തലയൂരി അദാനി; യുഎസ് ട്രഷറി വകുപ്പുമായി 275 ദശലക്ഷം ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി
യുഎസിൻ്റെ ഉപരോധം നിലനില്‍ക്കെ ഇറാനില്‍ നിന്നുള്ള എല്‍പിജി ഇറക്കുമതി ചെയ്ത സംഭവത്തിലായിരുന്നു അന്വേഷണം

- Updated:
2026-05-18 16:39:48.0

വാഷിങ്ടണ്‍ ഡിസി: യുഎസ് ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസുമായി (ഒഎഫ്എസി) 275 മില്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി അദാനി ഗ്രൂപ്പ്. ഇറാനെതിരായ യുഎസിന്റെ ഉപരോധം ലംഘിച്ചതിനാണ് അദാനിക്കെതിരെ യുഎസ് അന്വേഷണം നടത്തിയത്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുകയും വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് വന്‍ തുക നല്‍കി ഒത്തുതീര്‍പ്പിന് അനുമതി നല്‍കിയത്.
യുഎസിന്റെ ഉപരോധം നിലനില്‍ക്കെ ഇറാനില്‍ നിന്നുള്ള എല്‍പിജി ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഇറക്കുമതി ചെയ്ത സംഭവത്തിലായിരുന്നു അന്വേഷണം. 2023 മുതല്‍ 2025 ജൂണ്‍ വരെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ദുബൈയിലെ ഇടനിലക്കാര്‍ വഴി എല്‍പിജി ഇറക്കുമതി ചെയ്തിരുന്നു. ഒമാനില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള എല്‍പിജിയെന്ന നിലയിലായിരുന്നു ഇതെങ്കിലും യഥാര്‍ഥത്തില്‍ ഇറാനില്‍ നിന്നുള്ളതായിരുന്നു എല്‍പിജി. തുടര്‍ന്നാണ് ഒഎഫ്എസി അന്വേഷണം ആരംഭിച്ചത്.
ഇറാനിലെ എല്‍പിജി വഹിച്ചുകൊണ്ടുള്ള ഒരു കപ്പല്‍ മുന്ദ്ര തുറമുഖത്ത് നങ്കൂരമിട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് 2025ല്‍ തങ്ങള്‍ സ്വയം ഒഎഫ്എസിക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. തുടര്‍ന്നാണ് കേസ് ആരംഭിച്ചത്. 2023 ജൂണ്‍ മുതലുള്ള ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒഎഫ്എസി തേടിയിരുന്നു. ഇതിന് പിന്നാലെ അദാനി എന്റര്‍പ്രൈസസ് എല്ലാ എല്‍പിജി ഇറക്കുമതിയും നിര്‍ത്തിവച്ചിരുന്നു. ഉപരോധങ്ങള്‍ പാലിക്കല്‍ നടപടിക്രമങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. ഈ പരിഹാര നടപടികള്‍ ഒത്തുതീര്‍പ്പ് തുക കുറയ്ക്കലിന് പിന്നിലെ പ്രധാന ഘടകമായെന്ന് ഒഎഫ്എസി ചൂണ്ടിക്കാട്ടി.
അദാനിക്കെതിരെ യുഎസിലുള്ള മറ്റൊരു കേസും ഒത്തുതീര്‍ക്കാനുള്ള നീക്കം നടക്കുന്നുണ്ട്. 2024 നവംബറില്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ചുമത്തിയ സിവില്‍ തട്ടിപ്പ് കേസാണ് വന്‍ തുക പിഴ ഈടാക്കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്. സിവില്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി അദാനിയും അനന്തരവന്‍ സാഗര്‍ അദാനിയും 18 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16
