ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസ്‌ക്കറ്റുകൾ, നിർമിക്കുന്നത് ഒരു ഇന്ത്യൻ കമ്പനി; കൂടുതലറിയാം
1920കളുടെ തുടക്കത്തിൽ കൊളോണിയൽ കാലഘട്ടത്തിലാണ് ഈ കമ്പനിയുടെ ഉത്ഭവം

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ബിസ്‌ക്കറ്റ് ബ്രാൻഡായ പാർലെ-ജി, ലളിതമായ ഒരു പാക്കറ്റിൽ പൊതിഞ്ഞ ക്രിസ്പിയായ ഒരു ചായ പലഹാരം മാത്രമല്ല. കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യക്കാരെ ഒന്നിപ്പിച്ചതിന്റെ പ്രതീകമാണ്. തലമുറകളായി രാജ്യത്തെ ജനങ്ങൾ ഈ ബിസ്‌ക്കറ്റിന്റെ ലളിതവും എന്നാൽ വായിൽ വെള്ളമൂറുന്നതുമായ രുചിയിൽ മയങ്ങിപ്പോയിട്ടുണ്ട്. 1920കളുടെ തുടക്കത്തിൽ കൊളോണിയൽ കാലഘട്ടത്തിലാണ് പാർലെ-ജി കമ്പനിയുടെ ഉത്ഭവം.
ആരാണ് പാർലെ-ജി ആരംഭിച്ചത്?
1920ൽ മോഹൻലാൽ ചൗഹാൻ 60,000 രൂപ പ്രാരംഭ നിക്ഷേപം നടത്തി ബ്രിട്ടീഷുകാരുടെ വ്യാവസായിക ആധിപത്യത്തെ വെല്ലുവിളിച്ച് ജർമനിയിൽ നിന്ന് ബിസ്‌ക്കറ്റ് നിർമാണ യന്ത്രങ്ങൾ ഇറക്കുമതി ചെയ്താണ് പാർലെ-ജിക്ക് തുടക്കം കുറിക്കുന്നത്. മോഹൻലാൽ തന്റെ അഞ്ച് ആൺമക്കളായ മനേക് ലാൽ, പിതാംബർ, നരോത്തം, കാന്തിലാൽ, ജയന്തിലാൽ എന്നിവരോടൊപ്പം മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ വൈൽ പാർലെ എന്ന ഒരു ബിസ്‌ക്കറ്റ് നിർമാണ ഫാക്ടറി സ്ഥാപിച്ചു. പിന്നീട് അത് പാർലെ-ജി എന്ന് നാമകരണം ചെയ്തു. തുടക്കത്തിൽ 'ജി' എന്നത് ഗ്ലൂക്കോസിനെയാണ് സൂചിപ്പിച്ചതെങ്കിൽ ബ്രാൻഡിന്റെ ആരാധകർ സ്നേഹപൂർവ്വം അതിനെ 'ജീനിയസ്' എന്ന് വിളിച്ചു.
എങ്ങനെയാണ് പാർലെ-ജി ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസ്കറ്റ് ആയത്?
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം സാധാരണക്കാർക്കും രാജ്യത്തെ വളർന്നുവരുന്ന മധ്യവർഗത്തിനും ഒരുപോലെ ഇഷ്ടപ്പെട്ട ചായ പലഹാരമായി പാർലെ-ജി മാറി. കാരണം അത് വിലയിൽ താങ്ങാനാവുന്നതും അതേസമയം രുചികരവും പോഷകസമൃദ്ധവുമായിരുന്നു. 2011ൽ നീൽസൺ റിപ്പോർട്ട് പാർലെ-ജിയെ ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസ്‌ക്കറ്റായി തെരഞ്ഞെടുത്തു.
ഇന്ന് പാർലെ-ജി ആരുടേതാണ്?
ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കമ്പനിയുടെ സ്ഥാപകനായ മോഹൻലാൽ ചൗഹാൻ ആരംഭിച്ച ബിസ്‌ക്കറ്റ് സാമ്രാജ്യം ഇന്ന് അദ്ദേഹത്തിന്റെ പിൻഗാമികളായ വിജയ് ചൗഹാൻ, ശരദ് ചൗഹാൻ, രാജ് ചൗഹാൻ എന്നിവരുടെ നേതൃത്വത്തിലാണ്. പാർലെ പ്രോഡക്‌ടുകളുടെ മാർക്കറ്റിംഗ്, ഉത്പാദനം, വികാസം എന്നിവ മുതൽ വ്യത്യസ്ത വശങ്ങൾ ഇവർ കൈകാര്യം ചെയ്യുന്നു.
Adjust Story Font
16

