Quantcast

50ാം വയസ്സില്‍ ജോലി വിട്ടിറങ്ങിയ സ്ത്രീ, കെട്ടിപ്പടുത്തത് 40,000 കോടിയുടെ ബിസിനസ് സാമ്രാജ്യം; ഫാല്‍ഗുനി നായരുടെ വിജയഗാഥ

വെറും മൂന്ന് ജീവനക്കാരുമായി 2012ല്‍ തുടങ്ങിയ 'നൈക്ക' എന്ന ബ്രാന്‍ഡ് ഇന്ന് ഇന്ത്യയിലെ ബ്യൂട്ടി-ഫാഷന്‍ മേഖലയിലെ മുന്‍നിരക്കാരാണ്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-02-24 12:31:03.0

Published:

24 Feb 2026 5:58 PM IST

success story of falguni nayar
X

50ാം വയസ്സില്‍ ഒരു സ്ത്രീ മെച്ചപ്പെട്ട ജോലി ഉപേക്ഷിച്ച് സംരംഭകയാകാന്‍ ഇറങ്ങുമ്പോള്‍ നിങ്ങള്‍ എന്തു പറയും? ഫാല്‍ഗുനി നായര്‍ എന്ന മുംബൈക്കാരി കൊട്ടക് മഹീന്ദ്ര കാപിറ്റലിലെ മാനേജിങ് ഡയറക്ടര്‍ ജോലി ഉപേക്ഷിച്ച് സംരംഭം തുടങ്ങാന്‍ ഇറങ്ങിയപ്പോള്‍ പലരും മൂക്കത്ത് വിരല്‍വെച്ചു. വെറും മൂന്ന് ജീവനക്കാരുമായി 2012ല്‍ തുടങ്ങിയ 'നൈക്ക' എന്ന ബ്രാന്‍ഡ് ഇന്ന് ഇന്ത്യയിലെ ബ്യൂട്ടി-ഫാഷന്‍ മേഖലയിലെ മുന്‍നിരക്കാരാണ്. 67,000 കോടി വിപണിമൂല്യമുള്ള നൈക്കയില്‍ ഇന്ന് 2000ലേറെയാണ് ജീവനക്കാര്‍. ഇന്ത്യന്‍ മിഡില്‍ ക്ലാസ്സിന്റെ പ്രിയപ്പെട്ട ഫാഷന്‍ ബ്രാന്‍ഡായി നൈക്ക വളര്‍ന്നതിന് പിന്നിലുള്ളത് സമർപ്പണത്തിൻ്റെ കഥയാണ്.

130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയില്‍ പകുതിയോളവും സ്ത്രീകള്‍, ഇവരിലേറെയും ബ്യൂട്ടി പ്രൊഡക്ടുകളില്‍ താല്‍പര്യമുള്ളവര്‍. വന്‍ തോതില്‍ ഡിമാന്‍ഡ് ഉണ്ടായിട്ടും ഫാഷന്‍, സൗന്ദര്യവര്‍ധക വിപണി എല്ലാ ജനങ്ങളിലേക്കും എത്തുന്നില്ലെന്ന് ഫാല്‍ഗുനി മനസ്സിലാക്കി. അതില്‍ വലിയൊരു ബിസിനസ് സാധ്യത കണ്ടു. അങ്ങനെയാണ് ജോലി ഉപേക്ഷിച്ച് സംരംഭകയായത്.

'നായക' എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് 'നൈക്ക' എന്ന ബ്രാന്‍ഡ് നെയിം കണ്ടെത്തിയത്. 'യുവര്‍ ബ്യൂട്ടി, ഔവര്‍ പാഷന്‍' എന്ന ടാഗ് ലൈനും നല്‍കി. ഓണ്‍ലൈനില്‍ മാത്രമായുള്ള ബിസിനസ് മോഡലാണ് നൈക്ക തുടക്കത്തില്‍ സ്വീകരിച്ചത്. എല്ലാ വിഭാഗം ജനങ്ങളിലും എത്താന്‍ ഓണ്‍ലൈനാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ഫാല്‍ഗുനി കണ്ടെത്തി. പിന്നീട് 2015ലാണ് ഓഫ് ലൈന്‍ വിപണിയിലേക്ക് കടന്നത്.

