അദാനിക്കും അംബാനിക്കും ഇടയില്‍ കയറിയ ആ 'രണ്ടാമന്‍' ആര്?
മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ അതിസമ്പന്നരില്‍ രണ്ടാംസ്ഥാനത്തെത്തിയ ആ ചൈനക്കാരൻ്റെ പേരാണ് ഷാങ് യിമിങ്

- Updated:
2026-06-04 15:31:17

ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ തുടങ്ങിയ ഒരു കമ്പനി. ഇന്ന് ലോകത്തെ തന്നെ മാറ്റിമറിച്ച ടെക് സാമ്രാജ്യം! അതിന്റെ ഉടമയോ, ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാള്‍. സാക്ഷാല്‍ മുകേഷ് അംബാനിയെ തന്നെ മറികടന്ന് ഏഷ്യയിലെ അതിസമ്പന്നരില്‍ രണ്ടാംസ്ഥാനത്തെത്തിയ ആ ചൈനക്കാരന്റെ പേരാണ് ഷാങ് യിമിങ്. അദ്ദേഹത്തിന്റെ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ആപ്പിന്റെ പേര് മതി, ലോകം മുഴുവന്‍ അറിയാന്‍ -ടിക്ടോക്. ഒരുകാലത്ത് ഇന്ത്യക്കാരുടെ ഫോണുകളില്‍ വൈറലായിരുന്ന അതേ ടിക്ടോക്. ഇന്ന് ലോകത്താകമാനം തരംഗമായ ടിക്ടോക്.
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ ആദ്യ രണ്ട് സ്ഥാനം കുറേക്കാലമായി രണ്ട് ഇന്ത്യക്കാരുടെ കയ്യിലായിരുന്നു. മറ്റാരുമല്ല, നമ്മുടെ അദാനിയും അംബാനിയും തന്നെ. 117 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. മുകേഷ് അംബാനിയുടേതാകട്ടെ, 86.9 ബില്യണ്‍ ഡോളറും. ഇതിനിടയിലേക്കാണ് 92.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഷാങ് യിമിങ് സമ്പന്നരുടെ രണ്ടാംസ്ഥാനം സ്വന്തമാക്കിയത്. ഷാങ് യിമിങ്ങിന്റെ സമ്പത്തില്‍ വന്‍ കുതിപ്പിന് കാരണമായത് എന്താണെന്നോ, ടിക്ടോക്കിന്റെ ജനപ്രീതിയിലുള്ള വര്‍ധനവ്.
ചൈനയിലെ ലോങ്‌യാന്‍ എന്ന നഗരത്തിലാണ് 1983ല്‍ ഷാങ് യിമിങ്ങിന്റെ ജനനം. അച്ഛനും അമ്മയും സര്‍ക്കാര്‍ ജോലിക്കാര്‍. കുട്ടിക്കാലം മുതലേ പുസ്തകങ്ങളും സാങ്കേതികവിദ്യയും ഇഷ്ടമായിരുന്നു ഷാങ് യിമിങ്ങിന്. മറ്റുള്ളവര്‍ പറയുന്നത് മാത്രം വിശ്വസിക്കുന്നതിനേക്കാള്‍, സ്വയം പഠിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. മൈക്രോ ഇലക്ട്രോണിക്‌സും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറിങ്ങുമാണ് പഠിച്ചത്.
വര്‍ഷം 2012. ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ഓഫീസാക്കി ഷാങ് യിമിങ് ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങി. അതിന്റെ പേരായിരുന്നു ബൈറ്റ്ഡാന്‍സ്. ബൈറ്റ്ഡാന്‍സ് തുടങ്ങുന്നതിന് മുമ്പ് ഷാങ് യിമിങ് മൈക്രോസോഫ്റ്റിലെ ജോലിക്കാരനായിരുന്നു. 2008ല്‍ ജോലി മടുത്ത് ചൈനയില്‍ തിരിച്ചെത്തിയ ഷാങ് യിമിങ് ചെയ്തത് ട്വിറ്ററിന്റെ ചൈനീസ് പതിപ്പായ ഫാന്‍ഫൂ തുടങ്ങുകയായിരുന്നു. എന്നാല്‍, വിവാദങ്ങളെ തുടര്‍ന്ന് ഫാന്‍ഫൂ പൂട്ടിക്കെട്ടേണ്ടിവന്നു. പിന്നീട് ഒരു റിയല്‍ എസ്റ്റേറ്റ് സെര്‍ച്ച് പോര്‍ട്ടലാണ് തുടങ്ങിയത്. അക്കാലത്താണ് സ്മാര്‍ട്ട് ഫോണുകള്‍ ലോകം ഭരിക്കാന്‍ തുടങ്ങിയത്. 'ഇനി ലോകം ടിവി കണ്ടിരിക്കില്ല, മൊബൈല്‍ സ്‌ക്രോള്‍ ചെയ്യുകയാവും' എന്ന് ഷാങ് യിമിങ് അന്നേ മനസ്സിലാക്കി. 2012ല്‍ തുടങ്ങിയ ആ സംരംഭമായ ബൈറ്റ്ഡാന്‍സ് ഇന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ്. ടിക്ടോക്കിന്റെ മാതൃകമ്പനിയായ 'ബൈറ്റ്ഡാന്‍സി'ന്റെ വിപണി മൂല്യം ഉയര്‍ന്നതോടെയാണ് ഷാങ് യിമിങ് ഏഷ്യന്‍ സമ്പന്നരില്‍ അദാനിക്കും അംബാനിക്കും ഇടയില്‍ സ്ഥാനമുറപ്പിച്ചത്.
