Quantcast

പണപ്പെരുപ്പം ഉയരുന്നു; കൂസലില്ലാതെ ട്രംപ്, അനുഭവിക്കേണ്ടിവരിക യുഎസ് ജനത

ഈ പണപ്പെരുപ്പം ഞാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് ട്രംപിൻ്റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    13 Jun 2026 1:14 PM IST

us inflation rate and donald trump
X

വാഷിങ്ടണ്‍ ഡിസി: മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്കാണ് യുഎസ് കണ്‍സ്യൂമര്‍ പണപ്പെരുപ്പം എത്തിയിരിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് ട്രംപിന് കുലുക്കമില്ല. ഈ പണപ്പെരുപ്പം ഞാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് ട്രംപിന്റെ പ്രതികരണം. യുഎസിന്റെ ചരിത്രത്തിലെ ഒരു പ്രസിഡന്റും പണപ്പെരുപ്പം താന്‍ ആസ്വദിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ടാവില്ല. സ്വന്തം ജനത പണപ്പെരുപ്പത്തിന്റെ ദുരിതങ്ങളില്‍ ഉഴറുമ്പോഴും അതിലൊരു കൂസലുമില്ലാതെയാണ് ട്രംപ് മുന്നോട്ടുപോവുന്നത്.

എന്താണ് പണപ്പെരുപ്പം?

ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം എന്താണെന്ന് നോക്കാം. ഒരു സാധാരണ കുടുംബം ഉപയോഗിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിലമാറ്റം അളക്കുന്ന ഒരു സൂചികയാണിത്. ഇന്നലെ 100 രൂപക്ക് കിട്ടിയിരുന്ന സാധനങ്ങള്‍ ഇന്ന് എത്രരൂപക്ക് കിട്ടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും പണപ്പെരുപ്പം. ഇന്നലെ 100 രൂപക്ക് കിട്ടിയിരുന്ന സാധനം ഇന്ന് 110 രൂപക്കാണ് കിട്ടുന്നതെങ്കില്‍ 10 ശതമാനമാണ് പണപ്പെരുപ്പം. രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് തീരുമാനിക്കുന്നത് പണപ്പെരുപ്പത്തെ ആശ്രയിച്ചാണ്. സര്‍ക്കാറുകള്‍ സാമ്പത്തിക നയനിലപാടുകള്‍ സ്വീകരിക്കാനും പണപ്പെരുപ്പം നോക്കും. സമ്പദ്ഘടനയില്‍ അത്രത്തോളം പ്രാധാന്യമുള്ള സൂചകത്തെയാണ് ഡോണള്‍ഡ് ട്രംപ് നിസാരമായി തള്ളുന്നത്.

നേരത്തെ പറഞ്ഞത് നേരെ തിരിച്ച്‌

പണപ്പെരുപ്പ കണക്കുകളിലേക്ക് കടക്കുംമുമ്പ് 2024ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജയിച്ചതിന് ശേഷം ട്രംപ് എന്ത് പറഞ്ഞുവെന്ന് നോക്കാം. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും വിജയത്തിന് ശേഷവും പണപ്പെരുപ്പം കുറക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍, അധികാരത്തിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടും വാഗ്ദാനം പാലിക്കുന്നതില്‍ ട്രംപ് പരാജയപ്പെടുന്നു. ഇറാന്‍ യുദ്ധം തന്നെയാണ് പണപ്പെരുപ്പം ഉയര്‍ത്തുന്ന പ്രധാനഘടകം. ഇറാന്‍ യുദ്ധവും തുടര്‍ന്നുണ്ടായ എണ്ണവിലക്കയറ്റവും യുഎസിനേയും ബാധിച്ചു. പല സാധനങ്ങളുടേയും വില യുദ്ധത്തോടെ കൂടി. യുഎസിലെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്ന നിലയിലാണ് പണപ്പെരുപ്പം മുന്നേറുന്നത്. യുഎസിലെ ഒരു പണപ്പെരുപ്പവും കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഉദ്ദേശിക്കുന്ന ലക്ഷ്യത്തില്‍ നില്‍ക്കുന്നില്ല.

