Quantcast

യുപിഐ ആപ്പുകള്‍ വഴി മാസം തോറും നിങ്ങളറിയാതെ പണം നഷ്ടമാകുന്നുണ്ടോ? എങ്ങനെ അറിയാം, ഇതാ വഴിയുണ്ട്

അക്കൗണ്ടില്‍ നിന്ന് യുപിഐ ഓട്ടോ പേ വഴി ഏതൊക്കെ സര്‍വീസുകള്‍ക്ക് മാസം തോറും പണം ഈടാക്കുന്നുണ്ടെന്ന് എളുപ്പം അറിയാനാകും

MediaOne Logo
tracking upi auto pay mandates
X

യുപിഐ ആപ്പുകള്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് കുറവായിരിക്കും. ഒരു മിഠായി വാങ്ങിയാല്‍ പോലും യുപിഐ ആപ്പു വഴിയാണ് പണം നല്‍കുന്നത്. പഴ്‌സും പണവും കരുതാതെ എങ്ങോട്ടും ധൈര്യമായി ഇറങ്ങാം. ബസുകളിലും ഓട്ടോകളിലുമെല്ലാം യുപിഐ വഴി പണം സ്വീകരിക്കുന്നുണ്ട്. ചെറുകിട കച്ചവടക്കാര്‍ വരെ യുപിഐ സംവിധാനത്തിലേക്ക് മാറി. എന്നാല്‍, നമ്മുടെ അക്കൗണ്ടിന്‌റെ കാവല്‍ക്കാരനായി വെച്ചിരിക്കുന്ന യുപിഐ ആപ്പുകള്‍ വഴി പണം അനാവശ്യമായി നഷ്ടപ്പെടുന്നുണ്ടോ? അതും നമ്മള്‍ പോലും അറിയാതെ? അങ്ങനെയൊരു സാധ്യതയുണ്ട്. അതാണ് ഓട്ടോ പേ മാന്‍ഡേറ്റുകള്‍ വഴിയുള്ള പേമെന്‌റുകള്‍.

നമ്മുടെ അക്കൗണ്ടില്‍ നിന്ന് പ്രതിമാസം തുക ഈടാക്കാന്‍ നമ്മള്‍ നല്‍കുന്ന അനുവാദമാണ് ഓട്ടോ പേ മാന്‍ഡേറ്റുകള്‍. പലപ്പോഴും പല ആപ്പുകളുടെയും സേവനങ്ങളുടെയും സബ്‌സ്‌ക്രിപ്ഷന്‌റെ ഭാഗമായിട്ടായിരിക്കും ഈ മാന്‍ഡേറ്റുകള്‍. എന്നാല്‍, നമ്മുടെ ആവശ്യം കഴിഞ്ഞ് ഈ സേവനങ്ങളുടെ ഓട്ടോ പേ മാന്‍ഡേറ്റ് ഒഴിവാക്കിയില്ലെങ്കിലോ? മാസാമാസം നിശ്ചിത തുക നമ്മള്‍ അറിയാതെ അക്കൗണ്ടില്‍ നിന്ന് പോകും.

പലരും പല സേവനങ്ങളും സബ്‌സ്‌ക്രിപ്ഷനുകളും കുറഞ്ഞ കാലത്തേക്കാണ് ഉപയോഗിക്കാറ്. എന്നാല്‍, പലപ്പോഴും ഇതിന്‌റെ വരിക്കാരാകുന്നത് ഓട്ടോ പേ മാന്‍ഡേറ്റ് വഴിയായിരിക്കും. ഉദാഹരണത്തിന്, ഒരാള്‍ ഐപിഎല്‍ കാണാന്‍ വേണ്ടി ജിയോ ഹോട്ട്‌സ്റ്റാര്‍ വരിക്കാരനായി എന്നിരിക്കട്ടെ. നിശ്ചിത മാസ വരിസംഖ്യ യുപിഐ വഴി ഈടാക്കാന്‍ ഓട്ടോ പേ മാന്‍ഡേറ്റിലൂടെ നമ്മള്‍ അനുവാദം നല്‍കിയിട്ടുണ്ടാകും. ഇതോടെ തുക ഓരോ മാസവും ഓട്ടോമാറ്റിക് ആയി നമ്മുടെ അക്കൗണ്ടില്‍ നിന്ന് പിടിക്കും. ഐപിഎല്‍ കഴിഞ്ഞതോടെ ഈ ആപ്പ് തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്താലും ഓട്ടോ പേ മാന്‍ഡേറ്റ് നല്‍കിയതിനാല്‍ മാസംതോറും പണം അക്കൗണ്ടില്‍ നിന്ന് പിടിക്കും. ഫോണില്‍ വരുന്ന നൂറുകണക്കിന് മെസ്സേജുകള്‍ക്കിടയില്‍ ഈ മെസ്സേജ് ശ്രദ്ധിച്ചില്ലെങ്കില്‍ പണം പോകുന്നത് നമ്മള്‍ അറിയുകയേ ഇല്ല. മാന്‍ഡേറ്റ് പിന്‍വലിച്ചാല്‍ മാത്രമേ ഇങ്ങനെ പണം പിടിക്കുന്നത് അവസാനിക്കൂ.

ഓട്ടോ പേ മാന്‍ഡേറ്റുകള്‍ എങ്ങനെ കണ്ടുപിടിക്കാം?

നമ്മുടെ അക്കൗണ്ടില്‍ നിന്ന് യുപിഐ ഓട്ടോ പേ വഴി ഏതൊക്കെ സര്‍വീസുകള്‍ക്ക് മാസം തോറും പണം ഈടാക്കുന്നുണ്ടെന്ന് എളുപ്പം അറിയാനാകും. ഇതിനായി കഴിഞ്ഞ വര്‍ഷം മുതല്‍ നാഷണല്‍ പേമെന്‌റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വെബ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. upihelp.npci.org.in എന്ന വെബ്‌സൈറ്റിലൂടെയാണ് നമുക്ക് ഓട്ടോ പേ പരിശോധിക്കാന്‍ സാധിക്കുക.




ഈ വെബ്‌സൈറ്റില്‍ കയറി യുപിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യണം. ഇതില്‍, ഓട്ടോ പേ മാന്‍ഡേറ്റുകള്‍ കാണാനും യുപിഐ ഇടപാടുകള്‍ സംബന്ധിച്ച് നമ്മള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരാതിയായി അറിയിക്കാനുമുള്ള ഓപ്ഷനുമുണ്ട്. Show my Autopay mandates എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഏതെല്ലാം സര്‍വീസുകള്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പ്രതിമാസം ഓട്ടോ പേ മാന്‍ഡേറ്റു വഴി പണം പിടിക്കുന്നുണ്ട് എന്നറിയാം. ഇത് പരിശോധിച്ച് നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കാനും താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുമുള്ള ഓപ്ഷനുണ്ട്. ഓട്ടോ പേ മാന്‍ഡേറ്റു വഴി ഇത്രയും കാലം എത്ര പൈസ ഓരോ സര്‍വീസിനും ഈടാക്കി എന്നും അറിയാന്‍ സാധിക്കും.

TAGS :

Next Story