Quantcast

വിപണിയില്‍ നേരിയ ആശ്വാസം, സെന്‍സെക്‌സ് 600 പോയിൻ്റിലേറെ ഉയര്‍ന്നു; തിരിച്ചുകിട്ടിയത് ഏഴ് ലക്ഷം കോടി

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥയില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞതിന് പിന്നാലെയാണ് വിപണി തിരിച്ചുവരവിൻ്റെ സൂചനകള്‍ നല്‍കിയത്

MediaOne Logo
sensex up more than 600 points
X

മുംബൈ: തിങ്കളാഴ്ചത്തെ വന്‍ വീഴ്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഓഹരി വിപണി. സെന്‍സെക്‌സ് 639 പോയിന്റ് നേട്ടത്തോടെ 78,205ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 233 പോയിന്റ് നേട്ടത്തോടെ 24,261ലെത്തി. നിക്ഷേപകരുടെ സമ്പത്തില്‍ ഏഴ് ലക്ഷം കോടിയുടെ വര്‍ധനവാണ് ഇന്നുണ്ടായത്.

പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥയില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞതിന് പിന്നാലെയാണ് വിപണി തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയത്. ഇന്ന് മിഡ്കാപ്, സ്‌മോള്‍ കാപ് ഓഹരികളാണ് കുതിച്ചത്. ബിഎസ്ഇ 150 മിഡ്കാപ് ഇന്‍ഡെക്‌സ് 1.66 ശതമാനവും ബിഎസ്ഇ 250 സ്‌മോള്‍കാപ് ഇന്‍ഡെക്‌സ് 2.04 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 441 ലക്ഷം കോടിയില്‍ നിന്ന് 448 ലക്ഷം കോടിയായി വര്‍ധിച്ചു.

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന് അയവുണ്ടായേക്കുമെന്നുള്ള സൂചനയും അസംസ്‌കൃത എണ്ണവിലയിലുണ്ടായ വന്‍ കുതിപ്പ് ഇടിവിലേക്ക് നീങ്ങിയതും ഓഹരി വിപണിക്ക് കരുത്തായി. ഇത് കൂടാതെ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ റെക്കോഡ് താഴ്ചയില്‍ നിന്ന് നേരിയ തോതില്‍ ഉയര്‍ന്നതും വിപണിയെ സ്വാധീനിച്ചു. 53 പൈസ നേട്ടമാണ് രൂപക്കുണ്ടായത്. ഡോളറുമായുള്ള രൂപയുടെ മൂല്യം 91.80 ആയി. തിങ്കളാഴ്ച 58 പൈസ ഇടിവില്‍ 92.33 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു.

പ്രധാന സെക്ടറുകളായ നിഫ്റ്റി ബാങ്ക്, ഫിനാന്‍സ്, ഓട്ടോ, ഫാര്‍മ എന്നിവയില്‍ ഇന്ന് കുതിപ്പുണ്ടായി. വന്‍ ഇടിവില്‍ മികച്ച ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തയാറായതോടെയാണിത്. നിഫ്റ്റി ഓട്ടോ മൂന്ന് ശതമാനത്തിലേറെയും പൊതുമേഖലാ ബാങ്ക് ഇന്‍ഡെക്‌സ് രണ്ട് ശതമാനത്തിലേറെയും കുതിച്ചു. ഫാര്‍മ സെക്ടര്‍ 1.14 ശതമാനം നേട്ടമുണ്ടാക്കി. 0.46 ശതമാനം ഇടിഞ്ഞ നിഫ്റ്റി ഐടി ഇന്‍ഡെക്‌സാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.

TAGS :

Next Story