ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് തിരികെ 3.16 ലക്ഷം; ഗോള്‍ഡ് ബോണ്ടില്‍ ബംപര്‍ നേട്ടം
സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയതിനാല്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് ബോണ്ടുകളില്‍ നിന്ന് ലഭിക്കുക

- Published:
7 Feb 2026 4:16 PM IST

ന്യൂഡല്‍ഹി: സൊവറിന്‍ ഗോള്‍ഡ് ബോണ്ടുകളിലെ നിക്ഷേപം കാലാവധിക്ക് മുന്‍പേ പിന്‍വലിക്കാനുള്ള വിലനിലവാരം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. 2020-21ലെ സീരീസ് 11 ഗോള്‍ഡ് ബോണ്ടുകളിലെ തുകയാണ് പിന്‍വലിക്കാന്‍ അവസരം. സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയതിനാല്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് ബോണ്ടുകളില്‍ നിന്ന് ലഭിക്കുക.
2020-21ലെ സീരീസ് 11 ഗോള്‍ഡ് ബോണ്ടില്‍ ഗ്രാമിന് 4921 രൂപയായിരുന്നു ഇഷ്യു വില. അന്നത്തെ സ്വര്‍ണവിലയുടെ അടിസ്ഥാനത്തിലാണിത്. ഇന്ന് ഗ്രാമിന് 15,374 രൂപയ്ക്കാണ് ബോണ്ടുകള്‍ തിരിച്ചെടുക്കാനാവുക. രണ്ടിരട്ടിയിലേറെയാണ് ലാഭം. 216 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. ഇതിന് പുറമേ ഇഷ്യു വിലയില്‍ 2.5 ശതമാനം വാര്‍ഷിക പലിശ നിരക്കും ലഭിക്കും. 2020-21ല്‍ ഒരു ലക്ഷം രൂപ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിച്ചയാള്‍ക്ക് ഏകദേശം 3.16 ലക്ഷം രൂപ വരെ തിരികെ ലഭിക്കും.
കേന്ദ്ര സര്‍ക്കാറിനുവേണ്ടി റിസര്‍വ് ബാങ്ക് ഇറക്കുന്നതാണ് ഗോള്‍ഡ് ബോണ്ടുകള്‍. എട്ട് വര്‍ഷമാണ് കാലാവധിയെങ്കിലും അഞ്ച് വര്‍ഷം കഴിയുമ്പോള്‍ തന്നെ തിരിച്ചെടുക്കാന്‍ അനുവാദം നല്‍കാറുണ്ട്. കാലാവധിയെത്തുമ്പോള്‍ അപ്പോഴത്തെ സ്വര്‍ണവിലയും പുറമേ 2.5 ശതമാനം വാര്‍ഷിക പലിശയുമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക.
Adjust Story Font
16
