Quantcast

മുകളിലേക്കോ താഴേക്കോ? യുദ്ധകാലത്ത് സ്വര്‍ണവില എങ്ങോട്ട് നീങ്ങും

സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളിലെല്ലാം സ്വര്‍ണം പിടിച്ചുനില്‍ക്കാറാണ് പതിവ്. അതുകൊണ്ടുതന്നെ സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണം പരിഗണിക്കപ്പെടാറ്

MediaOne Logo
Will the price of gold go up or down when war comes?
X

യുദ്ധം വരുമ്പോള്‍ സ്വര്‍ണവില മുകളിലേക്കാണോ താഴേക്കാണോ പോവുക? യുദ്ധങ്ങളിലും മറ്റ് സംഘര്‍ഷങ്ങളിലുമെല്ലാം സ്വര്‍ണവിലക്ക് മുകളിലേക്ക് കുതിക്കുന്ന പതിവാണുള്ളതെന്ന് ചരിത്രം നോക്കിയാല്‍ കാണാം. സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളിലെല്ലാം സ്വര്‍ണം പിടിച്ചുനില്‍ക്കാറാണ് പതിവ്. അതുകൊണ്ടുതന്നെ സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണം പരിഗണിക്കപ്പെടാറ്. എന്നാല്‍, പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ അങ്ങനെയല്ല സംഭവിച്ചത്. യുദ്ധം ആഗോള ഓഹരി വിപണികളെ ഉലച്ചപ്പോള്‍ സ്വര്‍ണവിലയിലും വലിയ ഇടിവുണ്ടായി.

സാധാരണ ഗതിയില്‍ യുദ്ധമുണ്ടാകുമ്പോള്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റ് സ്വര്‍ണത്തിലേക്ക് നിക്ഷേപങ്ങള്‍ മാറ്റും. ഇതോടെയാണ് സ്വര്‍ണത്തിന് വില കൂടുന്നതും ഓഹരികള്‍ക്ക് വില കുറയുന്നതും. എന്നാല്‍, പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ മൂന്നാമതൊരു ഘടകം കൂടിയുണ്ടായിരുന്നു. അസംസ്‌കൃത എണ്ണ അഥവാ ക്രൂഡ് ഓയില്‍. ആഗോള എണ്ണയുടെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ലോകവ്യാപകമായി ഊര്‍ജ പ്രതിസന്ധിയുണ്ടായി. എണ്ണവില ഉയരാനും തുടങ്ങി. ഇതോടെ നിക്ഷേപകര്‍ യുഎസ് ഡോളറിലേക്കും ട്രഷറി ബോണ്ടുകളിലേക്കും തിരിഞ്ഞു. സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ മെച്ചം ഇതാണെന്ന് നിക്ഷേപകര്‍ കണക്കുകൂട്ടി. ഇതിന്റെ ഫലമായി സ്വര്‍ണവിലയില്‍ വലിയ ഇടിവുണ്ടായി.

യുദ്ധം തുടങ്ങിയ ഫെബ്രുവരി 28ന് 1,23,720 രൂപയായിരുന്നു കേരളത്തില്‍ സ്വര്‍ണവില. യുദ്ധം രൂക്ഷമായ സമയത്ത് വന്‍ ഇടിവുണ്ടായി. മാര്‍ച്ച് 23ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,480 രൂപയിലേക്ക് താഴ്ന്നു. യുദ്ധം കാരണം സ്വര്‍ണം ഇനിയും ഇടിയുമെന്ന ഘട്ടത്തിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആക്രമണത്തിന് ഇടവേള പ്രഖ്യാപിച്ചത്. ഇതോടെയാണ് വന്‍ വീഴ്ചയില്‍ നിന്ന് മഞ്ഞലോഹം ഉയിര്‍ത്തേഴുന്നേറ്റത്.

2025ന്റെ പകുതി മുതല്‍ സ്വര്‍ണം, വെള്ളി ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ വന്‍ കുതിപ്പിലായിരുന്നു. സ്വര്‍ണവില ആഗോളവിപണിയില്‍ 5000 ഡോളറും കടന്ന് കുതിച്ചു. കേരളത്തില്‍ ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന പവന്‍ വില. ഇതിന് പിന്നാലെയാണ് പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് തുടക്കമായത്. ഇതോടെ വിലയിടിയാന്‍ തുടങ്ങി. യുദ്ധ സാഹചര്യത്തിന് ഇപ്പോള്‍ നേരിയ അയവുണ്ടായിരിക്കുന്നത് നിലവില്‍ സ്വര്‍ണവിലയെ മുകളിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കുത്തനെ ഉയര്‍ന്ന എണ്ണവിലയില്‍ നേരിയ കുറവുണ്ടായ സാഹചര്യത്തിലാണിത്.

അതേസമയം, ക്രൂഡ് ഓയില്‍ വില യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിലും ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് ആഗോളതലത്തില്‍ പണപ്പെരുപ്പ സാധ്യത കൂട്ടുകയാണ്. ഇത് പലിശ നിരക്ക് കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള സാധ്യതയാണ് നല്‍കുന്നത്. പലിശനിരക്ക് ഉയരുമ്പോള്‍ ബോണ്ടുകള്‍ കൂടുതല്‍ ആകര്‍ഷമാകും. പലിശ ലഭിക്കാത്ത സ്വര്‍ണത്തോടുള്ള താത്പര്യം കുറക്കുകയും ചെയ്യുക സ്വാഭാവികം.

ഭാവിയിലേക്കുള്ള മികച്ച നിക്ഷേപമാണ് സ്വര്‍ണം എന്നതില്‍ സംശയമില്ല. എന്നാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ പല ഘടകങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാല്‍, നിക്ഷേപകര്‍ പെട്ടെന്ന് പോയി സ്വര്‍ണ്ണം വാങ്ങുന്നതിന് മുന്‍പ്, എത്ര അളവില്‍, ഏത് രൂപത്തില്‍ (ഫിസിക്കല്‍ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ബോണ്ടുകള്‍) നിക്ഷേപിക്കണമെന്ന് ശ്രദ്ധാപൂര്‍വ്വം തീരുമാനിക്കണം.

കേരളത്തില്‍ വിവാഹ സീസണാണിപ്പോള്‍. നൂറുകണക്കിന് വിവാഹങ്ങളാണ് ദിവസവും നടക്കുന്നത്. അതോടൊപ്പം ലക്ഷങ്ങളുടെ സ്വര്‍ണമാണ് വിവാഹങ്ങള്‍ക്കായി വാങ്ങിക്കൂട്ടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് നമ്മള്‍ മലയാളികളാണല്ലോ. വര്‍ഷാവര്‍ഷം ലക്ഷംകോടി രൂപയുടെ സ്വര്‍ണം മലയാളികള്‍ വാങ്ങിക്കൂട്ടുന്നുവെന്നാണ് കണക്ക്. അതിനാല്‍ ആഗോള സമാധാന ചര്‍ച്ചകളും സ്വര്‍ണവിലയും മലയാളികളുടെ വിവാഹങ്ങളെ വരെ കാര്യമായി സ്വാധീനിക്കും.

TAGS :

Next Story