Quantcast

മലബാറിലെ ഹയര്‍സെക്കന്ററി പ്രതിസന്ധിയുടെ വേരുകള്‍

വിദ്യാഭ്യാസ രംഗമടക്കമുള്ള മുഴുവന്‍ മേഖലകളിലേയും മലബാറിനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ തന്നെ മാറിമറിയുന്നതിന് ഭാവിയില്‍ സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വരും

MediaOne Logo
മലബാറിലെ ഹയര്‍സെക്കന്ററി പ്രതിസന്ധിയുടെ വേരുകള്‍
X

വ്യത്യസ്തമായ മൂന്ന് ഭരണപ്രദേശങ്ങള്‍ ആയിരുന്ന തിരുവിതാംകൂറും കൊച്ചിയും മലബാറും ലയിച്ചാണ് ഐക്യകേരളം നിലവില്‍ വന്നത്. തിരുവിതാംകൂറും കൊച്ചിയും ഏകദേശം ഒരേ ചരിത്രവും സംസ്‌കാരവും പങ്കുവെക്കുന്ന നാട്ടുരാജ്യങ്ങളായിരുന്നു. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്റെ ആഘാതങ്ങള്‍ ഒന്നും ഇരുനാട്ടുരാജ്യങ്ങളും അനുഭവിച്ചിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഐക്യകേരളം പിറവിയെടുക്കുന്നതിനു മുമ്പേ ഈ രണ്ട് നാട്ടുരാജ്യങ്ങൾക്ക് ലയിച്ച് തിരുകൊച്ചി എന്ന പുതിയ ഭരണ മേഖലയായി മാറാന്‍ എളുപ്പത്തില്‍ സാധിച്ചത്. തിരുകൊച്ചിയില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു മലബാറിലെ ചരിത്രവും സംസ്‌കാരവും രാഷ്ട്രീയവും.

ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായിരുന്നു ഇന്ന് കേരളത്തിന്റെ ഭാഗമായ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ അടങ്ങിയ മലബാര്‍. ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സംസ്ഥാനത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു മലബാര്‍ നിലനിന്നിരുന്നത്. ബ്രിട്ടീഷ് ഭരണത്തിനു മുന്‍പ് പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കുമെതിരെ നൂറ്റാണ്ടുകളോളം നീണ്ട അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ ഏര്‍പ്പെട്ട ചരിത്രം കൂടി മലബാറിനുണ്ട്. അധിനിവേശകര്‍ നാട് കീഴടക്കും മുന്‍പ് കാര്‍ഷിക-വ്യവസായ സമൃദ്ധിയുടെ ചരിത്രമായിരുന്നു മലബാറിനുണ്ടായിരുന്നത്. അതെല്ലാം തകിടം മറിഞ്ഞത് യൂറോപ്യന്‍ അധിനിവേശത്തോടുകൂടിയാണ്.

ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന മലബാറിലെ ജനങ്ങളെ ശത്രുക്കളായാണ് കണ്ടത്. അതിനാല്‍തന്നെ ബ്രിട്ടീഷ് ഭരണത്തിലുടനീളം മലബാറിലെ ജനങ്ങള്‍ ഭരണകൂട ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമായി. സ്വസ്തമായി ഭരിക്കാന്‍ അനുവദിക്കാത്ത ജനതക്ക് ഒരു ഭരണകൂടവും അതിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കിക്കൊടുക്കില്ലെന്നത് സ്വാഭാവികമാണ്. മലബാറില്‍ ജനോപകരമായ ഗവണ്‍മെന്റ് സ്ഥാപനങ്ങളും സംവിധാനങ്ങളും നാമമാത്രമായിരുന്നു. സ്‌കൂളുകളുടെയും കോളേജുകളുടെയും അവസ്ഥയും ഇതുതന്നെയായിരുന്നു.

