Quantcast

വിപണിയില്‍ ആശ്വാസം; സൂചികകള്‍ നേട്ടത്തില്‍, ഇനി എങ്ങോട്ട് ?

ഓഹരി വിപണിയുടെ മുന്നേറ്റത്തിൽ നിർണായകമായത് ഐടി മേഖലയിലെ കമ്പനികളാണ്. നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനത്തോളം ഉയർന്നു

MediaOne Logo

വെബ് ഡെസ്ക്

  • Updated:

    2026-10-16 11:17:29

Published:

16 Oct 2026 4:38 PM IST

Sensex jumps 900 points
X

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിട്ട തിരിച്ചടിയിൽനിന്ന് ശക്തമായി തിരിച്ചുകയറിയ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് ദിവസത്തെ താഴ്ന്ന നിലവാരത്തിൽനിന്ന് ഏകദേശം 700 പോയിന്റ് ഉയർന്നു. ഐടി ഓഹരികളിലെ ശക്തമായ വാങ്ങലും പ്രമുഖ കമ്പനികളുടെ മികച്ച രണ്ടാംപാദ പ്രവർത്തനഫലങ്ങളുമാണ് വിപണിക്ക് കരുത്തായത്.

വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 413.66 പോയിന്റ് ഉയർന്ന് 74,729.27ലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 148.80 പോയിന്റ് നേട്ടത്തോടെ 23,146.15ലാണ് വ്യാപാരം അവസാനിപ്പിച്ചത്.വിപണിയിൽ 2,220 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1,792 ഓഹരികൾ നഷ്ടം നേരിട്ടു. 185 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല.

ഐടി ഓഹരികളിൽ വൻ കുതിപ്പ്

ഓഹരി വിപണിയുടെ മുന്നേറ്റത്തിൽ നിർണായകമായത് ഐടി മേഖലയിലെ കമ്പനികളാണ്. നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനത്തോളം ഉയർന്നു. തുടർച്ചയായ നാലാം വ്യാപാരദിനമാണ് ഐടി സൂചിക നേട്ടമുണ്ടാക്കുന്നത്.ടെക് മഹീന്ദ്രയുടെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. കമ്പനിയുടെ രണ്ടാംപാദ പ്രവർത്തനഫലങ്ങൾ വിപണിയുടെ പ്രതീക്ഷകളെ മറികടന്നതോടെ ഓഹരി വില എട്ട് ശതമാനത്തോളം ഉയർന്നു.കഴിഞ്ഞ നാല് വ്യാപാരദിനങ്ങൾക്കിടെ ടെക് മഹീന്ദ്ര ഓഹരികൾ 19 ശതമാനത്തിലധികമാണ് നേട്ടമുണ്ടാക്കിയത്. ഇതേ കാലയളവിൽ നിഫ്റ്റി ഐടി സൂചികയുടെ മുന്നേറ്റം ഏകദേശം 11 ശതമാനമായിരുന്നു.

സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ വരുമാന വളർച്ചയും പ്രവർത്തന ലാഭവുമായി ബന്ധപ്പെട്ട കണക്കുകളും വിപണിയുടെ പ്രതീക്ഷകളെ മറികടന്നിരുന്നു. പുതിയ കരാറുകളിൽനിന്നുള്ള വരുമാനം മെച്ചപ്പെട്ടതും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

മികച്ച പ്രവർത്തനഫലങ്ങൾക്ക് പിന്നാലെ ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി ടെക് മഹീന്ദ്രയുടെ ഓഹരിക്കുള്ള റേറ്റിങ് ഉയർത്തി. ഓഹരിയുടെ ലക്ഷ്യവില 1,480 രൂപയിൽനിന്ന് 1,780 രൂപയായും വർധിപ്പിച്ചു.

വിപ്രോയ്ക്കും നേട്ടം

ഐടി കമ്പനിയായ വിപ്രോയുടെ ഓഹരികളും വെള്ളിയാഴ്ച മികച്ച മുന്നേറ്റം രേഖപ്പെടുത്തി. രണ്ടാംപാദ വരുമാനം പ്രതീക്ഷകളെ മറികടന്നതോടെ ഓഹരി വില നാല് ശതമാനത്തോളം ഉയർന്നു.സെപ്റ്റംബർ പാദത്തിൽ വിപ്രോയുടെ വരുമാനം 24,753 കോടി രൂപയായി. വിപണി പ്രതീക്ഷിച്ചിരുന്ന 24,627 കോടി രൂപയെക്കാൾ കൂടുതലാണിത്.വരും പാദങ്ങളിൽ നേരത്തേ വൈകിയിരുന്ന വൻകിട കരാറുകൾ വരുമാന വളർച്ചയ്ക്ക് സഹായകരമാകുമെന്ന കമ്പനിയുടെ വിലയിരുത്തലും ഓഹരിക്ക് നേട്ടമായി.എന്നാൽ പുതിയ കരാറുകളുടെ ആകെ മൂല്യത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 45 ശതമാനം കുറവുണ്ടായത് വെല്ലുവിളിയായി തുടരുകയാണ്.

കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ

വിപണിയുടെ മുന്നേറ്റത്തിന് പിന്നിലെ രണ്ടാമത്തെ പ്രധാന കാരണം കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങാനുള്ള നിക്ഷേപകരുടെ താൽപര്യമാണ്.വ്യാപാരത്തിന്റെ തുടക്കത്തിൽ വിപണി ഇടിഞ്ഞതോടെ താരതമ്യേന ആകർഷകമായ വിലയിൽ ലഭ്യമായ ഓഹരികളിലേക്ക് നിക്ഷേപകർ തിരിഞ്ഞു. ഇതോടെ പ്രധാന സൂചികകൾ നഷ്ടം മറികടന്ന് നേട്ടത്തിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ വ്യാപാരദിനത്തിലും ഇന്ത്യൻ ഓഹരി വിപണി ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. നാല് മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടമാണ് അന്ന് പ്രധാന സൂചികകൾ രേഖപ്പെടുത്തിയത്.ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിലുണ്ടായ മുന്നേറ്റവും കമ്പനികളുടെ മികച്ച പ്രവർത്തനഫലങ്ങളുമാണ് വിപണിക്ക് പിന്തുണയായത്.രൂപയുടെ കരുത്തും അമേരിക്കൻ സർക്കാർ ബോണ്ടുകളുടെ ആദായനിരക്കിലുണ്ടായ കുറവും വിദേശ നിക്ഷേപകരുടെ വിൽപ്പന സമ്മർദം കുറയ്ക്കാൻ സഹായിച്ചേക്കുമെന്നും അദ്ദേഹം വിലയിരുത്തി.

നിഫ്റ്റിക്ക് നിർണായകം 23,100

സാങ്കേതിക സൂചകങ്ങളും വിപണിയുടെ തിരിച്ചുവരവിന് പിന്തുണ നൽകിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.നിഫ്റ്റി 23,000–23,100 നിലവാരം മറികടന്ന് മുന്നേറുന്നത് വിപണിയെ സംബന്ധിച്ച് നിർണായകമാണ്. ഈ നിലവാരത്തിന് മുകളിൽ സ്ഥിരത കൈവരിക്കാൻ സാധിച്ചാൽ 23,500 വരെ മുന്നേറ്റത്തിനുള്ള സാധ്യതയുണ്ടെന്ന് ബജാജ് ബ്രോക്കിങ്ങിലെ റിസർച്ച് വിഭാഗം ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പബിത്രോ മുഖർജി വിലയിരുത്തി.എന്നാൽ ഈ നിലവാരത്തിൽ ശക്തമായ വിൽപ്പന സമ്മർദമുണ്ടായാൽ വിപണി വീണ്ടും ചാഞ്ചാട്ടത്തിലേക്ക് നീങ്ങിയേക്കും. 22,500 നിലവാരത്തിന് മുകളിൽ തുടരുന്നിടത്തോളം ഹ്രസ്വകാല തിരിച്ചുവരവിനുള്ള സാധ്യത നിലനിൽക്കുമെന്നാണ് വിലയിരുത്തൽ.

എണ്ണക്കമ്പനികൾക്ക് തിരിച്ചടി

ഐടി ഓഹരികൾ മുന്നേറിയപ്പോൾ എണ്ണ, വാതക മേഖലയിലെ ഓഹരികൾ സമ്മർദത്തിലായി. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.

സ്വകാര്യ ബാങ്കിങ് ഓഹരികളിലും സമ്മർദം പ്രകടമായിരുന്നു. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ ഇടിഞ്ഞപ്പോൾ ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകൾ നേട്ടമുണ്ടാക്കി.ഉയർന്ന ഉൽപ്പന്നച്ചെലവും വിതരണശൃംഖലയിലെ തടസ്സങ്ങളും എഫ്എംസിജി മേഖലയ്ക്കും തിരിച്ചടിയായി. നെസ്‌ലെ ഇന്ത്യയുടെ ഓഹരികൾ ഏകദേശം രണ്ട് ശതമാനം ഇടിഞ്ഞു.

ഇനി വിപണിയുടെ ഗതി എന്താകും?

തുടർച്ചയായ മുന്നേറ്റം ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിലെ വ്യാപാരം നിർണായകമാകും.പ്രമുഖ കമ്പനികളുടെ രണ്ടാംപാദ പ്രവർത്തനഫലങ്ങൾ, വിദേശ നിക്ഷേപകരുടെ നിലപാട്, രാജ്യാന്തര വിപണികളിലെ മാറ്റങ്ങൾ എന്നിവയാണ് ഇനി വിപണിയുടെ ഗതി നിർണയിക്കുക.

പ്രത്യേകിച്ച് നിഫ്റ്റി 23,100 നിലവാരത്തിന് മുകളിൽ സ്ഥിരത കൈവരിക്കുമോ എന്നതാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. ഐടി ഓഹരികളിലെ മുന്നേറ്റം മറ്റ് മേഖലകളിലേക്കും വ്യാപിച്ചാൽ വിപണിക്ക് കൂടുതൽ കരുത്താകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

TAGS :

Next Story