മാസവരുമാനം ഒന്നിനും തികയുന്നില്ലേ; പ്രശ്‌നം എവിടെയാണെന്ന് അറിയാമോ? ഈ മാര്‍ഗം പരീക്ഷിച്ചു നോക്കൂ
വരുമാനം എത്ര വലിയതായാലും അത് കൈകാര്യം ചെയ്യുന്നത് കൃത്യമായല്ല എന്നാണെങ്കില്‍ സാമ്പത്തിക തകര്‍ച്ച ഉറപ്പാണ്

- Published:
18 April 2026 4:05 PM IST

സാമ്പത്തിക സുരക്ഷ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. വരുമാനം എത്ര വലിയതായാലും അത് കൈകാര്യം ചെയ്യുന്നത് കൃത്യമായല്ല എന്നാണെങ്കില്‍ സാമ്പത്തിക തകര്‍ച്ച ഉറപ്പാണ്. വരുമാനം കൂടുന്നതിനനുസരിച്ച് നമ്മുടെ ജീവിതശൈലീ ചെലവുകളും വര്‍ധിക്കും. ഇത് നിയന്ത്രിച്ച് നിര്‍ത്തിയില്ലെങ്കില്‍ പണം പോകുന്ന വഴി കാണില്ല.
നിങ്ങളുടെ വരുമാനത്തെ എങ്ങനെ ചെലവുകള്‍ക്കായും കടംവീട്ടുന്നതിനായും ഭാവിയിലേക്കുള്ള നിക്ഷേപത്തിനായും തരംതിരിക്കാമെന്നത് സംബന്ധിച്ച് നിരവധി റൂളുകളുണ്ട്. അതിലൊന്നാണ് 50:30:20 റൂള്‍. വരുമാനത്തെ മൂന്നായി തരംതിരിച്ച് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെലവുകള്‍ക്ക് ഘടനാപരമായ രൂപം നല്‍കുകയും ചെയ്യുന്ന രീതിയാണിത്.
ആദ്യത്തെ 50 ശതമാനം അവശ്യ ചെലവുകള്‍ക്ക്
എന്താണ് 50:30:20 റൂള്‍? മാസവരുമാനത്തെ മൂന്നായി തരംതിരിക്കുമ്പോള്‍ ആദ്യത്തെ 50 ശതമാനം നമ്മുടെ അത്യാവശ്യ ചെലവുകള്‍ക്കായി മാറ്റിവെക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ദൈനംദിന വീട്ടുചെലവുകള്‍, പലചരക്ക് സാധനങ്ങള്‍, യാത്രാ ചെലവുകള്‍ തുടങ്ങിയ അടിസ്ഥാന ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടും. വരുമാനത്തിന്റെ പകുതി ഈ ആവശ്യങ്ങള്‍ക്കായി നീക്കിവയ്ക്കുന്നതിലൂടെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതായും നിങ്ങള്‍ ഉറപ്പാക്കുന്നു. വൈദ്യുതി, ഇന്റര്‍നെറ്റ് ബില്ലുകള്‍, മറ്റ് വിവിധ സേവനങ്ങളുടെ ബില്ലുകള്‍ തുടങ്ങിയ ഒഴിവാക്കാന്‍ പറ്റാത്ത ആവശ്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും.
വരുമാനത്തിന്റെ 30 ശതമാനം ആഗ്രഹങ്ങള്‍ക്കും വിനോദത്തിനും
മാസവരുമാനത്തിന്റെ 30 ശതമാനം നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കായി മാറ്റിവെക്കാം. അത്യാവശ്യമായ ചെലവുകള്‍ക്ക് പുറമേ വരുന്നതാണിത്. ഇത് നിങ്ങള്‍ക്ക് വിവേചനാധികാരത്തോടെ ചെലവഴിക്കാവുന്ന തുകയാണ്. റെസ്റ്ററന്റുകളിലെ സന്ദര്‍ശനം, വെക്കേഷന്‍ യാത്രകള്‍, സമ്മാനങ്ങള്‍ നല്‍കല്‍, പുതിയ വസ്ത്രങ്ങള്‍ വാങ്ങല്‍, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഏതൊക്കെ വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്. ആദ്യത്തെ 50 ശതമാനം ജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ചെലവുകളായിരുന്നെങ്കില്‍ രണ്ടാമത്തെ 30 ശതമാനം നമുക്ക് വിനോദവും സന്തോഷവും നല്‍കുന്ന ചെലവുകളാണ്. അതേസമയം തന്നെ ഇങ്ങനെയുള്ള ചിലവുകള്‍ നമ്മുക്ക് ഒഴിവാക്കാന്‍ പറ്റുന്നവ ആയിരിക്കും. സിനിമ തിയേറ്ററില്‍ പോയി കാണാതെ വീട്ടില്‍ നിന്ന് തന്നെ കാണാം, ഭക്ഷണം പുറത്ത് പോയി കഴിക്കുന്നതിന് പകരം വീട്ടില്‍ നിന്ന് തന്നെ കഴിക്കാം. അത്തരത്തില്‍ ഈ ചിലവില്‍ കുറവ് വരുത്താന്‍ നമുക്ക് കഴിയും.