ബ്രിട്ടീഷുകാരോട് അനുരഞ്ജനത്തിലേര്‍പ്പെട്ട് ഭരണം നടത്തിയിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും സാമൂഹികാവസ്ഥ മലബാറില്‍ നിന്നും വ്യത്യസ്തമായിരുന്നു. പൊതുജനോപകാരമായ ഒട്ടേറെ ഗവണ്‍മെന്റ് പദ്ധതികളും സംവിധാനങ്ങളും ആ നാട്ടുരാജ്യങ്ങളിലുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ വിദ്യാലയങ്ങളും കലാലയങ്ങളും അവിടെ ആരംഭിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ആ മുന്നേറ്റം ശക്തിപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിന്റെ കാലുഷ്യമില്ലാത്തതിനാല്‍ സാമൂഹിക നവോത്ഥാന സംഘടനകളും വിദ്യാഭ്യാസ ശാക്തീകരണ കൂട്ടായ്മകളും തിരുകൊച്ചിയില്‍ കേന്ദ്രീകരിച്ചു. മലബാറില്‍ ഉപ്പുസത്യാഗ്രഹവും ബഹിഷ്‌കരണ പ്രക്ഷോഭവും ക്വിറ്റിന്ത്യാ സമരവും കൊടുമ്പിരി കൊള്ളുമ്പോള്‍ തിരുകൊച്ചിയില്‍ ഭരണ സംവിധാനങ്ങളിലും ഉദ്യോഗസ്ഥ മേഖലകളിലും വിവിധ ജാതി സമുദായങ്ങള്‍ക്ക് പങ്കാളിത്തം ആവശ്യപ്പെട്ടുള്ള സമരങ്ങളാണ് അരങ്ങേറിയിരുന്നത്. മലബാറില്‍ ബ്രിട്ടീഷ് ഭരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സാമൂഹിക ജീവിതം തകിടം മറിച്ചപ്പോള്‍ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ് തിരുകൊച്ചിയില്‍ മുഴുകിയിരുന്നത്. ഈ സമരങ്ങളുടെയെല്ലാം ഗുണഫലങ്ങള്‍ തിരുകൊച്ചിയിലെ ജനങ്ങള്‍ അനുഭവിച്ചു തുടങ്ങുമ്പോഴും മലബാറില്‍നിന്ന് ബ്രിട്ടീഷുകാര്‍ കപ്പല്‍ കയറിയിരുന്നില്ല.

രാജ്യം സ്വാതന്ത്ര്യം നേടുകയും പിന്നീട് ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം പ്രഖ്യാപിക്കപ്പെട്ടപ്പോഴും മലബാര്‍ എല്ലാ അര്‍ഥത്തിലും പിന്നാക്കമായിരുന്നു. ബ്രിട്ടീഷുകാരുടെ ഭരണവും അതിനിവേശ ശക്തികള്‍ക്കെതിരിലുള്ള നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളുമാണ് മലബാറിനെ പിന്നാക്കമാക്കിയത്. ഐക്യകേരളത്തില്‍ മലബാറിനെ ലയിപ്പിക്കുമ്പോള്‍ അവരുടെ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രം പരിഗണിച്ച് വികസനത്തിന് എല്ലാ മേഖലകളിലും ശാക്തീകരിക്കാന്‍ ഭരണകൂടം പ്രത്യേകം പാക്കേജുകള്‍ വഴി പദ്ധതികളൊരുക്കണമായിരുന്നു. അത് അവരോട് ചെയ്യുന്ന നീതിയുടെ ഭാഗം കൂടിയായിരുന്നു. പക്ഷേ, അതുണ്ടായില്ലെന്ന് മാത്രമല്ല ഐക്യകേരള ഭരണത്തിന്റെ നടത്തിപ്പുകാരും മലബാറിനെ ബോധപൂര്‍വം ക്രൂരമായ അവഗണനക്ക് വിധേയമാക്കി. വികസന പദ്ധതികളും സംരംഭങ്ങളും ഭരണകൂടം വീതംവെച്ചപ്പോള്‍ ജനസംഖ്യാനുപാതികമായി മലബാര്‍ അര്‍ഹിച്ചത് പോലും തടഞ്ഞുവെക്കപ്പെട്ടു. വികസനം തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഓഫീസ് സംവിധാനങ്ങളെല്ലാം കേരളപ്പിറവി മുതല്‍ നിയന്ത്രിച്ചിരുന്നത് തീരുകൊച്ചിയില്‍ ഉള്ളവരായിരുന്നു. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റും ജുഡീഷ്യറിയുടെ ആസ്ഥാനമായ ഹൈക്കോടതിയും തിരുവിതാംകൂറും കൊച്ചിയുമായിരുന്നു പങ്കിട്ടെടുത്തത്. മലബാറിന് ഒരു അധികാര കേന്ദ്രമോ ഉന്നത ഉദ്യോഗ സംവിധാനമോ ലഭിച്ചിരുന്നില്ല. കേരളപ്പിറവി മുതല്‍ മലബാര്‍ നേരിടുന്ന ഈ അവഗണനയുടെ ആഴമറിയാന്‍ കഴിഞ്ഞ 67 വര്‍ഷത്തിനുള്ളില്‍ കേരള സര്‍ക്കാര്‍ നടപ്പാക്കിയ മുഴുവന്‍ ജനസേവന സംവിധാനങ്ങളുടേയും ഗവണ്‍മെന്റ് സംരംഭങ്ങളുടേയും കണക്കെടുത്താല്‍ മതിയാകും. കേരളത്തിലെ 42 ശതമാനം ജനങ്ങള്‍ ജീവിക്കുന്ന മലബാറിലെ ആറ് ജില്ലകള്‍ക്ക് ജനസംഖ്യാനുപതികമായ വികസനം ലഭിച്ചില്ലെന്നത് ആ കണക്കുകള്‍ വിളിച്ചുപറയും. ഐക്യകേരളത്തിന്റെ വികസന വീതംവെപ്പില്‍ തിരുകൊച്ചി എപ്പോഴും ജനസംഖ്യാനുപാതികത്തിനപ്പുറം നേടിയപ്പോള്‍ മലബാറിന് ഒരിക്കലും അവരര്‍ഹിച്ചത് പോലും ലഭിച്ചില്ല. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതല്‍ താലൂക്കുകള്‍, പഞ്ചായത്തുകള്‍, വില്ലേജുകള്‍, കോളേജുകൾ ,സ്കൂളുകൾ ,വിദ്യാഭ്യാസ ഉപജില്ലകള്‍, പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ വരെയുള്ള ഏത് സംവിധാനങ്ങളുടെ കണക്കെടുത്താലും ഈ വിവേചനം വ്യക്തമാകും.

