പിടിതരാതെ പൊന്ന്; സ്വർണവില കൂടാനുള്ള മൂന്ന് കാരണങ്ങൾ ഇവയാണ്
ആഗോള മാർക്കറ്റിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വിഷയമാണ് സ്വര്‍ണവിലയിലെ കുത്തനെയുള്ള വർധനവ്

- Published:
31 Jan 2026 3:45 PM IST

ആഗോള മാർക്കറ്റിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വിഷയമാണ് സ്വര്‍ണവിലയിലെ കുത്തനെയുള്ള വർധനവ്. അതിന്റെ അനുരണനങ്ങൾ എല്ലാ രാജ്യങ്ങളിലും പ്രതിഫലിച്ചു. സംസ്ഥാനത്തെ ഏറ്റവും പുതിയ നിരക്ക് പ്രകാരം, പവന് 1,17,760 രൂപയില്‍ എത്തിനില്‍ക്കുകയാണ്. വന്‍ കുതിപ്പിനൊടുവില്‍ കഴിഞ്ഞ രണ്ട് ദിവസമായി നേരിയ കുറവുണ്ടായെങ്കിലും സര്‍വ്വകാല റെക്കോര്‍ഡില്‍ തുടരുകയാണ് പൊന്നുവില. വെള്ളിയുടേയും പ്ലാറ്റിനത്തിന്റെയും കാര്യവും തഥൈവ. മുൻപില്ലാത്ത വിധം സ്വര്‍ണവില കുതിച്ചുയരാന്‍ കാരണം എന്തായിരിക്കും? സാധാരണക്കാരൻ മുതല്‍ സമ്പന്നൻ വരെ ഒരുപോലെ ചിന്തിച്ച കാര്യമായിരിക്കും ഇത്. സമീപകാലത്തെ സ്വര്‍ണവിലയിലെ കുതിച്ചുചാട്ടത്തിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്. എന്തൊക്കെയാണെന്ന് പരിശോധിക്കാം:
ട്രംപിന്റെ സമീപകാല നയങ്ങള്‍
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ വലിയ തോതിൽ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്. അതിൽ തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവചനാതീതമായ നയങ്ങൾ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നതാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി വന്‍ വര്‍ധനവാണ് കേരളത്തില്‍ രേഖപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5000 ഡോളർ പിന്നിട്ടു.
ട്രംപിന് താത്പര്യമില്ലാത്ത രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അമിത തീരുവ നിക്ഷേപകരിലുയർത്തിയ ആശങ്ക സ്വർണവില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഗ്രീൻലാൻഡിന് മേലുള്ള ട്രംപിന്റെ അവകാശവാദം വലിയ രാഷ്ട്രീയവാദങ്ങളിലേക്ക് വഴിതുറന്നിടുകയും യുഎസ് ഡോളറിന്മേലുള്ള വിശ്വാസം ഇടിയാനും കാരണമായി. പിന്നാലെ, സുരക്ഷിത നിക്ഷേപമായി അധികപേരും ലോഹങ്ങളിലേക്ക് തിരിഞ്ഞതും സ്വർണവിലയുടെ ഉയർച്ചയ്ക്ക് വേഗം കൂട്ടി. ഫെഡറൽ റിസർവിന് മേൽ അദ്ദേഹം ചെലുത്തുന്ന സമ്മർദവുമെല്ലാം സ്വർണവില ഉയരുന്നതിനുള്ള കാരണമായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
യുദ്ധങ്ങളിലൂടെ കുതിച്ചുയരുന്ന മറുവശം
ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങളും സംഘർഷങ്ങളും സ്വർണവില ഉയർത്തുന്നതിൽ സുപ്രധാന ഹേതുവായി മാറുന്നുവെന്നത് പലപ്പോഴും ലോകം വിസ്മരിച്ചുപോകാറുണ്ട്. യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധവും ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ യുദ്ധവും അന്താരാഷ്ട്ര തലത്തിൽ സ്വർണവിലയെ വലിയ ഉയർച്ചയിലേക്കെത്തിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ലോകത്തിന്റെ 20 ശതമാനത്തോളം ഓയിൽ റിസർവ് ഉള്ള വെനസ്വേലയെ ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മദൂറോയെ തടവിലാക്കാനുള്ള ട്രംപിന്റെ നീക്കവും ഇതിൽപെടും. യുഎസ്, കാനഡ, ചൈന എന്നിവിടങ്ങളില്‍ അമര്‍ച്ച ചെയ്യാനാകാതെ പോയ പ്രതിസന്ധികള്‍, യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും തുടരുന്ന അശാന്തി എന്നിവയും സ്വര്‍ണവില ഉയരുന്നതിന് കാരണമായിട്ടുണ്ട്. യുദ്ധങ്ങൾ പൊതുവായി രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം വർധിപ്പിക്കുന്നതാണ് സ്വർണവിലയെ സ്വാധീനിക്കാൻ പ്രധാന കാരണം.
കേന്ദ്രബാങ്കുകളുടെ ഇടപെടല്‍
കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കുന്നത് സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിപ്പിക്കാനിടയായിട്ടുണ്ട്. നിക്ഷേപകരും ബാങ്കുകളും സ്വര്‍ണത്തെ അടിത്തറയിളക്കാത്ത കരുതല്‍ ശേഖരമായി ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ നയങ്ങളെ ആശ്രയിക്കാതിരിക്കാന്‍ സ്വര്‍ണം ഒരു സുരക്ഷിത തെരഞ്ഞെടുപ്പാണെന്ന് മിക്ക രാജ്യങ്ങളും വിശ്വസിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുകയുമുണ്ടായി. ലോക സ്വര്‍ണ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025ല്‍ കേന്ദ്ര ബാങ്കുകള്‍ 863 ടണ്‍ സ്വര്‍ണമാണ് കരുതൽ ശേഖരമെന്നോണം വാങ്ങിയിട്ടുള്ളത്. ഇത് മുന്‍ വര്‍ഷങ്ങളിലെ 1000 ടണ്ണിന് താഴെയാണെങ്കിലും ഉയർന്ന നിലവാരത്തിൽ തന്നെയാണുള്ളത്.
പിടിച്ചുകെട്ടാനാകത്ത വിധം സ്വര്‍ണവിലയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതില്‍ യുക്രൈനിനെ പിന്തുണക്കുന്ന ആഗോള കമ്പനികളുടെ പങ്കും ചില്ലറയല്ല. യുക്രൈനിനെ പിന്തുണക്കുകയാണെങ്കില്‍ കമ്പനികളുടെ യുഎസ് ഡോളര്‍ പിടിച്ചെടുക്കുമെന്ന റഷ്യന്‍ ഭീഷണിയില്‍ നിക്ഷേപങ്ങള്‍ സ്വര്‍ണം പോലുള്ള ലോഹങ്ങളിലേക്ക് അവര്‍ മാറ്റിയതും സ്വര്‍ണത്തിന്റെ മൂല്യം ഉയരുന്നതിന് കാരണമായിട്ടുണ്ട്.
Adjust Story Font
16
