Quantcast

യുഎസിലേക്ക് തീരുവയില്ലാതെ ബംഗ്ലാദേശ് ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍; ഇന്ത്യക്ക് തിരിച്ചടിയാകുമോ?

യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പരുത്തി, സിന്തറ്റിക് ഫൈബര്‍ എന്നിവ ഉപയോഗിച്ച് ബംഗ്ലാദേശിലുണ്ടാക്കുന്ന ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതിയിളവ്

MediaOne Logo
US–Bangladesh trade deal raises competition concerns for Indian players
X

ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ നിലവില്‍ വന്നത്. ഇതോടെ യുഎസിലേക്കുള്ള മിക്കവാറും ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 18 ശതമാനത്തിലേക്ക് താഴ്ന്നു. യുഎസില്‍ വലിയ വിപണിയുള്ള ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മേഖലയും ആവേശത്തിലായിരുന്നു. കാരണം, നേരത്തെ 50 ശതമാനം പകരം തീരുവ ചുമത്തിയതാണ് 18 ശതമാനമായി കുറഞ്ഞത്. എന്നാല്‍, കഴിഞ്ഞ ദിവസം യുഎസ്-ബംഗ്ലാദേശ് വ്യാപാരക്കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമോയെന്നാണ് ആശങ്ക.

ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ

ബംഗ്ലാദേശിന് നേരത്തെ 37 ശതമാനമായിരുന്നു യുഎസ് പകരം തീരുവ ചുമത്തിയിരുന്നത്. ഇത് പിന്നീട് 20 ശതമാനമായി കുറച്ചിരുന്നു. പുതിയ വ്യാപാരക്കരാര്‍ പ്രകാരം 19 ശതമാനമായാണ് തീരുവ വീണ്ടും കുറച്ചത്. ഇന്ത്യക്ക് ഇത് 18 ശതമാനമാണ്. നേരിയ മുന്‍തൂക്കം ഇന്ത്യക്ക് ഉണ്ടെങ്കിലും ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ബംഗ്ലാദേശിന് യുഎസ് നല്‍കിയ പരിഗണനയാണ് ഇവിടെ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വെല്ലുവിളിയാവുക.

ബംഗ്ലാദേശില്‍ നിന്നുള്ള ചിലയിനം ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസില്‍ തീരുവ തീര്‍ത്തും ഒഴിവാക്കിയിരിക്കുകയാണ് പുതിയ കരാറില്‍. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഈ ഇളവില്ല. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പരുത്തി, സിന്തറ്റിക് ഫൈബര്‍ എന്നിവ ഉപയോഗിച്ച് ബംഗ്ലാദേശില്‍ നിന്നുണ്ടാക്കുന്ന ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതിയിളവ്. യുഎസിനെ വലിയ വിപണിയായി കാണുന്ന ബംഗ്ലാദേശ് ടെക്‌സ്റ്റൈല്‍ മേഖലക്ക് ഇത് വലിയ ഉണര്‍വാണ്.

ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളേക്കാള്‍ കുറഞ്ഞ വിലക്ക് ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമ്പോള്‍ യുഎസിലെ വിതരണക്കാര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് ചോദ്യം. ഈ ആശങ്ക ഓഹരിവിപണിയില്‍ ഇപ്പോള്‍ തന്നെ ബാധിച്ചിട്ടുണ്ട്. ടെക്‌സ്‌റ്റൈല്‍ ഓഹരികളില്‍ പലതിലും ഇന്ന് വലിയ ഇടിവ് നേരിട്ടു. ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട് എട്ട് ശതമാനത്തിലേറെയാണ് ഇടിഞ്ഞത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ആറ് ശതമാനത്തിലേറെയും കെപിആര്‍ മില്‍ മൂന്ന് ശതമാനത്തോളവും ഇടിഞ്ഞു. അംബിക കോട്ടണ്‍സ് മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു.

പരുത്തിയിലും പണി തന്ന് യുഎസ്

ബംഗ്ലാദേശിലെ ചില ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കിയത് മാത്രമല്ല യുഎസ്-ബംഗ്ലാദേശ് കരാറില്‍ ഇന്ത്യക്ക് പണികിട്ടിയിരിക്കുന്നത്. യുഎസില്‍ നിന്നുള്ള പരുത്തി ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ ഇളവ് എന്ന നിബന്ധന കൂടിയാണ്. കാരണം, ലോകത്ത് ഏറ്റവും കൂടുതല്‍ പരുത്തി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. ഇന്ത്യയില്‍ നിന്നുള്ള പരുത്തിയുടെ ഏറ്റവും വലിയ വിപണിയും ബംഗ്ലാദേശാണ്. ഇന്ത്യയിലെ പരുത്തി കയറ്റുമതിയുടെ 70 ശതമാനവും ബംഗ്ലാദേശിലേക്കാണ്. എന്നാല്‍, സമീപകാലങ്ങളിലായി ബംഗ്ലാദേശ് മറ്റു രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ബ്രസീലില്‍ നിന്നും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പരുത്തി കൂടുതലായി ഇറക്കുമതി ചെയ്യുന്നുണ്ട്. അതുവഴി ഇന്ത്യയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ്. വ്യാപാരക്കരാറിലെ പുതിയ നിബന്ധന യുഎസില്‍ നിന്ന് കൂടുതല്‍ പരുത്തി ഇറക്കുമതി ചെയ്യാന്‍ അവരെ പ്രേരിപ്പിക്കും. എങ്കില്‍ മാത്രമേ കരാറില്‍ പറഞ്ഞ പൂജ്യം തീരുവ ആനുകൂല്യം ലഭിക്കൂ. ഇത് ഇന്ത്യന്‍ പരുത്തി കയറ്റുമതിയെ ബാധിക്കും.

TAGS :

Next Story