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികള്‍

67 വര്‍ഷമായി തുടരുന്ന ഈ മലബാര്‍ അവഗണനയോടുള്ള വര്‍ത്തമാനം തിരിച്ചറിഞ്ഞുവേണം ഇന്ന് മലപ്പുറം മുതല്‍ കാസര്‍കോഡ് വരെയുള്ള ആറ് ജില്ലകള്‍ അഭിമുഖീകരിക്കുന്ന ഹയര്‍സെക്കന്ററി മേഖലയിലെ പ്രതിസന്ധിയുടെ വേരുകള്‍ ചികയാന്‍. നായനാര്‍ മുഖ്യമന്ത്രിയായ 2001 ലാണ് പ്രീഡിഗ്രി കോളേജുകളില്‍നിന്ന് പൂര്‍ണമായും വേര്‍പ്പെടുത്തി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം സ്‌കൂളുകളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത്. അന്ന് പത്താംക്ലാസ്സില്‍ പരീക്ഷയെഴുതി വിജയിച്ചിരുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ് വണ്‍ ബാച്ചുകളും സീറ്റുകളും അനുവദിക്കുന്നതിന് പകരം മറ്റുപല പരിഗണനകളുമാണ് ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിച്ചത്.

പൊതുവെ തിരുകൊച്ചി മേഖലയെ അപേക്ഷിച്ച് മലബാറില്‍ ഗവണ്‍മെന്റ്/ എയ്ഡഡ് മേഖലയില്‍ ഹൈസ്‌കളുകള്‍ കുറവായിരുന്നിട്ടുപോലും ആവശ്യമായ വിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ അനുവദിച്ചില്ല. എന്നാല്‍, പ്ലസ് വണ്‍ ആരംഭിച്ച ആദ്യ വര്‍ഷങ്ങളില്‍തന്നെ തിരുകൊച്ചി മേഖലയില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആനുപാതികമായി പ്ലസ് വണ്‍ ബാച്ചുകളും അനുവദിക്കപ്പെട്ടു. മലബാര്‍ മേഖലയില്‍ ആദ്യകാലത്ത് പത്താം ക്ലാസ്സില്‍ വിജയ ശതമാനം കുറവായതിനാല്‍ ഈ സീറ്റുക്ഷാമം വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. എന്നാല്‍, ഓരോ വര്‍ഷം പിന്നിടുന്തോറും വിജയ ശതമാനം ഉയരുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു.

