പുടിന്റെ തന്ത്രം പിഴച്ചോ? യുദ്ധം ജയിക്കാൻ സ്വർണശേഖരത്തിൽ കൈവെച്ച് റഷ്യ,ആഗോള വിപണിയിൽ ചലനങ്ങൾ
കഴിഞ്ഞ 25 വർഷത്തിനിടയിൽ ആദ്യമായാണ് റഷ്യ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്

- Published:
29 March 2026 9:13 PM IST

യുക്രൈനുമായുള്ള സൈനിക സംഘർഷം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുദ്ധച്ചെലവുകൾ കണ്ടെത്താൻ റഷ്യ തങ്ങളുടെ സ്വർണശേഖരം വിറ്റഴിക്കാൻ തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ 25 വർഷത്തിനിടയിൽ ആദ്യമായാണ് റഷ്യൻ സെൻട്രൽ ബാങ്ക് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. 2026 ജനുവരിയിൽ 300,000 ഔൺസ് സ്വർണവും ഫെബ്രുവരിയിൽ 200,000 ഔൺസും റഷ്യ വിപണിയിൽ വിറ്റഴിച്ചു. കേവലം രണ്ട് മാസത്തിനുള്ളിൽ 14 ടൺ സ്വർണം വിറ്റഴിച്ച ഈ നടപടി, 2002ന് ശേഷമുള്ള റഷ്യയുടെ ഏറ്റവും വലിയ സ്വർണ വിൽപനയായാണ് കണക്കാക്കപ്പെടുന്നത്. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുന്നത് റഷ്യയുടെ സാമ്പത്തിക അടിത്തറയെ എത്രത്തോളം ബാധിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്. 2014ലെ ക്രിമിയ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളെ പ്രതിരോധിക്കാൻ കെട്ടിപ്പടുത്ത ഫോർട്രസ് റഷ്യ എന്ന സാമ്പത്തിക കവചത്തിന് വിള്ളലുകൾ വീണു തുടങ്ങിയോ എന്ന ചോദ്യമാണ് ഈ നീക്കം ഉയർത്തുന്നത്.
റഷ്യയുടെ സ്വർണക്കൈകാര്യം ചെയ്യുന്ന രീതിയിൽ ഉണ്ടായ കാതലായ മാറ്റമാണ് ഈ നീക്കത്തിലൂടെ വെളിപ്പെടുന്നത്. മുൻകാലങ്ങളിൽ റഷ്യൻ ധനകാര്യ മന്ത്രാലയവും സെൻട്രൽ ബാങ്കും തമ്മിലുള്ള സ്വർണ ഇടപാടുകൾ മിക്കവാറും പേപ്പറിൽ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നു. അതായത്, സ്വർണക്കട്ടികൾ ഭൗതികമായി നീക്കം ചെയ്യാതെ തന്നെ ഉടമസ്ഥാവകാശത്തിൽ മാറ്റം വരുത്തുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സെൻട്രൽ ബാങ്കിന്റെ കൈവശമുള്ള സ്വർണക്കട്ടികൾ നേരിട്ട് വിപണിയിലെത്തിച്ച് പണമാക്കുകയാണ് ചെയ്യുന്നത്. ഈ വിൽപനയെത്തുടർന്ന് റഷ്യയുടെ സ്വർണശേഖരം 74.3 ദശലക്ഷം ഔൺസായി കുറഞ്ഞു, ഇത് കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള അഞ്ചാമത്തെ രാജ്യമാണ് റഷ്യ. എന്നിരുന്നാലും, ബജറ്റ് കമ്മി നികത്താൻ സ്വർണം വിൽക്കേണ്ടി വരുന്നത് പുടിൻ ഭരണകൂടം നേരിടുന്ന കടുത്ത സാമ്പത്തിക സമ്മർദ്ദത്തെയാണ് കാണിക്കുന്നത്.
