Quantcast

കുഞ്ഞിനെ കൊലക്കു കൊടുത്തതില്‍ സര്‍ക്കാറിനും പങ്കില്ലേ?

ആ പൊത്തുകൾ ഒരു വർഷം കൊണ്ടുണ്ടായതല്ല, പൊടുന്നനെ രൂപപ്പെട്ടതുമല്ല. പെൺകുട്ടിയെ കൊന്നു കളഞ്ഞതിൽ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും ഉത്തരവാദിത്തമുണ്ട്.

MediaOne Logo

  • Published:

    21 Nov 2019 4:34 PM IST

കുഞ്ഞിനെ കൊലക്കു കൊടുത്തതില്‍ സര്‍ക്കാറിനും പങ്കില്ലേ?
X

ക്ലാസ് മുറിയിൽ നിന്നൊരു പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചിട്ടുണ്ട്. പാമ്പ് കടിച്ചെന്ന് പെൺകുട്ടിയും കൂടെയുള്ള വിദ്യാർത്ഥികളും പറഞ്ഞിട്ടും അത് പരിഗണിക്കാതെ അവരെ ആട്ടിയോടിക്കുന്ന അധ്യാപകൻ എത്രമേൽ ശിലാഹൃദയനായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ... പാമ്പ് കടിയേറ്റ പെൺകുട്ടി മുക്കാൽ മണിക്കൂറോളം ഒരു ചികിത്സയും നൽകപ്പെടാതെ വിറച്ചു, കാൽമുഴുവൻ നീലനിറം കയറി തളർന്നുവീഴുന്നത് വരെ നിർന്നിമേഷരായി, ക്രൂരമായി നോക്കി നിൽക്കാൻ കഴിയുന്നവർ എന്ത് തരം വിദ്യയാണ് പകർന്നു നൽകുന്നത് എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.

രണ്ടാമതായി നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെകുറിച്ചാണ്. ഒരു ക്ലാസ് മുറിയിൽ നിരവധി പൊത്തുകൾ, നിലത്തും ചുവരിലും വെളിച്ചം കയറാത്ത മാളങ്ങൾ. വിദ്യാർഥികൾ പാഞ്ഞുനടക്കുന്ന, ദിവസത്തിന്റെ പകുതിയിലേറെയും ചിലവഴിക്കുന്ന ഇടം എങ്ങനെയാണ് ഇഴജന്തുക്കളുടെ സൈ്വര്യവിഹാര കേന്ദ്രമാവുന്നത്? ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പൊതുവിദ്യാലയമാണ്. എങ്ങനെയാണ് ഇങ്ങനെയൊരു വിദ്യാലയം നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നത്? എല്ലാ വർഷവും ഫിറ്റ്‌നസ് നൽകാതെ ഒരു സർക്കാർ സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ലെന്നാണ് ചട്ടം. നിരവധി മാളങ്ങളുള്ള ഈ വിദ്യാലയത്തിന് പ്രവർത്തനാനുമതി നൽകിയതാരാണ്? ആ പൊത്തുകൾ കണ്ടവർക്കറിയാം ഒരു വർഷം കൊണ്ടുണ്ടായതല്ല, പൊടുന്നനെ രൂപപ്പെട്ടതുമല്ല. പെൺകുട്ടിയെ കൊന്നു കളഞ്ഞതിൽ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും ഉത്തരവാദിത്തമുണ്ട്.

മറ്റൊന്ന് പെൺകുട്ടി ഒരു മണിക്കൂറോളം പ്രാഥമിക ചികിത്സ ലഭിക്കാതെയാണ് മരണപ്പെട്ടത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രാഥമിക ചികിത്സാസംവിധാനങ്ങൾ നിർബന്ധമാണ്. ഇല്ലാത്തവക്ക് പ്രവർത്തനാനുമതി നൽകാൻ ആവില്ല. സ്‌കൂളിൽ അത്തരം സംവിധാനങ്ങൾ ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കേണ്ടതുണ്ട്.

നമ്മുടെ കേളികേട്ട പൊതുവിദ്യാഭ്യാസ സംവിധാനം ഒരു കുഞ്ഞിനെ കൂടെ കൊലക്ക് കൊടുത്തിരിക്കുന്നു. ഒരു അദ്ധ്യാപകനെ സസ്പെൻഡ് ചെയ്ത് കൈകഴുകാൻ ശ്രമിക്കുകയാണിപ്പോൾ സർക്കാർ...

Next Story