പശ്ചിമ ബംഗാളില്‍ സ്ഥാനാർത്ഥി പട്ടിക തെളിയുന്നു
ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്ത് വിടും. കോൺഗ്രസ് ഉൾപ്പെടുന്ന വിശാല സഖ്യവും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു

പശ്ചിമ ബംഗാളിലെ ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തെളിയുന്നു. ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്ത് വിടും. കോൺഗ്രസ് ഉൾപ്പെടുന്ന വിശാല സഖ്യവും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. നേരത്തെ തന്നെ സ്ഥാനാർത്ഥിപട്ടിക തയ്യാറാക്കിയ ടി.എം.സി സാഹചര്യം വീക്ഷിച്ച ശേഷം പ്രസിദ്ധീകരിക്കാനുള്ള നീക്കങ്ങളിലാണ്. 30 വീതം മണ്ഡലങ്ങളിലായി മാർച്ച് 27,ഏപ്രിൽ ഒന്ന് തീയതികളിലാണ് ബംഗാളിൽ ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പ് നടക്കുനത്.
തിയതി പ്രഖ്യാപനത്തിന് മുമ്പേ തന്ത്രങ്ങൾ മെനഞ്ഞ ബി.ജെ.പി പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ്സമിതി യോഗം ചേർന്ന് ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടികക്ക് അന്തിമ രൂപം നൽകി. എത്രയും പെട്ടെന്ന് പട്ടിക പ്രഖ്യാപിച്ച് സ്ഥാനാർത്ഥികളുടെ മണ്ഡല സന്ദർശനം ആരംഭിക്കാനാണ് നീക്കം. കോൺഗ്രസും സ്ക്രീനിംഗ് കമ്മറ്റി ചേർന്ന് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി.
നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി പട്ടികക്ക് അംഗീകാരം നല്കും. കോൺഗ്രസും സി പി എമ്മും ഐ.എസ്.എഫും ഒരുമിച്ചാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി പട്ടിക നേരത്തെ തന്നെ തയ്യാറായിക്കഴിഞ്ഞിരുന്നു. എന്നാല്‍ രാഷ്ട്രീയ അന്തരീക്ഷം വിലയിരുത്തി ടി.എം.സി പ്രഖ്യാപനം നീട്ടുകയാണ്.
ബി.ജെ.പിയുടേയും വിശാല സഖ്യത്തിന്‍റെയും പട്ടിക പ്രസിദ്ധീകരിച്ച ശേഷം പ്രഖ്യാപിക്കാനാണ് നീക്കം. എതിർസ്ഥാനാർഥികളെ കണക്കിലെടുത്ത് മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടോ എന്ന് വിലയിരുത്തിയാകും ടി.എം.സി പ്രഖ്യാപനം.
Adjust Story Font
16