2005 നു ശേഷം എസ്.എസ്.എല്‍.സി വിജയ ശതമാനം മലബാറില്‍ 80 ശതമാനത്തിനും മുകളില്‍ ആയിത്തുടങ്ങിയതോടെ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും സീറ്റില്ലാതെ പുറത്ത് നില്‍ക്കേണ്ടിവന്നു. തെക്കന്‍ ജില്ലകളിലാവട്ടെ മുൻവർഷത്തിലും കുറവ് വിദ്യാര്‍ഥികളാണ് തുടര്‍ വര്‍ഷങ്ങളില്‍ പത്താംക്ലാസ്സ് പാസായത്. പൊതുവെ സ്കൂളിൽ അഡ്മിഷൻ നേടുന്ന കുട്ടികളുടെ എണ്ണത്തിൽ തന്നെ അവിടെ വലിയ കുറവാണുണ്ടായത്. തെക്കന്‍ ജില്ലകളിലെ ചില സകൂളുകളില്‍ ഒറ്റ കുട്ടിയും അഡ്മിഷനില്ലാതെ പ്ലസ് വണ്‍ ബാച്ചുകള്‍ കാലിയായ നിലയിലേക്ക് വരെ കാര്യങ്ങളെത്തി. ഒരേ വിഷയത്തില്‍ മലബാറില്‍ സീറ്റ് പ്രതിസന്ധി വര്‍ഷംതോറും വര്‍ധിച്ചുവന്നപ്പോള്‍ തെക്കൻ ജില്ലകളിൽ വർധിച്ചത് കുട്ടികളില്ലാതെ വെറുതെ കിടക്കുന്ന സീറ്റുകളാണ്. മാറിമാറി വന്ന ഇടത് വലത് ഭരണകൂടങ്ങള്‍ അസന്തുലിതമായ ഈ സിറ്റുവിതരണം പഠിച്ച് ശാസ്ത്രീയമായി പരിഹരിക്കാന്‍ യാതൊരു ശ്രമവും നടത്തിയതുമില്ല. പ്രശ്‌നം മലബാറിന്റേതായതിനാല്‍ ഉദ്യോഗസ്ഥരോ വിദ്യാഭ്യാസ വിചക്ഷണരോ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചതുമില്ല. സാമൂഹിക അനീതിക്കൊപ്പം അശാസ്ത്രീയവും അസന്തുലിതവുമായ പ്ലസ് വണ്‍ ബാച്ചുകളുടെ വീതംവെപ്പുമാണ് ഇന്ന് മലബാര്‍ മേഖല അനുഭവിക്കുന്ന ഹയര്‍ സെക്കന്ററി പ്രശ്‌നങ്ങളുടെ അടിവേര്.

മലബാറിലെ ആറ് ജില്ലകളിലായി 59,575 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഹയര്‍ സെക്കന്ററിക്ക് സീറ്റില്ലാതെ പുറത്തുനില്‍ക്കുന്നത്. മലപ്പുറം ജില്ലയില്‍ 25,560, പാലക്കാട് 11,609, കോഴിക്കോട് 9552, കണ്ണൂര്‍ 5941, കാസര്‍കോഡ് 4263, വയനാട് 2650 വിദ്യാര്‍ഥികള്‍ക്കാണ് സീറ്റില്ലാത്തത്. മലബാറില്‍ അരലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമില്ലാത്തപ്പോള്‍ മധ്യകേരളത്തില്‍ ഈ വർഷം ഏഴായിരത്തിലേറെ ഹയര്‍സെക്കന്ററി സീറ്റുകള്‍ കുട്ടികളില്ലാതെ കാലിയായി കിടക്കുന്നു. തെക്കന്‍ ജില്ലകളില്‍ മിക്കയിടത്തും പത്താം ക്ലാസ്സ് എഴുതിയവരേക്കാള്‍ കുടുതല്‍ ഹയര്‍ സെക്കന്ററി സീറ്റുകള്‍ ഉണ്ട്. ഗവണ്‍മെന്റ് മേഖലയില്‍തന്നെ മറ്റു ഉപരിപഠന കോഴ്‌സുകളും ഈ ജില്ലകളില്‍ വേറെയുണ്ട്. പ്ലസ് വണ്ണിനു പുറമെ പൊതുമേഖലയിലെ എല്ലാ ഉപരിപഠന സാധ്യതകളും ഉപയോഗപ്പെടുത്തിയാലും മലബാറില്‍ നാൽപ്പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ പുറത്തുതന്നെയായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മതിയായ കുട്ടികളില്ലാത്തതിനാല്‍ 54 ഹയര്‍ സെക്കന്ററി ബാച്ചുകള്‍ 2019 ല്‍ ഒഴിഞ്ഞുകിടക്കുമെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. പത്തനംതിട്ട 11, ആലപ്പുഴ 12, കോട്ടയം 8, ഇടുക്കി 10, എറണാകുളം 12 എന്നിങ്ങനെ ബാച്ചുകളാണ് ഒറ്റ കുട്ടിയുമില്ലാതെ കാലിയായി ഉണ്ടാവുക.

തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ സ്ഥിരമായി മലബാറിലേക്ക് മാറ്റുക, ഇനിയും പ്ലസ് ടു അനുവദിച്ചിട്ടില്ലാത്ത ഈ ജില്ലകളിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക, നിലവിലെ ഹയർ സെക്കന്ററി സ്‌കൂളുകളില്‍ ആവശ്യാനുസരണം അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കുക ,എന്നിവയാണ് മലബാര്‍ മേഖല ഇന്ന് അനുഭവിക്കുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ

തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ സ്ഥിരമായി മലബാറിലേക്ക് മാറ്റുക, ഇനിയും പ്ലസ് ടു അനുവദിച്ചിട്ടില്ലാത്ത ഈ ജില്ലകളിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക, നിലവിലെ ഹയർ സെക്കന്ററി സ്‌കൂളുകളില്‍ ആവശ്യാനുസരണം അഡീഷണല്‍ ബാച്ചുകള്‍ അനുവദിക്കുക ,എന്നിവയാണ് മലബാര്‍ മേഖല ഇന്ന് അനുഭവിക്കുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങൾ.

ഇത് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മലബാര്‍ മേഖലയിലെ വിദ്യാര്‍ഥി സംഘടനകളും കൂട്ടായ്മകളും മാറിമാറി വന്ന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തിയതാണ്. പക്ഷേ, പ്രക്ഷോഭം ശക്തമാകുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ പത്തോ ഇരുപതോ ശതമാനം സീറ്റ് വര്‍ധനവ് പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഓരോ വര്‍ഷവും ഈ നാടകം തുടരുന്നു. ഈ വര്‍ധനവ് മൂലം കാല്‍ലക്ഷം സീറ്റുകള്‍ ആവശ്യമുള്ള മലപ്പുറം ജില്ലക്ക് പോലും ലഭിക്കുക എട്ടായിരത്തോളം സീറ്റുകളാണ്. ഒരു അധ്യയനവര്‍ഷം കഴിഞ്ഞാല്‍ ഈ താല്‍കാലിക വര്‍ധനവിന്റെ പ്രാബല്യം സ്വയം റദ്ദാവുകയും ചെയ്യും. പിറ്റേ വര്‍ഷവും വീണ്ടുമിതേ ഇരുപത് ശതമാനം പ്രഖ്യാപിക്കും. അമ്പത് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമുള്ള ക്ലാസ്സില്‍ അറുപത് കുട്ടികള്‍ വരെ പഠിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് ഇതുവഴിയുണ്ടാകുന്നത്. അത് സൃഷ്ടിക്കുന്ന അക്കാദമിക് പ്രശ്‌നങ്ങള്‍ അനവധിയാണ്.

മലബാറിലെ പുതുതലമുറ ഐക്യകേരള സര്‍ക്കാരുകള്‍ അവരോട് തുടര്‍ന്നുപോരുന്ന അനീതി തിരിച്ചറിഞ്ഞിട്ടുണ്ട്. കേരള വികസനം പരാമര്‍ശിക്കുന്നിടത്തെല്ലാം മലബാര്‍ ഒരു പ്രശ്ന വ്യവഹാരമായി അവര്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. അവരുടെ സംഘടിതമായ പ്രതിഷേധം മലബാറിലെ തെരുവുകളിലും സജീവമാണിന്ന്. അത് തിരിച്ചറിഞ്ഞ് വിദ്യാഭ്യാസ രംഗമടക്കമുള്ള മുഴുവന്‍ മേഖലകളിലേയും മലബാറിനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ തന്നെ മാറിമറിയുന്നതിന് ഭാവിയില്‍ സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വരും.