20 ശതമാനം വരുമാനം ഭാവിക്കായി നിക്ഷേപിക്കാം
ആകെ മാസവരുമാനത്തില്‍ ചെലവുകളും ആഗ്രഹങ്ങളും കഴിഞ്ഞുള്ള 20 ശതമാനം തുക നിര്‍ബന്ധമായും ഭാവിയിലേക്ക് നിക്ഷേപിക്കണമെന്നാണ് ഈ റൂള്‍ പറയുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി ഒരു എമര്‍ജന്‍സി ഫണ്ട് നിര്‍മ്മിക്കാനും റിട്ടയര്‍മെന്റിനായി പണം മാറ്റിവെക്കാനും ഭാവി ലക്ഷ്യങ്ങളില്‍ നിക്ഷേപിക്കാനും ഇങ്ങനെ മാറ്റിവെക്കുന്ന 20 ശതമാനം നിങ്ങളെ സഹായിക്കുന്നു. സമ്പാദ്യത്തിലും കടം കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ദീര്‍ഘകാല സാമ്പത്തിക ഭദ്രതയ്ക്കും സ്ഥിരതയ്ക്കും അടിത്തറ ഒരുക്കാം. വാഹന, വിദ്യാഭ്യാസ വായ്പകളുടെ തിരിച്ചടവ് എന്നിവയും ഈ 20 ശതമാനത്തിനുള്ളില്‍ നിന്ന് വേണം നടത്താന്‍.
പെട്ടെന്ന് നിങ്ങള്‍ക്ക് ജോലി നഷ്ടമോ വരുമാന നഷ്ടമോ സംഭവിക്കുന്ന ഒരു സാഹചര്യമുണ്ടാവുകയാണെങ്കില്‍ അതിനായി കരുതിവെക്കുന്ന ഫണ്ടാണ് എമര്‍ജന്‍സി ഫണ്ട്. അപ്രതീക്ഷിതമായ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ മുന്‍കൂട്ടി കരുതിവെക്കുന്ന പണം ആണിത്. ജോലി നഷ്ടപ്പെടല്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, അടിയന്തര ചെലവുകള്‍, അല്ലെങ്കില്‍ മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങള്‍ വന്നാല്‍ ഈ ഫണ്ട് നമ്മെ സഹായിക്കും. ആറ് മാസം വരെയുള്ള മാസ ചെലവുകള്‍ക്കുള്ള തുക എമര്‍ജന്‍സി ഫണ്ടായി കരുതിവെക്കുന്നതാണ് ഉചിതം.
50:30:20 റൂളിന് ഉദാഹരണം നോക്കാം. ഒരാളുടെ മാസവരുമാനം 40,000 രൂപയാണ് എന്ന് സങ്കല്‍പ്പിക്കുക. റൂള്‍ പ്രകാരം ഒഴിവാക്കാനാകാത്ത ചെലവുകള്‍ വരുമാനത്തിന്റെ 50 ശതമാനമായ 20,000 രൂപയില്‍ ഒതുങ്ങണം. നിങ്ങളുടെ ആഗ്രഹങ്ങളില്‍ പെടുന്ന വിനോദങ്ങളും വാങ്ങലുകളും യാത്രകളുമെല്ലാം മാസവരുമാനത്തിന്റെ 30 ശതമാനമായ 12,000 രൂപയില്‍ ഒതുങ്ങണം. ശേഷിക്കുന്ന 20 ശതമാനമായ 8000 രൂപ നിര്‍ബന്ധമായും ഭാവിയിലേക്ക് വേണ്ടി നിക്ഷേപിക്കണം.
നമ്മുടെ വരുമാനത്തെ എങ്ങനെ ക്രിയാത്മകമായി ചെലവഴിക്കുകയും ഭാവിക്ക് വേണ്ടി നിക്ഷേപിക്കുകയും ചെയ്യണമെന്ന് ലളിതമായി വിശദീകരിക്കുന്ന റൂളാണ് 50:30:20 എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതല്‍ സങ്കീര്‍ണതകളില്ലാതെ സാധാരണക്കാര്‍ക്ക് പോലും ഈ സാമ്പത്തിക സമവാക്യം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ സാധിക്കും.
Adjust Story Font
16
