സ്വിഗ്ഗി സഹസ്ഥാപകൻ ലക്ഷ്മി നന്ദൻ റെഡ്ഡി ഒബുൾ രാജിവെച്ചു; കമ്പനിയുടെ തലപ്പത്ത് സുപ്രധാന മാറ്റങ്ങൾ
കമ്പനിയുടെ 'ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിൽ' വരുത്തിയ ഭേദഗതികൾക്കും ബോർഡ് അംഗീകാരം നൽകി

- Published:
11 April 2026 4:50 PM IST

ബംഗളൂരു: പ്രമുഖ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ സഹസ്ഥാപകൻ ലക്ഷ്മി നന്ദൻ റെഡ്ഡി ഒബുൾ രാജിവെച്ചു. ഹോൾ-ടൈം ഡയറക്ടർ, ഹെഡ് ഓഫ് ഇന്നൊവേഷൻ എന്നീ സ്ഥാനങ്ങളിൽ നിന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്. 2026 ഏപ്രിൽ 10 മുതൽ രാജി പ്രാബല്യത്തിലായെന്ന് റെഗുലേറ്ററി ഫയലിങ്ങിൽ കമ്പനി അറിയിച്ചു.
തൊഴിൽപരമായി മറ്റു താത്പര്യങ്ങളുടെ ഭാഗമായാണ് രാജിയെന്ന് നന്ദൻ റെഡ്ഡി വ്യക്തമാക്കി. ''സ്വിഗ്ഗിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, വലിയ അഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് ഞാൻ പടിയിറങ്ങുന്നത്. സ്വിഗ്ഗിയുടെ എക്കാലത്തെയും വലിയ ആരാധകനായി ഞാൻ തുടരും''- നന്ദൻ റെഡ്ഡി രാജിക്കത്തിൽ പറഞ്ഞു.
'അടുത്ത ഘട്ടത്തിൽ, ജിജ്ഞാസയോടെ നോക്കിക്കണ്ടിരുന്ന പുതിയ മേഖലകളെയും സാധ്യതകളെയും പര്യവേഷണം ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്, അതിനായി എന്റെ സമയം മാറ്റിവെക്കാൻ ആഗ്രഹിക്കുന്നു. ഈ മാറ്റത്തിന്റെ വേളയിൽ, നമ്മുടെ കൂട്ടായ നേട്ടങ്ങളിൽ അങ്ങേയറ്റത്തെ അഭിമാനത്തോടും പൂർണമായ ആത്മവിശ്വാസത്തോടും കൂടിയാണ് ഞാൻ പടിയിറങ്ങുന്നത്. കമ്പനിയുടെ നേതൃത്വവും ടീമും തുടർന്നും വിജയങ്ങൾ കൈവരിക്കാൻ പ്രാപ്തരാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ എന്നും സ്വിഗ്ഗിയുടെ ഏറ്റവും വലിയ പ്രോത്സാഹകനായിരിക്കും''- നന്ദൻ റെഡ്ഡി കൂട്ടിച്ചേർത്തു
നന്ദൻ റെഡ്ഡിയുടെ രാജിക്ക് പിന്നാലെ കമ്പനിയുടെ ബോർഡിൽ പ്രധാനപ്പെട്ട ചില നിയമനങ്ങളും സ്വിഗ്ഗി പ്രഖ്യാപിച്ചു. പ്രോസസ് വെഞ്ചേഴ്‌സ് പ്രതിനിധിയായി റോജർ റബാലൈസിന് പകരം റെനൻ ഡി കാസ്‌ട്രോ ആൽവസ പിന്റോ നോമിനി ഡയറക്ടറായി നിയമിതനായി. സ്വിഗ്ഗി സഹസ്ഥാപകനും ചീഫ് ഗ്രോത്ത് ഓഫീസറുമായ ഫണി കിഷൻ അദ്ദെപള്ളി, ഗ്രൂപ്പ് സിഎഫ്ഒ രാഹുൽ ബോത്ര എന്നിവർ 2026 ജൂൺ ഒന്ന് മുതൽ ബോർഡിൽ അഡീഷണൽ ഡയറക്ടർമാരായി ചേരും.
സ്വിഗ്ഗിയുടെ ആദ്യകാലം മുതൽ കമ്പനിയെ നയിക്കുന്നതിൽ ഫണിയും രാഹുലും വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഗ്രൂപ്പ് സിഇഒ ശ്രീഹർഷ മജെറ്റി പറഞ്ഞു. നന്ദൻ റെഡ്ഡിയുടെ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. ബംഗളൂരുവിൽ ഒരു ചെറിയ സംരംഭമായി തുടങ്ങിയ സ്വിഗ്ഗിയെ ഇന്നത്തെ നിലയിലേക്ക് എത്തിക്കുന്നതിൽ നന്ദൻ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് മജെറ്റി പറഞ്ഞു.
കമ്പനിയുടെ 'ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിൽ' വരുത്തിയ ഭേദഗതികൾക്കും ബോർഡ് അംഗീകാരം നൽകി. ഇതനുസരിച്ച് ആക്‌സൽ, സോഫ്റ്റ്ബാങ്ക് എന്നിവർക്കുണ്ടായിരുന്ന നോമിനേഷൻ അവകാശങ്ങൾ നീക്കം ചെയ്തു. പകരം, സിഇഒ ശ്രീഹർഷ മജെറ്റിക്കും ഫണി കിഷൻ അദ്ദെപള്ളിക്കും ബോർഡിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് ഇനി ഷെയർഹോൾഡർമാരുടെയും റെഗുലേറ്ററി അതോറിറ്റിയുടെയും അംഗീകാരം കൂടി ആവശ്യമാണ്.
Adjust Story Font
16
