Quantcast

ഹാര്‍പ്പിക്കിൻ്റെയും ഗോദ്‌റെജ് സ്പിക്കിൻ്റെയും കുപ്പി ഒരുപോലെ; തര്‍ക്കം കേസായി, ഇടപെടാനില്ലെന്ന് സുപ്രിം കോടതി

തങ്ങളുടെ ഉല്‍പ്പന്നമായ ഹാര്‍പ്പിക്കിൻ്റെ അതേ മാതൃകയിലുള്ള കുപ്പിയിലാണ് ഗോദ്‌റെജ് അവരുടെ ടോയ്‌ലെറ്റ് ക്ലീനറായ സ്പിക് വിപണിയിലെത്തിച്ചത് എന്ന് ചൂണ്ടിക്കാട്ടി ബഹുരാഷ്ട്ര കമ്പനിയായ റെക്കിറ്റ് ബെന്‍കീസറാണ് നിയമനടപടിക്ക് തുടക്കമിട്ടത്

MediaOne Logo
Supreme Court declines to intervene in Harpic–Godrej Spic bottle disput
X

ന്യൂഡല്‍ഹി: ടോയ്‌ലെറ്റ് ക്ലീനര്‍ ഉല്‍പ്പന്നങ്ങളുടെ കുപ്പിയുടെ രൂപഘടനയുടെ പേരില്‍ ഹാര്‍പ്പിക് നിര്‍മാതാക്കളായ റെക്കിറ്റ് ബെന്‍കീസറും സ്പികിന്റെ നിര്‍മാതാക്കളായ ഗോദ്‌റെജും തമ്മില്‍ തുടരുന്ന തര്‍ക്കത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിം കോടതി.

തങ്ങളുടെ ഉല്‍പ്പന്നമായ ഹാര്‍പ്പിക്കിന്റെ അതേ മാതൃകയിലുള്ള കുപ്പിയിലാണ് ഗോദ്‌റെജ് അവരുടെ ടോയ്‌ലെറ്റ് ക്ലീനറായ സ്പിക് വിപണിയിലെത്തിച്ചത് എന്ന് ചൂണ്ടിക്കാട്ടി ബഹുരാഷ്ട്ര കമ്പനിയായ റെക്കിറ്റ് ബെന്‍കീസറാണ് നിയമനടപടിക്ക് തുടക്കമിട്ടത്. അപകീര്‍ത്തികരമായ പരസ്യങ്ങള്‍ നല്‍കുന്നുവെന്നും ഇവര്‍ ആരോപിച്ചു. ഇവരുടെ ഹരജിയില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഫെബ്രുവരി 25ന് ഗോദ്‌റെജിനെതിരെ ഉത്തരവിട്ടു. ഹാര്‍പ്പിക്കിന് സമാനമായ കുപ്പിയില്‍ ഗോദ്‌റെജ് സ്പിക് വില്‍ക്കരുതെന്നായിരുന്നു ഉത്തരവ്. എന്നാല്‍, ഈ ഇടക്കാല ഉത്തരവ് രണ്ട് ദിവസത്തിന് ശേഷം ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

തുടര്‍ന്ന് റെക്കിറ്റ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, വിഷയത്തില്‍ ഇടപെടാനില്ലെന്നും കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനു മുന്നില്‍ വാദത്തിലൂടെ തന്നെ തീര്‍പ്പാക്കാനും ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.

തങ്ങളുടെ ഹാര്‍പ്പിക്കിന്റെ അതേ മാതൃകയില്‍ ഇറക്കിയ ഗോദ്‌റെജിന്റെ ഉല്‍പ്പന്നം ട്രേഡ്മാര്‍ക്ക് നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു റെക്കിറ്റ് ഉന്നയിച്ചത്. ഇത് അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് ഇവര്‍ക്ക് അനുകൂലമായി ഉത്തരവിട്ടത്. എന്നാല്‍, ഇത്തരം രൂപഘടനയിലുള്ള കുപ്പി വിപണിയില്‍ സാധാരണയായി ഉള്ളതാണെന്നും ഇതില്‍ ആര്‍ക്കും കുത്തക അവകാശപ്പെടാനാവില്ലെന്നും ഗോദ്‌റെജ് ഡിവിഷന്‍ ബെഞ്ചില്‍ വാദിച്ചു. അപകീര്‍ത്തികരമായ പരസ്യത്തിന്റെ പേരിലാണ് ആദ്യം തര്‍ക്കം ഉടലെടുത്തതെന്നും ഇത് പിന്‍വലിക്കാമെന്ന് തങ്ങള്‍ സമ്മതിച്ചിട്ടുണ്ടെന്നും ഗോദ്‌റെജ് അറിയിച്ചു. സ്പിക്കിന്റെ നിറവും മറ്റ് ഫീച്ചറുകളും വ്യത്യസ്തമായിരിക്കെ കുപ്പിയുടെ രൂപഘടന മാത്രം ചൂണ്ടിക്കാട്ടി ട്രേഡ്മാര്‍ക്ക് ലംഘനം ആരോപിക്കാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. പ്രാഥമിക അവലോകനത്തില്‍ റെക്കിറ്റിന്റെ വാദം നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞാണ് ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയത്. കേസ് സിംഗിള്‍ ബെഞ്ചില്‍ തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

തുടര്‍ന്നാണ് റെക്കിറ്റ് സുപ്രിം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, ചന്ദര്‍ എം. ലാല്‍ എന്നിവരാണ് റെക്കിറ്റിനു വേണ്ടി ഹാജരായത്. ഗോദ്‌റെജിനു വേണ്ടി അഭിഷേക് മനു സിങ്വി, മുകുള്‍ റോത്തഗി എന്നിവര്‍ ഹാജരായി.

TAGS :

Next Story