വരാനിരിക്കുന്നത് ഷോര്‍ട്ട് വീഡിയോകളുടെ കാലമാണെന്ന് ഷാങ് യിമിങ് അന്നേ മനസ്സിലാക്കിയിരുന്നു. ആളുകള്‍ക്ക് വലിയ വീഡിയോകളൊന്നും കണ്ടിരിക്കാനുള്ള സമയവും താല്‍പര്യവുമില്ല. രസകരമായ ചെറിയ വീഡിയോകളാണ് വേണ്ടത്. ദൈര്‍ഘ്യം വെറും 15 സെക്കന്‍ഡ് മാത്രം. അതിനായി 2016ല്‍ ഡുയിന്‍ എന്ന പേരില്‍ ബൈറ്റ്ഡാന്‍സ് ചൈനയില്‍ ഒരു ആപ്പ് ഇറക്കി. 2017ല്‍ ഇത് ടിക്-ടോക് എന്ന പേരില്‍ ആഗോളതലത്തില്‍ വ്യാപിച്ചു. അതിനിടെ, മ്യൂസിക്കലി എന്ന ജനപ്രിയ ആപ്പിനെ ബൈറ്റ് ഡാന്‍സ് വിലക്ക് വാങ്ങി ടിക്-ടോക്കില്‍ ലയിപ്പിച്ചിരുന്നു. ടിക്ടോക്കിന് കിട്ടിയ പ്രചാരം പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ടിക്-ടോക് വീഡിയോകള്‍ സ്മാര്‍ട്ട്‌ഫോണുകളെയും സോഷ്യല്‍ മീഡിയയെയും ഭരിച്ചു.
സിംപിളായി വീഡിയോ എടുക്കാം, സിംപിളായി എഡിറ്റ് ചെയ്യാം, അപ്‌ലോഡ് ചെയ്യാം. യുവാക്കളെ ലക്ഷ്യമിട്ടുള്ള ഒട്ടനവധി ഫീച്ചറുകള്‍ ടിക്-ടോക്കിലുണ്ടായിരുന്നു. ഇന്നത്തെ റീല്‍സുകളുടെ തുടക്കം അന്ന് ടിക്-ടോക്കില്‍ നിന്നായിരുന്നു. ഇന്ത്യയില്‍ പിന്നീട് ടിക്-ടോക് നിരോധിക്കപ്പെട്ടത് വേറൊരു കഥ. ടിക്ടോക്കിന്റെ വളര്‍ച്ചയോടൊപ്പം മാതൃസ്ഥാപനമായ ബൈറ്റ് ഡാന്‍സും വളര്‍ന്നു. ആഗോളഭീമന്‍മാരായ ഫേസ്ബുക്കിനോടും ഗൂഗിളിനോടും സ്‌നാപ്ചാറ്റിനോടുമൊക്കെ നേരിട്ട് മുട്ടിയായിരുന്നു ബൈറ്റ്ഡാന്‍സിന്റെ വളര്‍ച്ച. 2025ല്‍ ബൈറ്റ്ഡാന്‍സ് ഏകദേശം 50 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കി. അമേരിക്കയിലെ ബിസിനസ് ഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയതിലൂടെ ടിക് ടോക്ക് അവിടെ നിരോധിക്കപ്പെടുമെന്ന ആശങ്ക നീങ്ങി. ഇത് കമ്പനിയുടെ മൂല്യം വര്‍ധിക്കുന്നതില്‍ അനുകൂല ഘടകമായി.
എഐ കുതിപ്പിന്റെ കരുത്തില്‍ ബൈറ്റ്ഡാന്‍സ് കൈവരിച്ച മികച്ച മുന്നേറ്റവും കമ്പനിയുടെ ജനപ്രിയ ആപ്ലിക്കേഷനുകളുടെ വളര്‍ച്ചയുമാണ് ഷാങ് യിമിങ്ങിന്റെ ആസ്തി വര്‍ധിപ്പിച്ചത്. 2019ല്‍ 13 ബില്യണ്‍ ഡോളറായിരുന്ന ആസ്തി ഇപ്പോള്‍ വര്‍ധിച്ചത് ഏഴിരട്ടിയിലേറെ. ടിക്-ടോക്കിന് ഇന്ന് ലോകത്താകമാനം 100 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. കോടിക്കണക്കിന് കണ്ടന്റ് ക്രിയേറ്റര്‍മാരുമുണ്ട്. ബൈറ്റ് ഡാന്‍സിന്റെ വിപണി അവിടെയും അവസാനിക്കുന്നില്ല. കമ്പനിയുടെ എഐ ചാറ്റ്‌ബോട്ടായ 'ഡൂബോ' ചൈനയിലെ ഏറ്റവും ജനപ്രിയ എഐ സേവനങ്ങളിലൊന്നാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബീജിങ്ങിലെ ആ അപ്പാര്‍ട്ട്‌മെന്റ് മുറിയിലിരുന്ന് ഷാങ് യിമിങ് ആലോചിച്ചത് ലോകം ഇന്ന് എന്ത് ചെയ്യുന്നു എന്നതായിരുന്നില്ല. ലോകം നാളെ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു. ആ ചിന്തയാണ് മൈക്രോസോഫ്റ്റിലെ വെറുമൊരു ജോലിക്കാരനില്‍ നിന്ന് ഏഷ്യയിലെ മൂന്നാമത്തെ സമ്പന്നന്‍ എന്ന പദവിയിലേക്ക് ഷാങ് യിമിങ്ങിനെ നയിച്ചത്.
Adjust Story Font
16