2025ൽ റഷ്യൻ സർക്കാർ പ്രതീക്ഷിച്ചിരുന്ന ബജറ്റ് കമ്മി ജിഡിപിയുടെ 0.5 ശതമാനമായിരുന്നു. എന്നാൽ യുദ്ധച്ചെലവുകൾ കുതിച്ചുയർന്നതോടെ ഇത് 2.6 ശതമാനമായി വർധിച്ചു. എന്നാൽ പല സാമ്പത്തിക വിദഗ്ധരും വിശ്വസിക്കുന്നത് യഥാർത്ഥ കമ്മി 3.4 ശതമാനത്തിന് മുകളിലാണെന്നാണ്. ചില ചെലവുകൾ അടുത്ത വർഷത്തേക്ക് മാറ്റി വെച്ചാണ് സർക്കാർ ഈ കണക്കുകൾ ഒതുക്കിനിർത്തുന്നത്. റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ, പ്രകൃതി വാതക മേഖലകളിൽ നിന്നുള്ള ലാഭത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞതും റഷ്യക്ക് വിനയായി. നിലവിൽ രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം മാത്രമാണ് ഊർജ്ജ നികുതിയിൽ നിന്ന് ലഭിക്കുന്നത്. യുദ്ധത്തിന് മുൻപ് ഇത് വളരെ കൂടുതലായിരുന്നു. അതേസമയം, സൈനിക ആവശ്യങ്ങൾക്കായി ചെലവാക്കുന്ന തുകയിൽ യാതൊരു കുറവും വന്നിട്ടുമില്ല.
2014ൽ ക്രിമിയ പിടിച്ചടക്കിയതിന് പിന്നാലെ പാശ്ചാത്യർ ഏർപ്പെടുത്തിയേക്കാവുന്ന ഉപരോധങ്ങൾ മുന്നിൽ കണ്ടാണ് റഷ്യ സ്വർണ ശേഖരം വർധിപ്പിക്കാൻ തുടങ്ങിയത്. ഡോളറിനോടുള്ള ആശ്രിതത്വം കുറച്ച് ഡി-ഡോളറൈസേഷൻ നടപ്പിലാക്കാൻ സ്വർണം ഒരു വലിയ ആയുധമായിരുന്നു. എന്നാൽ യുദ്ധം നാല് വർഷം പിന്നിടുമ്പോൾ, ഈ തന്ത്രപരമായ ശേഖരത്തിന് പോലും റഷ്യൻ സമ്പദ്‌വ്യവസ്ഥയെ പൂർണമായി രക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, സ്വർണ വിൽപനയിലൂടെ ലഭിക്കുന്ന പണം താത്കാലിക ആശ്വാസം മാത്രമേ നൽകൂ, ദീർഘകാലാടിസ്ഥാനത്തിൽ റഷ്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഘടനാപരമായ പ്രശ്‌നങ്ങൾക്ക് ഇത് പരിഹാരമല്ല.
റഷ്യയെപ്പോലെ തന്നെ തുർക്കിയും വലിയ തോതിൽ സ്വർണം വിറ്റഴിക്കുന്നുണ്ട്. തുർക്കിയുടെ കറൻസിയായ ലിറയുടെ മൂല്യം ഡോളറിനെതിരെ വൻതോതിൽ ഇടിഞ്ഞതാണ് ഇതിന് കാരണം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഏകദേശം 60 ടൺ സ്വർണമാണ് തുർക്കി ഇതുവരെ വിപണിയിലിറക്കിയത്. ഇത് സ്വർണ വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതേസമയം, പോളണ്ടും തങ്ങളുടെ സ്വർണശേഖരം പണമാക്കാൻ ആലോചിക്കുന്നുണ്ട്. ആയുധങ്ങൾ വാങ്ങുന്നതിനായി ഏകദേശം 13 ബില്യൺ ഡോളർ കണ്ടെത്താനാണ് പോളണ്ടിന്റെ ശ്രമം. കഴിഞ്ഞ രണ്ട് വർഷമായി ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം വാരിക്കൂട്ടിയ രാജ്യമായിരുന്നു പോളണ്ട്. എന്നാൽ ഇപ്പോൾ അവരും വിൽപനയെക്കുറിച്ച് ചിന്തിക്കുന്നത് സ്വർണ വിപണിയിലെ ഡിമാൻഡ് കുറയാൻ കാരണമായേക്കാം.
Adjust Story Font
16
