Quantcast

'ചരിത്രത്തിലെ തന്നെ ഏറ്റവും വലുത്'; അമേരിക്കയിൽ 1800 കോടി ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി ഇന്ത്യൻ കമ്പനി, പ്രഖ്യാപിച്ച് ട്രംപ്

പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി ആഗോളതലത്തിൽ വൻ മുന്നേറ്റമാകുമെന്ന് ട്രംപ്

MediaOne Logo
ചരിത്രത്തിലെ തന്നെ ഏറ്റവും വലുത്; അമേരിക്കയിൽ 1800 കോടി ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി ഇന്ത്യൻ കമ്പനി, പ്രഖ്യാപിച്ച് ട്രംപ്
X

വാഷിങ്ടൺ: ഇന്ത്യൻ വൻകിട വ്യവസായ ശൃംഖലയായ എസ്സാർ ഗ്രൂപ്പ് അമേരിക്കയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. എസ്സാർ ഗ്രൂപ്പിന്റെ യു.എസ് ഉപകമ്പനിയായ മെസാബി മെറ്റാലിക്‌സ് വഴി ഏകദേശം 1,800 കോടി ഡോളർ ചെലവഴിച്ചാണ് അയോവയിൽ കൂറ്റൻ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നത്. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റാകും ഇതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. നിർമാണ മേഖലയിലും ഖനനത്തിലുമായി പതിനായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഈ സംരംഭം ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ വ്യാവസായിക പദ്ധതികളിലൊന്നായി മാറുമെന്നും ട്രംപ് വ്യക്തമാക്കി.

പ്രതിവർഷം ഒരു കോടി ടൺ സ്റ്റീൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് അയോവയിലെ അത്യാധുനിക സ്റ്റീൽ പ്ലാന്റ്. പദ്ധതി പൂർത്തിയാകുന്നതോടെ അയ്യായിരത്തിലധികം നിർമാണ തൊഴിലുകളും രണ്ടായിരത്തോളം സ്ഥിര ഉൽപാദന-ഖനന ജോലികളും ഇവിടെ സൃഷ്ടിക്കപ്പെടും. അമേരിക്കയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവ് നൽകിയതിന് മെസാബി മെറ്റാലിക്‌സ് ചെയർമാൻ രേവന്ത് റൂയിയ പ്രസിഡന്റ് ട്രംപിന് ചടങ്ങിൽ നന്ദി അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യയോടെ ഒരുങ്ങുന്ന ഈ പ്ലാന്റ് യു.എസിലെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം വിദേശ വിപണികളിലേക്കും സ്റ്റീൽ കയറ്റുമതി ചെയ്യും.

മിനസോട്ടയിലെ ഇരുമ്പയിര് ഖനിയെയും അയോവയിലെ സ്റ്റീൽ പ്ലാന്റിനെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള സംയോജിത വിതരണ ശൃംഖലയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. മിനസോട്ടയിലെ ഖനി വികസനത്തിനായി മാത്രം എസ്സാർ 300 കോടി ഡോളർ നിക്ഷേപിക്കുമെന്ന് റൂയിയ വ്യക്തമാക്കി. കഴിഞ്ഞ 50 വർഷത്തിനിടെ യു.എസിൽ ആരംഭിക്കുന്ന ആദ്യത്തെ പുതിയ ഇരുമ്പയിര് ഖനിയാണിത്. 'അമേരിക്കയിൽ തന്നെ ഖനനം ചെയ്ത്, ഉരുക്കി, നിർമിച്ചെടുക്കുന്ന ഉൽപന്നമായിരിക്കും ഇത്' എന്നായിരുന്നു പദ്ധതിയെക്കുറിച്ച് ട്രംപിന്റെ വാക്കുകൾ. 2030ഓടെ പ്ലാന്റിലെ ഉൽപാദനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വിദേശത്തു നിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് യു.എസ് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയാണ് ഇത്തരമൊരു വമ്പൻ നിക്ഷേപത്തിന് വഴിയൊരുക്കിയതെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടി. ഉയർന്ന ഇറക്കുമതി തീരുവ ഒഴിവാക്കാൻ വിദേശ കമ്പനികൾ അമേരിക്കയിൽ നേരിട്ട് ഉൽപാദനം ആരംഭിക്കാൻ നിർബന്ധിതരാകുന്നതിന്റെ ഉദാഹരണമാണിതെന്ന് യു.എസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് പ്രതികരിച്ചു. ഉയർന്ന നികുതി നിരക്കുകൾ നേരിടുന്ന സാഹചര്യത്തിൽ, പൂർണ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് പകരം യു.എസ് വിപണിയിൽ തന്നെ ഫാക്ടറി സ്ഥാപിച്ച് വിപണി പിടിക്കാനാണ് എസ്സാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ശശി റൂയിയ, രവി റൂയിയ സഹോദരങ്ങൾ തുടക്കമിട്ട എസ്സാർ ഗ്രൂപ്പ് സ്റ്റീൽ, ഊർജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ആഗോള സാന്നിധ്യമുള്ള വൻകിട കമ്പനിയാണ്. 2007ൽ മിനസോട്ട സ്റ്റീൽ ഏറ്റെടുത്തുകൊണ്ടാണ് എസ്സാർ യു.എസ് വിപണിയിൽ ചുവടുറപ്പിക്കുന്നത്. ഇന്ത്യയിലും ബ്രിട്ടനിലും വലിയ ആസ്തികളുള്ള ഗ്രൂപ്പ്, സൗദി അറേബ്യയിലും വൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. എന്നാൽ അയോവയിലെ പുതിയ പ്രൊജക്റ്റ് യാഥാർഥ്യമാകുന്നതോടെ ഖനനം മുതൽ ഉൽപാദനം വരെയുള്ള സമ്പൂർണ ശൃംഖല അമേരിക്കൻ മണ്ണിൽ സ്വന്തമായി കൈകാര്യം ചെയ്യാൻ ഈ ഇന്ത്യൻ വ്യവസായ ഗ്രൂപ്പിന് സാധിക്കും.

TAGS :

Next Story