കഴിഞ്ഞ വര്‍ഷങ്ങളിൽ സീറ്റ്ക്ഷാമം കാരണം പൊതു വിദ്യാലയങ്ങളില്‍ അഡ്മിഷൻ ലഭിക്കാതെ പോയ മലബാറിലെ വിദ്യാര്‍ഥികളുടെ അവസ്ഥയും പരിശോധിക്കേണ്ടതാണ്. റെഗുലര്‍ സ്‌കീമില്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പിന്നീടുള്ള ഏക പഠനമാര്‍ഗം കേരള സര്‍ക്കാരിന്റെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സംവിധാനമായ സ്‌കോള്‍ കേരളയാണ്. കനത്ത ഫീസാണ് ഇവിടെ ഈടാക്കുന്നത്. സ്‌കോള്‍ കേരളയിലെ രജിസ്‌ട്രേഷന്‍ പരിശോധിച്ചാല്‍ ആ സംവിധാനം നിലനില്‍ക്കുന്നത് സീറ്റ്ക്ഷാമം അനുഭവിക്കുന്ന മലബാറിലെ വിദ്യാര്‍ഥികളെ ആശ്രയിച്ചാണെന്ന് കണ്ടെത്താൻ കഴിയും.

കഴിഞ്ഞ വര്‍ഷം സകോള്‍ കേരളയില്‍ 58,895 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 20,180 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരായിരുന്നു. ബാക്കിയുള്ളവയില്‍ തൊണ്ണൂറ് ശതമാനവും മറ്റു മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരുമാണ്. ഈ വര്‍ഷം സകോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതിയവരില്‍ 43.48 ശതമാനം പേരാണ് വിജയിച്ചത്. കനത്ത ഫീസ് നല്‍കി പഠിക്കാന്‍ ശ്രമിച്ചിട്ടും പകുതിയിലധികംപേരും പരാജയപ്പെട്ടൂവെന്നര്‍ഥം. റെഗുലര്‍ സ്‌കീമില്‍ 84.33 ശതമാനം വിജയമുള്ള വര്‍ഷമാണിത്. പരാജയം കുറച്ചുവരിക എന്ന വിദ്യാഭ്യാസ കാഴ്ചപ്പാടും നയവുമൊന്നും പ്രൈവറ്റായി പരീക്ഷയെഴുതിയ മലബാറിലെ ഈ കുട്ടികള്‍ക്ക് ബാധകമെല്ലെന്നര്‍ഥം. ഇവരുടെ പരാജയത്തിന്റെ കാരണമന്വേഷിച്ച് പരിഹാരം നിർദേശിക്കാൻ ഒരു വിദ്യാഭ്യാസ വിചക്ഷകനും കമീഷനും ഉണ്ടാകുന്നില്ല. ആര്‍ക്കും അതില്‍ സങ്കടമോ പ്രയാസമോ ഇല്ല.പല ഉന്നതൻമാർക്കും ഇങ്ങനെയൊരു പ്രൈവറ്റ് സംവിധാനമുള്ളതോ അതിൽ വിദ്യാർഥികൾ പഠിക്കുന്നതുമായ വിവരമോ തന്നെയില്ല. മലബാറിലുള്ളവര്‍ അത്രയൊക്കെ പഠിച്ചാല്‍മതി എന്ന ഭാവമാണ് എല്ലാവര്‍ക്കും.

ബിരുദ ബിരുദാനന്തര മേഖലകളിലും സമാനമായ പ്രതിസന്ധി മലബാറിലുണ്ട്.ഹയർ സെക്കന്ററി പാസാകുന്നവരുടെ പകുതിപോലും സീറ്റ് പോലും ബിരുദതലത്തിൽ മലബാറിലും മലപ്പുറത്തുമില്ല.പുതിയ കോളേജുകളും കോഴ്സുകളും അധിക സീറ്റുകളും ഉന്നത വിദ്യാഭ്യാസ മേഖലയിലും അനുവദിക്കപ്പെടേണ്ടതുണ്ട്. എക്കാലവും എല്ലാവരേയും വിഢികളാക്കാന്‍ കഴിയില്ല. മലബാറിലെ പുതുതലമുറ ഐക്യകേരള സര്‍ക്കാരുകള്‍ അവരോട് തുടര്‍ന്നുപോരുന്ന അനീതി തിരിച്ചറിഞ്ഞിട്ടുണ്ട്. കേരള വികസനം പരാമര്‍ശിക്കുന്നിടത്തെല്ലാം മലബാര്‍ ഒരു പ്രശ്ന വ്യവഹാരമായി അവര്‍ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. അവരുടെ സംഘടിതമായ പ്രതിഷേധം മലബാറിലെ തെരുവുകളിലും സജീവമാണിന്ന്. അത് തിരിച്ചറിഞ്ഞ് വിദ്യാഭ്യാസ രംഗമടക്കമുള്ള മുഴുവന്‍ മേഖലകളിലേയും മലബാറിനോടുള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ തന്നെ മാറിമറിയുന്നതിന് ഭാവിയില്‍ സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വരും.

TAGS :

Next Story