Quantcast

ഓഹരി വിപണിയില്‍ തിരിച്ചുവരവ്; നിക്ഷേപകരുടെ സമ്പത്തില്‍ ആറ് ലക്ഷം കോടിയുടെ വര്‍ധനവ്

സെന്‍സെക്‌സ് 899 പോയിൻ്റും നിഫ്റ്റി 285.4 പോയിൻ്റുമാണ് കുതിച്ചത്

MediaOne Logo
Sensex jumps 900 points
X

മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധഭീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തകര്‍ച്ച നേരിട്ട ഓഹരി വിപണി ഇന്ന് ശക്തമായ തിരിച്ചുവരവ് നടത്തി. സെന്‍സെക്‌സ് 899 പോയിന്റും (1.14 %), നിഫ്റ്റി 285.4 പോയിന്റുമാണ് (1.17 %) കുതിച്ചത്. ആറ് ലക്ഷം കോടി രൂപയാണ് ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ആകെയുണ്ടായ വര്‍ധനവ്. വിപണിയിലെ ഈ തിരിച്ചുവരവ് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്.

യുദ്ധഭീതിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തെ വ്യാപാരത്തില്‍ നാല് ശതമാനം വീഴ്ച നേരിട്ടതിന് പിന്നാലെയാണ് തിരിച്ചുവരവ്. ഐടി ഒഴികെയുള്ള എല്ലാ ഓഹരിവിഭാഗങ്ങളും ഇന്ന് പച്ചകത്തി. രാവിലെ തന്നെ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച വിപണി വൈകീട്ടോടെ വലിയ കുതിപ്പ് നടത്തി. 80,303 പോയിന്റ് വരെ ഉയര്‍ന്ന ശേഷമാണ് സെന്‍സെക്‌സ് ഒടുവില്‍ 80,015ല്‍ ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്കാപ് ഇന്‍ഡെക്‌സ് 1.44 ശതമാനവും സ്മാള്‍ കാപ് ഇന്‍ഡെക്‌സ് 1.38 ശതമാനവും വര്‍ധിച്ചു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന് നേരിയ അയവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിക്ക് ഊര്‍ജം നല്‍കിയത്. ആഗോളവിപണികള്‍ മുന്നേറ്റം നടത്തിയതും അസംസ്‌കൃത എണ്ണ വില സ്ഥിരതയിലേക്ക് വരുന്നതും ഡോളറിനെതിരെ ഇന്ത്യന്‍ രൂപ നേരിയ മുന്നേറ്റമുണ്ടാക്കിയതുമാണ് ഇന്ത്യന്‍ വിപണിയെ ഇന്ന് മുന്നോട്ട് നയിച്ചത്.

അതേസമയം, സ്വര്‍ണവില കേരളത്തില്‍ ഇന്ന് രണ്ടാംതവണയും താഴ്ന്നു. പവന് 480 രൂപ താഴ്ന്ന് 1,19,440 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,930 രൂപയായി. ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് 5,150 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ന്നതും രൂപ നില മെച്ചപ്പെടുത്തിയതും സ്വര്‍ണവില കുറയാന്‍ സഹായിച്ചു.

TAGS :

Next Story