യുദ്ധം തുടങ്ങിയതിന് ശേഷം യുഎസില്‍ 8.8 ശതമാനം വര്‍ധനയാണ് എണ്ണവിലയില്‍ രേഖപ്പെടുത്തിയത്. മെയ് മാസത്തിലും എണ്ണവില വര്‍ധിച്ചിരുന്നു. ഇതാണ് യുഎസില്‍ പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കാനുള്ള പ്രധാനകാരണം. ഹോര്‍മുസ് കടലിടുക്ക് വഴി എണ്ണ കടത്തിയെന്ന ട്രംപിന്റെ അവകാശവാദമൊന്നും സമ്പദ്വ്യവസ്ഥയില്‍ ഏശിയിട്ടില്ല. സ്വന്തം രാജ്യത്തിന് പോലും നല്‍കാതെ ട്രംപ് എവിടേക്കാണ് എണ്ണ കടത്തിയതെന്ന ചോദ്യം ബാക്കിയാണ്. യുഎസിന് കൊടുത്തിട്ടുണ്ടെങ്കില്‍ പണപ്പെരുപ്പമെങ്കിലും താഴ്‌ന്നേനെ. അതുപോലും ഉണ്ടായിട്ടില്ലെന്നതില്‍ നിന്ന് ട്രംപിന്റെ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാണ്.

യുദ്ധം തീരാതെ പണപ്പെരുപ്പം താഴില്ല

യുഎസിലെ പണപ്പെരുപ്പ നിരക്കിലെ വര്‍ധന വൈറ്റ്ഹൗസിലിരിക്കുന്ന ട്രംപിനും റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും വെല്ലുവിളിയാവില്ല. എന്നാല്‍, അമേരിക്കയിലെ സാധാരണ ജനങ്ങളുടെ വരുംനാളുകള്‍ ദുരിതമാവുമെന്ന് ഉറപ്പാണ്. ഇറാനുമായുള്ള യുദ്ധം തീരാതെ യുഎസിലെ പണപ്പെരുപ്പം താഴില്ലെന്ന് ഉറപ്പാണ്. യുദ്ധം തീര്‍ക്കാന്‍ അവസരങ്ങള്‍ നിരവധി വന്നിട്ടും ട്രംപിന് അതിന് താല്‍പര്യമുണ്ടായിരുന്നില്ല. ലോകരാജ്യങ്ങളെ ബാധിക്കുന്ന യുദ്ധം നിര്‍ത്താന്‍ ഇസ്രായേലിനും താല്‍പര്യമില്ല. മാസങ്ങളായി തുടര്‍ന്ന ചര്‍ച്ചകളില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യുഎസും ഇറാനും ധാരണയിലെത്തി എന്നത് ലോകത്തിനാകെ പ്രതീക്ഷ നല്‍കുന്നതാണ്.

യുഎസിന്റെ വിശാലതാല്‍പര്യങ്ങളേക്കാള്‍ ഡോണള്‍ഡ് ട്രംപ് തന്റെ സ്വാര്‍ഥലാഭങ്ങള്‍ക്കാണ് പ്രാധാന്യം ലഭിക്കുന്നത്. യുഎസിന്റെ ചരിത്രത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കണമെന്ന് വാദിക്കുന്ന പ്രസിഡന്റാണ് ട്രംപ്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുമ്പോഴും പലിശനിരക്ക് കുറച്ച് വിപണിയില്‍ പണമൊഴുക്കണമെന്നാണ് ട്രംപിന്റെ പക്ഷം. അങ്ങനെയൊരാളെ സംബന്ധിച്ചടുത്തോളം പണപ്പെരുപ്പം ഉയര്‍ന്നാലും താഴ്ന്നാലും പ്രശ്‌നമില്ല.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡോണള്‍ഡ് ട്രംപിന്റെ ഭ്രാന്തന്‍ നയങ്ങളാണ് യുഎസിനെ നയിക്കുന്നത്. എല്ലാ മേഖലയിലും ഈ ഭ്രാന്തന്‍ നയങ്ങള്‍ പിടിമുറുക്കി കഴിഞ്ഞു. സാമ്പത്തികരംഗത്തും സ്ഥിതിയില്‍ മാറ്റമൊന്നുമില്ല. അതുകൊണ്ട്, പണപ്പെരുപ്പം ഉയര്‍ന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ വിചിത്ര മറുപടിയില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. ട്രംപ് മാറാതെ യുഎസ് സമ്പദ് വ്യവസ്ഥ പച്ചതൊടില്ലെന്നുമുള്ള പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൂടുതല്‍ കണക്കുകളെത്തിയാലേ യുഎസിന്റെ സാമ്പത്തികസ്ഥിതിയുടെ ചിത്രം ലഭിക്കൂ.

TAGS :

Next Story