എസ്ബിഐ ബാങ്കിൽ ഒക്ടോബർ ഒന്ന് മുതൽ ഈ സേവനങ്ങൾക്ക് ചാർജ് ഈടാക്കും; മുന്നറിയിപ്പുമായി ബാങ്ക് അധികൃതർ
പുതിയ മാറ്റങ്ങൾ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കാണ് ബാധകമാകുക

ന്യൂഡൽഹി: എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി ബാങ്ക് അധികൃതർ. എസ്ബിഐയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ, ഒക്ടോബർ 1 മുതൽ എടിഎം വഴിയുള്ള പണം പിൻവലിക്കലുകൾ, ബാങ്ക് ബ്രാഞ്ചുകൾ വഴിയുള്ള പണം പിൻവലിക്കലുകൾ എന്നിവയുമായി ബന്ധപ്പെട്ട ട്രാൻസാക്ഷൻ ചാർജ് ഈടാക്കും. ഇത് സംബന്ധിച്ച ട്രാൻസാക്ഷൻ നയങ്ങളിൽ എസ്ബിഐ വലിയ മാറ്റങ്ങൾ വരുത്തിയതായാണ് റിപ്പോർട്ട്. പുതിയ മാറ്റങ്ങൾ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കാണ് ബാധകമാകുക. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ബിഎസ്ബിഡി അക്കൗണ്ടുകളിലെ ഇടപാടുകൾ നിയന്ത്രിക്കുന്ന നിയമങ്ങളിലാണ് എസ്ബിഐയുടെ ഭേദഗതി. ഒരു മാസത്തെ ആദ്യ നാല് ഇടപാടുകൾ അല്ലെങ്കിൽ പണം പിൻവലിക്കലുകൾ സൗജന്യമായി തുടരുമ്പോഴും, അഞ്ചാമത്തെ ഇടപാട് മുതൽ അധികമായി 15 രൂപ ഈടാക്കിയേക്കും. അതിനുശേഷമുള്ള ഓരോ ഇടപാടിനും ഈ ചാർജ് ബാധകമായിരിക്കും. ഈ 15 രൂപ ഫീസിന് പുറമെ ഉപഭോക്താക്കൾ ജിഎസ്ടി കൂടി നൽകേണ്ടി വരുമെന്നാണ് വിവരം.
മുമ്പ്, ബിഎസ്ബിഡി അക്കൗണ്ടുകളുടെ നാല് സൗജന്യ പിൻവലിക്കലുകളുടെ പരിധിയിൽ ഡിജിറ്റൽ ഇടപാടുകൾ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഈ ഇളവ് എടുത്തുകളഞ്ഞുകൊണ്ടാണ് എസ്ബിഐയുടെ ഭേദഗതി. പുതിയ നിയമപ്രകാരം, ഡിജിറ്റൽ ഇടപാടുകളും നാല് സൗജന്യ ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തും. ഈ പരിധിക്ക് അപ്പുറമുള്ള ഏത് ഇടപാടും പിൻവലിക്കലും 15 ഉം ജിഎസ്ടിയും ചേർത്ത് അധിക ചാർജ് ഈടാക്കുന്നതായിരിക്കും.
BSBDA (Basic Savings Bank Deposit Account) എന്നത് സാധാരണക്കാർക്കായി റിസർവ് ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള ഒരു സീറോ ബാലൻസ് സേവിങ്സ് അക്കൗണ്ടാണ്. അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിലും ബാങ്കുകൾ യാതൊരുവിധ പിഴയും ഈടാക്കില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മുൻപ് 'നോ-ഫ്രിൽസ്' അക്കൗണ്ടുകൾ എന്നറിയപ്പെട്ടിരുന്നവയാണ് പിന്നീട് ബിഎസ്ബിഡി അക്കൗണ്ടുകളായി മാറിയത്.
Adjust Story Font
16

