Quantcast

'അച്ഛനെ ദഹിപ്പിക്കാൻ സീലിംഗ് ഫാൻ വിറ്റ അമ്മ'; 157 കോടി രൂപയുടെ സാമ്രാജ്യത്തിലേക്ക് വളർന്ന സ്ത്രീയുടെ വിജയകഥ

ഒരു ചെറിയ മേശയിൽ നിന്ന് തുടങ്ങിയ കമ്പനി ഇന്ന് ₹157 കോടി വിറ്റുവരവുള്ള ഒരു കമ്പനിയായി വളർന്നു

MediaOne Logo
അച്ഛനെ ദഹിപ്പിക്കാൻ സീലിംഗ് ഫാൻ വിറ്റ അമ്മ; 157 കോടി രൂപയുടെ സാമ്രാജ്യത്തിലേക്ക് വളർന്ന സ്ത്രീയുടെ വിജയകഥ
X

മധ്യപ്രദേശ്: തൊഴിൽരഹിതയായി ഇരിക്കുമ്പോഴാണ് ഒരു പാക്കേജിംഗ് ബിസിനസ് ആരംഭിക്കുക എന്ന ആശയം ആദ്യമായി സീമ ബൻസാലിന്റെ മനസിൽ വരുന്നത്. എല്ലാ ഉത്തരവാദിത്തങ്ങളും സ്വയം ഏറ്റെടുത്ത് വീട്ടിലെ ഒരു ചെറിയ മേശയിൽ നിന്ന് തുടങ്ങിയ കമ്പനി ഇന്ന് ₹157 കോടി വിറ്റുവരവുള്ള ഒരു കമ്പനിയായി വളർന്നു. ഇന്ത്യയിലെ പാക്കേജിംഗ് മേഖലയിൽ 50,000ത്തിലധികം ക്ലയന്റുകൾക്ക് സേവനം നൽകുന്ന ഒരു പാക്കേജിംഗ് സൊല്യൂഷൻസ് കമ്പനിയായ ഡിസിജി ടെക് ലിമിറ്റഡിന്റെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് സീമ ബൻസാൽ.

'എനിക്ക് ഒന്നര വയസുള്ളപ്പോൾ അച്ഛനെ നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന അമ്മയുടെ കൈവശം അച്ഛന്റെ അന്ത്യകർമങ്ങൾ നടത്താൻ പോലും പണമില്ലായിരുന്നു. ഒടുവിൽ വീട്ടിലെ സീലിംഗ് ഫാൻ 170 രൂപക്ക് വിറ്റാണ് അച്ഛന്റെ കർമങ്ങൾ നടത്തിയത്.' സീമ ബൻസാൽ ഒരിക്കൽ പറഞ്ഞു. അച്ഛന്റെ മരണശേഷം അമ്മ ഒറ്റക്കാണ് നാല് കുട്ടികളെ വളർത്തിയത്. തുടക്കത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തതെങ്കിലും ഉയർന്ന ക്ലാസുകളിലെ വിദ്യാഭ്യാസച്ചെലവ് താങ്ങാൻ പ്രയാസമായതിനാൽ സീമയെ ഒരു സർക്കാർ സ്കൂളിലേക്ക് മാറ്റി. സുഹൃത്തുക്കളിലാത്തതിനാൽ ഒരുപാട് കാലം സ്കൂളിൽ പോകാതിരുന്ന സീമ പിന്നീട് പഠന വഴിയിൽ തിരിച്ചെത്തി മികവ് തെളിയിച്ചു.

ഗ്വാളിയറിൽ പരിമിതമായ അവസരങ്ങളിൽ നിന്ന് അമ്മയുടെ സഹോദരിയോടൊപ്പം താമസിക്കാമെന്ന പ്രതീക്ഷയിൽ സീമയും സഹോദരനും മുംബൈയിലേക്ക് മാറി. വേനൽക്കാലത്ത് അസഹനീയമായ ചൂടിൽ ഒരു ചെറിയ ടിൻ ഷാക്കിലാണ് അവർ താമസിച്ചിരുന്നത്. പല ജോലികളും ചെയ്ത സീമ ഒടുവിൽ ഒരു ഐടി കമ്പനിയിൽ അവസരം ലഭിച്ചു. പിന്നീട് അവരുടെ തന്നെ ലണ്ടൻ ഓഫീസിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചതോടെ യാതൊരു മടിയും കൂടാതെ സ്വീകരിച്ചു.