വന്‍കിട ആഗോള ബ്രാന്‍ഡുകളോടായിരുന്നു നൈക്കക്ക് മത്സരിക്കാനുണ്ടായിരുന്നത്. വിശ്വാസ്യത, ആധികാരികത, ലഭ്യത -ഇതു മൂന്നും ഉറപ്പാക്കി ഇന്ത്യന്‍ ബ്യൂട്ടി മാര്‍ക്കറ്റിലെ വിടവ് നികത്തുകയായിരുന്നു നൈക്ക. ലിപ്സ്റ്റിക്കുകള്‍ മുതല്‍ ആഡംബര ബാഗുകള്‍ വരെ, ബേബി പൗഡര്‍ മുതല്‍ ലക്ഷ്വറി പെര്‍ഫ്യൂം വരെ, നൈക്കയുടെ ഉല്‍പ്പന്നങ്ങളുടെ നിര എണ്ണാവുന്നതിലപ്പുറം. ഇ-കൊമേഴ്സ് ബ്യൂട്ടി മാര്‍ക്കറ്റിലെ മുന്‍നിരക്കാരായി നൈക്ക. പുറമേ, 200ലേറെ ബ്രാന്‍ഡ് ഷോപ്പുകള്‍.

സംരംഭം വിജയംകണ്ടതോടെ നൈക്കയില്‍ നിക്ഷേപിക്കാന്‍ വന്‍കിടക്കാരെത്തി. 2021ല്‍ ഓഹരിവിപണിയിലും ലിസ്റ്റ് ചെയ്തു. സമീപകാലത്ത് ഓഹരിവിപണി കണ്ട ഏറ്റവും വമ്പന്‍ ഐപിഒ ആയിരുന്നു നൈക്കയുടേത്. 79 ശതമാനം ലിസ്റ്റിങ് ലാഭമാണ് ഐപിഒ വാങ്ങിയവര്‍ക്ക് ലഭിച്ചത്. ഇത് നൈക്കയുടെ ബിസിനസില്‍ നിക്ഷേപകര്‍ക്കുള്ള വലിയ വിശ്വാസം തെളിയിക്കുന്നതായിരുന്നു. 440 കോടി യുഎസ് ഡോളറാണ് (ഏകദേശം 39,550 കോടി രൂപ) ഇപ്പോള്‍ ഫാല്‍ഗുനി നായരുടെ സമ്പത്ത്. ഇന്ത്യയിലെ സമ്പന്നരുടെ 2025ലെ ഫോര്‍ബ്‌സ് പട്ടികയില്‍ 71ാം സ്ഥാനത്തെത്തി ഇവര്‍. ലോകത്തെ സമ്പന്നരായ വനിതാ സംരംഭകരുടെ പട്ടികയില്‍ 31ാം സ്ഥാനവും നേടി.

ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍, ന്യായമായ വില -ഇതുരണ്ടുമാണ് നൈക്ക മുന്നോട്ടുവച്ചത്. വളരെ യൂസര്‍ ഫ്രണ്ട്ലിയായ വെബ്സൈറ്റും മികച്ച കസ്റ്റമര്‍ സപ്പോര്‍ട്ടും കൂടിയായപ്പോള്‍ വളര്‍ച്ച അതിവേഗമായി. ഇതുവരെ ആറ് കമ്പനികളെ നൈക്ക ഏറ്റെടുത്തു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വിജയകരമായ വനിതാ സംരംഭകരുടെ കൂട്ടത്തിലാണ് ഫാല്‍ഗുനി നായര്‍. സാധ്യതകളുടെ ലോകത്തെ തിരിച്ചറിഞ്ഞാല്‍ വിജയം സുനിശ്ചിതമാണെന്നതിന്റെ ഉദാഹരണമാണ് നൈക്കയുടെ വിജയകഥ.

TAGS :

Next Story