് ബാങ്ക്
യെസ് ബാങ്ക് ഓഹരിയുടെ ചരിത്രം ഇന്ത്യയിലെ ഏറ്റവും വലിയ നഷ്ടക്കഥകളില്‍ ഒന്നാണ്. 2018 വരെ മികച്ച വളര്‍ച്ച കാട്ടി കുതിച്ച ഓഹരിയാണ് യെസ് ബാങ്കിന്റേത്. 2018ല്‍ 400 രൂപ വരെ യെസ് ബാങ്ക് ഓഹരി വില ഉയര്‍ന്നിരുന്നു. എന്നാല്‍, മോശം വായ്പകള്‍ നല്‍കിയതും മാനേജ്‌മെന്റ് വീഴ്ചകളും കാരണം ഓഹരി വില 400 രൂപയില്‍ നിന്ന് 2020ല്‍ 10 രൂപയ്ക്കും താഴെയായി ഇടിഞ്ഞു. ഇപ്പോള്‍ 21.73 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. അതായത് 2018ല്‍ ഒരാള്‍ ഒരു ലക്ഷം രൂപ യെസ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ അതിന്റെ മൂല്യം വെറും 5432 രൂപ മാത്രമാണ്.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍
അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരിയുടെതും സമാനമായ കഥയാണ്. 2007-08 കാലത്ത് വന്‍ കുതിപ്പ് നടത്തിയ ഓഹരി പിന്നീട് വന്‍ തകര്‍ച്ചയിലായി. കടം വര്‍ധിച്ചതും പ്രവൃത്തികള്‍ നിലച്ചതും പണമൊഴുക്ക് കുറഞ്ഞതുമെല്ലാം സ്ഥാപനത്തെ ബാധിച്ചു. 2008 ജനുവരിയില്‍ 2,641 രൂപയുണ്ടായിരുന്ന ഓഹരി 2020ല്‍ 10 രൂപയിലേക്ക് താഴ്ന്നു. ഇപ്പോള്‍ 67.45 രൂപയാണ് ഓഹരിവില. അതായത്, 2008ല്‍ ഒരു ലക്ഷം രൂപ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപിച്ച ഒരാള്‍ക്ക് ഇന്ന് അവശേഷിക്കുക വെറും 2555 രൂപ മാത്രമാണ്.
സുസ്ലോണ്‍ എനര്‍ജി
നിക്ഷേപകര്‍ക്ക് വന്‍ പ്രതീക്ഷ നല്‍കി വന്‍ വീഴ്ചയിലേക്ക് താഴ്ന്ന മറ്റൊരു ഓഹരിയാണ് വിന്‍ഡ് എനര്‍ജി രംഗത്തെ സുസ്ലോണ്‍ എനര്‍ജി. വരുംകാലത്ത് വന്‍ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ കണ്ടിരുന്ന ഓഹരിയായിരുന്നു. 2008ല്‍ ഓഹരിവില 400 രൂപ വരെ ഉയര്‍ന്നു. എന്നാല്‍ വിദേശത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതിന്റെ കടബാധ്യത, ടര്‍ബൈന്‍ ഗുണനിലവാരത്തിലെ പ്രശ്‌നങ്ങള്‍, പുനരുപയോഗ ഊര്‍ജ വിപണിയിലെ ഡിമാന്‍ഡ് കുറവ് തുടങ്ങിയവ കമ്പനിയെ ബാധിച്ചു. ഓഹരിവില ഇടിയാന്‍ തുടങ്ങി. 2020ല്‍ വെറും രണ്ട് രൂപയിലേക്ക് വരെ ഓഹരി ഇടിഞ്ഞു. നിലവില്‍ 52 രൂപയാണ് ഓഹരിവില. 2008ല്‍ ഒരു ലക്ഷം രൂപ റസുസ്ലോണ്‍ എനര്‍ജിയില്‍ നിക്ഷേപിച്ച ഒരാള്‍ക്ക് ഇന്ന് അവശേഷിക്കുക വെറും 13,000 രൂപ മാത്രമാണ്.
(ശ്രദ്ധിക്കുക: ഈ ലേഖനം മുന്‍കാല പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള അവലോകനം മാത്രമാണ്. ഏതെങ്കിലും ഓഹരികള്‍ വില്‍ക്കാനോ വാങ്ങാനോ ഉള്ള നിര്‍ദേശമല്ല. ഓഹരിവിപണിയിലെ നിക്ഷേപങ്ങള്‍ ലാഭ-നഷ്ടങ്ങള്‍ക്ക് വിധേയമാണ്.)
Adjust Story Font
16
