Quantcast

സ്വര്‍ണവും വെള്ളിയും വീണ്ടും കുതിക്കാന്‍ കാരണമെന്ത്? ട്രംപിന്റെ തീരുവ വെട്ടിയതോ, പുതിയ തീരുവ പ്രഖ്യാപിച്ചതോ?

ആഗോള വിപണിയിലെ വിലക്കയറ്റത്തിൻ്റെ ചുവടു പിടിച്ച് സംസ്ഥാനത്ത് ഇന്ന് 1,400 രൂപയാണ് പവന് വര്‍ധിച്ചത്

MediaOne Logo
What caused gold and silver to surge again
X

സ്വര്‍ണവില വീണ്ടുമൊരു കുതിപ്പിലാണ്. ആഗോള വിപണിയില്‍ നിര്‍ണായകമായ 5000 ഡോളര്‍ എന്ന നിലവാരം പിന്നിട്ടു കഴിഞ്ഞു. ട്രോയ് ഔണ്‍സിന് 5106.68 ഡോളര്‍ എന്ന നിലയിലാണ് നിലവില്‍ വ്യാപാരം. 2.57 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. വെള്ളിയിലും വലിയ കുതിപ്പുണ്ടായി. 8.92 ശതമാനം വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 84.59 ഡോളര്‍ എന്ന നിലയിലാണ് വെള്ളി. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചുമത്തിയ പകരം തീരുവ സുപ്രിം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് വിലയില്‍ മാറ്റമുണ്ടായത്. എന്നാല്‍, ഇതാണോ വിലവര്‍ധനവിന് പിന്നിലെ കാരണം?

ട്രംപിന്റെ പകരം തീരുവ നിയമാനുസൃതമല്ലെന്ന് വിധിച്ചുകൊണ്ടാണ് യുഎസ് സുപ്രിം കോടതി റദ്ദാക്കിയത്. എന്നാല്‍, ഇതിന് പിന്നാലെ ആഗോള വിപണിയില്‍ സ്വര്‍ണം, വെള്ളി വില ആദ്യം ഇടിയുകയാണ് ചെയ്തത്. തീരുവ റദ്ദാക്കിയത് വ്യാപാരത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വില താഴേക്ക് പോയത്. എന്നാല്‍, സവിശേഷാധികാരം ഉപയോഗിച്ച് ട്രംപ് ഉടനടി ആഗോളതലത്തില്‍ 10 ശതമാനം പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ സ്വര്‍ണവും വെള്ളിയും കുതിക്കുകയായിരുന്നു. ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചതോടെ വിപണിയിലുണ്ടായ വന്‍ അനിശ്ചിതത്വം സ്വര്‍ണത്തിനും വെള്ളിക്കുമുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയായിരുന്നു.

ഇതുകൂടാതെ മറ്റ് ഘടകങ്ങളും സ്വര്‍ണവിലയെ ഉയര്‍ത്താന്‍ കാരണമായി. ഇറാനില്‍ യുഎസ് സൈനിക നടപടി ആരംഭിച്ചേക്കുമെന്ന അഭ്യൂഹങ്ങളും യുഎസിന്റെ ജിഡിപി വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചതിലും താഴ്ന്നതും പലിശ നിരക്ക് കുറക്കേണ്ടിവരുന്ന സാഹചര്യവുമെല്ലാം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കുതിപ്പിന് കാരണമായി.

ആഗോള വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടു പിടിച്ച് സംസ്ഥാനത്ത് ഇന്ന് 1,400 രൂപയാണ് പവന് വര്‍ധിച്ചത്. 1,16,800 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഗ്രാമിന് 175 രൂപ വര്‍ധിച്ച് 14,600 രൂപയാണ് പുതിയ വില. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

TAGS :

Next Story