'ഞാൻ വർഷങ്ങളോളം അവിടെ ജോലി ചെയ്തു. സുരേഷിനെ അവിടെവെച്ചാണ് കണ്ടുമുട്ടുന്നത്. ഞങ്ങൾ വിവാഹിതരായി. അദ്ദേഹം പിന്നീട് യുഎസിലേക്ക് മാറി വാൾസ്ട്രീറ്റിൽ ഓഫീസ് സ്ഥാപിച്ചു. എനിക്ക് ബാങ്ക് ഓഫ് അമേരിക്കയിൽ ജോലിയും ഗ്രീൻ കാർഡും ലഭിച്ചു. എന്നാൽ പെട്ടെന്ന് വലിയ തിരിച്ചടികൾ ഉണ്ടായി. ഭർത്താവിന്റെ ബിസിനസിൽ വലിയ നഷ്ടമുണ്ടായി. എല്ലാം നഷ്ടപ്പെട്ട ഞങ്ങൾ ഇന്ത്യയിലേക്ക് മടങ്ങി.' സീമ പറയുന്നു. 'ലണ്ടനിലായിരിക്കെ എല്ലാ മാസവും ഒരു പാക്കേജിംഗ് കാറ്റലോഗ് ഞങ്ങളുടെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. എന്തുകൊണ്ട് ഒരു പാക്കേജിംഗ് ബിസിനസ് ആരംഭിച്ചുകൂടാ എന്നാലോചിച്ചു.' അവർ കൂട്ടിച്ചേർത്തു. ആയൊരു ചിന്തയിൽ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. ഒരു വെബ്സൈറ്റ് തുടങ്ങി ഡിസിജി പായ്ക്കുകൾ ആരംഭിച്ചു. വീട്ടിൽ നിന്ന് തന്നെയാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ എല്ലാം നടത്തിയിരുന്നത്. ആദ്യ ഉപഭോക്താവ് 4,000 പാക്കേജുകളുടെ ഓർഡർ നൽകിയത് ബിസിനസിന് വഴിത്തിരിവായി. ക്രമേണ ഓർഡറുകൾ വർധിച്ചു.

'കാലക്രമേണ ഞങ്ങൾ വെയർഹൌസുകൾ തുറന്നു. ബ്ലിങ്കിറ്റ് ഞങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവായി മാറി. പിന്നീട് കോവിഡ് വന്നു. എല്ലാം അടച്ചുപൂട്ടി. പക്ഷേ പകർച്ചവ്യാധി സമയത്ത് പോലും ബിസിനസ് വളർന്നു. ആശുപത്രികൾ, തെർമോമീറ്റർ വിതരണക്കാർ, അടിയന്തിര സേവനങ്ങൾ എന്നിവയിലേക്ക് ഞങ്ങൾ ഇന്ത്യയിലുടനീളം പാക്കേജിംഗ് വിതരണം ചെയ്യാൻ തുടങ്ങി. അവശ്യ ഡെലിവറികൾക്കായി പ്രത്യേക പാസുകൾ ലഭിച്ചു. ഇന്ന് ദില്ലിക്ക് പുറമെ ബെംഗളൂരു, ദുബായ്, മുംബൈ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.' സീമ പറയുന്നു.

പുതിയ ആശയങ്ങൾ, പരീക്ഷണങ്ങൾ നടത്താനും തയ്യാറായതിനെ തുടർന്നാണ് തനിക്ക് ഇങ്ങനെയൊരു വിജയകഥ ഉണ്ടായതെന്ന് സീമ പറയുന്നു. മാത്രമല്ല സീമയുടെ തൊഴിലാളികളിൽ നാൽപത് ശതമാനവും സ്ത്രീകളാണ്. അവരെ പിന്തുണയ്ക്കുന്നതിൽ അഭിമാനിക്കുന്നതായും സീമ പറഞ്ഞുവെക്കുന്നു. വിജയം ഭാഗ്യമല്ല, നിശ്ചയദാർഢ്യമാണ്. പരാജയം അംഗീകരിക്കാനും മുന്നോട്ട് പോകാനും ഉള്ള കഴിവാണ് വിജയം നൽകുന്നതെന്ന് സീമ ബൻസാലിന്റെ ജീവിതം പഠിപ്പിക്കുന്നു.

TAGS :

Next Story